പ്രതീക്ഷയോടെ വിനോദസഞ്ചാര ദിനം; സഞ്ചാരികളെ കാത്ത് ഈ മനോഹര നാട്
text_fieldsകൊച്ചി: മഞ്ഞും മഴയും കായലും വീണ്ടും സഞ്ചാരികളെ മാടിവിളിക്കുകയാണ് കേരളത്തിലേക്ക്. കോവിഡ് വീഴ്ത്തിയ സാമ്പത്തിക കരിനിഴലുകൾ മായ്ക്കുന്നതിന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് റിസോർട്ടുകളും ഹൗസ്ബോട്ടുകളും തുടങ്ങി വഴിയോര വിൽപനക്കാർ വരെ. വിദേശ സഞ്ചാരികൾ എത്തുന്നതിൽ ഇനിയും അനിശ്ചിതത്വം നിലനിൽക്കുേമ്പാൾ ഇക്കുറി മലയാള നാട് കാത്തിരിക്കുന്നത് ആഭ്യന്തര സഞ്ചാരികളെയാണ്. ലോക്ഡൗൺ ഇളവുകൾ വന്നതോടൊപ്പം വീണ്ടും കടലോരങ്ങളിലും താഴ്വാരങ്ങളിലും ഇവരുടെ കാൽപാടുകൾ പതിഞ്ഞുതുടങ്ങി.
വിനോദസഞ്ചാര മേഖലക്ക് ഉണർത്തുപാട്ടുമായി ഇക്കുറി ആദ്യമെത്തിയത് മുംബൈയിൽനിന്ന് 1200 യാത്രികരെയും വഹിച്ച് കൊച്ചി തീരത്ത് ഒരുപകൽ നങ്കൂരമിട്ട കോർഡിലിയ ആഡംബര കപ്പലാണ്. മുംെബെയിൽനിന്ന് ലക്ഷദ്വീപിലേക്ക് യാത്ര തിരിച്ച നൗകയിലെ 399 ആഭ്യന്തര വിനോദ സഞ്ചാരികൾ കൊച്ചിയിൽ ഇറങ്ങി. ഇതിൽ 217 പേർ കേരളത്തിലെ വിവിധ ടൂറിസ്റ്റ് സ്പോട്ടുകളിലേക്കാണ് യാത്ര തിരിച്ചത്. ഇനിയുള്ള മാസങ്ങളിൽ രണ്ടുവീതവും സഞ്ചാരികളുടെ എണ്ണം ഏറിയാൽ ആഴ്ചയിൽ ഒന്നുവീതവും സർവിസ് കേരളത്തിലേക്ക് നടത്താനാണ് കോർഡിലിയ ക്രൂയിസിെൻറ പദ്ധതി. സെപ്റ്റംബർ മുതൽ ഡിസംബർ വരെ കാലയളവിലാണ് കൂടുതൽ സഞ്ചാരികൾ കേരളത്തെ തേടിയെത്തുന്നത്.
കോവിഡിന് മുമ്പ് 2019ൽ 11.89 ലക്ഷം വിദേശ വിനോദസഞ്ചാരികൾ എത്തിയിരുന്നു. 1.83 കോടി ആഭ്യന്തര സഞ്ചാരികളും ഇതേ വർഷം മലയാള നാട് ആസ്വദിച്ച് മടങ്ങി. കൂടുതൽ പേരും എത്തിയത് ഡിസംബറിൽ തന്നെ. സഞ്ചാരികൾ കൂടുതലും എത്തുന്നത് എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലേക്കാണ്. 2019ൽ 5.22 ലക്ഷം വിദേശ സഞ്ചാരികളെയും 40.60 ലക്ഷം ആഭ്യന്തര സഞ്ചാരികളെയും സ്വീകരിച്ച് എറണാകുളമാണ് മുന്നിൽ. എന്നാൽ, സഞ്ചാരികളുടെ വരവ് അതിന് മുമ്പത്തെ വർഷത്തെക്കാൾ കൂടുതൽ വളർന്നത് ഇടുക്കിയിലാണ്. 44.76 ശതമാനം കൂടുതൽ സഞ്ചാരികളാണ് ഇടുക്കിയുടെ തണുപ്പ് തേടി വന്നത്. വിദേശ സഞ്ചാരികളിൽനിന്ന് 2019ൽ 10,271 കോടി രൂപയുടെ വിദേശ നാണ്യം കേരളം നേടി. ആഭ്യന്തര സഞ്ചാരികളിൽനിന്ന് 45,010 കോടി രൂപയുടെ വരുമാനവും. സഞ്ചാരികൾ എത്തിയാൽ സാമ്പത്തിക മാന്ദ്യത്തിനും അറുതിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.