ഇവിടെ ശൈത്യം മനോഹരം; ടൂറിസം കാമ്പയിന് തുടക്കം
text_fieldsദുബൈ: ലോകത്താകമാനമുള്ള വിനോദസഞ്ചാരികളെ തണുപ്പുകാലം ആസ്വദിക്കാൻ യു.എ.ഇയിലേക്ക് സ്വാഗതംചെയ്ത് ശൈത്യകാല ടൂറിസം കാമ്പയിന് തുടക്കമായി.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് 'ലോകത്തെ ഏറ്റവും മനോഹരമായ ശൈത്യകാലം' എന്ന തലക്കെട്ടിലെ കാമ്പയിൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
അജ്മാനിലെ അൽ സുഹ്റ നാചുറൽ റിസർവിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ചടങ്ങുകൾ നടന്നത്.
'നമ്മുടെ പൈതൃകം' എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ കാമ്പയിൻ നടക്കുക.
വെള്ളമണലും ചെങ്കോട്ടയും മസ്ഫൂത്ത് പർവതനിരകളും അൽ മനാമ താഴ്വരകളും നിറഞ്ഞ അജ്മാനാണ് ഈ വർഷത്തെ ശൈത്യകാല കാമ്പയിനിന്റെ ആരംഭസ്ഥാനമെന്ന് ചടങ്ങിലെ ചിത്രങ്ങൾ പങ്കുവെച്ച് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
ശൈഖ് ഹുമൈദ് ബിൻ റാശിദിന്റെ മേൽനോട്ടത്തിൽ വിനോദസഞ്ചാരവും സാമ്പത്തികവും നിർമാണപരവുമായ മേഖലകളിൽ അജ്മാൻ മുന്നേറുകയാണെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
യു.എ.ഇയുടെ സൗന്ദര്യം, ഗ്രാമങ്ങൾ, താഴ്വരകൾ, പർവതങ്ങൾ, കരയുടെയും കടലിന്റെയും മഹത്ത്വം എന്നിവ ഉയർത്തിക്കാട്ടുകയാണ് കാമ്പയിനിന്റെ ലക്ഷ്യമെന്നും ഇമാറാത്തി ജനതയുടെ മൂല്യങ്ങളാണ് ഇതിൽ പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
2021ൽ യു.എ.ഇ ആഭ്യന്തര വിനോദസഞ്ചാരത്തിൽ 36 ശതമാനം വളർച്ച കൈവരിച്ചതിൽ ശൈത്യകാല ടൂറിസത്തിന് വലിയ പങ്കുണ്ട്. 13 ലക്ഷം ആഭ്യന്തര ടൂറിസ്റ്റുകളാണ് വിവിധ എമിറേറ്റുകളിലായി കഴിഞ്ഞവർഷം എത്തിച്ചേർന്നത്.
അജ്മാനിലെ മന്ത്രിസഭായോഗത്തിൽ സാമ്പത്തിക ടെക്നോളജി, ടൂറിസം, ഉൽപാദനം, പുനരുപയോഗ ഊർജം തുടങ്ങിയ സുപ്രധാന മേഖലകളിലെ നിക്ഷേപത്തിന് സംയോജിത ദേശീയ പ്ലാറ്റ്ഫോമിന് അംഗീകാരം നൽകിയിട്ടുണ്ട്. സാമ്പത്തിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോം നിക്ഷേപകർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കും. കാർബൺ പുറന്തള്ളലും പ്രകൃതിവിഭവങ്ങളുടെ ഉപയോഗവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ റോഡുകൾ, കെട്ടിടങ്ങൾ, ഭവനങ്ങൾ എന്നിവയുടെ നിർമാണത്തിന് സുസ്ഥിരത മാനദണ്ഡങ്ങൾ ഉപയോഗപ്പെടുത്താൻ നിർദേശിക്കുന്ന ദേശീയ നിർമാണ ചട്ടവും മന്ത്രിസഭ അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.