ടൂറിസം വികസനം; അൽഉല റോയൽ കമീഷനും റെഡ് സീ ഗ്ലോബൽ കമ്പനിയും കരാറിൽ ഒപ്പിട്ടു
text_fieldsയാംബു: സൗദി അറേബ്യയുടെ പരിസ്ഥിതിയും സാംസ്കാരിക പൈതൃകവും നിലനിർത്തി ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ട് അൽഉല ഗവർണറേറ്റ് റോയൽ കമീഷനും റെഡ് സീ ഗ്ലോബൽ കമ്പനിയും കരാറിൽ ഒപ്പിട്ടു.
അൽഉല റോയൽ കമീഷൻ സി.ഇ.ഒ അംറ് അൽ മദനിയും റെഡ് സീ ഗ്ലോബൽ കമ്പനി സി.ഇ.ഒ ജോൺ പഗാനോയും ചേർന്നാണ് കഴിഞ്ഞ ദിവസം കരാറിൽ ഒപ്പിട്ടത്. രാജ്യത്തെ സമ്പൂർണ വികസന പദ്ധതിയായ ‘സൗദി വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്കും അഭിലാഷങ്ങൾക്കും അനുസൃതമായി ടൂറിസം മേഖലയിൽ വൈദഗ്ധ്യവും ആശയങ്ങളും കൈമാറുന്നതിനുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും കരാറിൽ ധാരണയായി.
രാജ്യത്തെ വിനോദസഞ്ചാരികൾക്കും നിക്ഷേപകർക്കും വേണ്ടിയുള്ള ലോകത്തെ മുൻനിര ആകർഷണങ്ങളിലൊന്നായി പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന് റെഡ് സീ ഗ്ലോബലുമായുള്ള സഹകരണം ഏറെ ഫലം ചെയ്യുമെന്ന് വിലയിരുത്തുന്നു.
ദേശീയ സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിന് സംഭാവന ചെയ്യുന്ന ടൂറിസം മേഖല വികസിപ്പിക്കാനും വർഷം മുഴുവനും വിനോദസഞ്ചാര കേന്ദ്രങ്ങൾ സജീവമായി കൊണ്ടുനടത്താനും അതുവഴി നേട്ടങ്ങൾ കൈവരിക്കാനും പരസ്പരം സഹകരണം വഴി സാധിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
കോടികൾ ചെലവ് വരുന്ന ചെങ്കടൽ പദ്ധതി പൂർത്തിയാകുന്നതോടെ ചെങ്കടൽ തീരത്ത് നടപ്പാക്കാൻ പോകുന്ന വലിയ ടൂറിസം പദ്ധതി എന്നതിന് പുറമെ ലോകത്തിലെ തന്നെ വലിയ ടൂറിസം പദ്ധതിയായി ഇത് മാറും. ചെങ്കടൽ തീരത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യവും സാംസ്കാരിക പൈതൃകവും ഉയർന്ന നിലവാരമുള്ള ‘ഹോസ്പിറ്റാലിറ്റി’ സേവനങ്ങളും സൗകര്യങ്ങളും സംയോജിപ്പിച്ച് റെഡ് സീ ഗ്ലോബൽ ചെങ്കടലിനോട് ചേർന്ന് സുസ്ഥിരമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതും വൻ മുന്നേറ്റമുണ്ടാക്കും.
ചരിത്രം, പൈതൃകം, കല, സംസ്കാരം, കായികം എന്നിവ പ്രദർശിപ്പിക്കുന്ന ഒരു ആഗോള ലക്ഷ്യസ്ഥാനമായി അൽഉലയെ മാറ്റുകയാണ് ലക്ഷ്യമിടുന്നത്.ജീവിക്കാനും ജോലി ചെയ്യാനുമുള്ള സ്ഥലമായി പ്രവിശ്യയെ വികസിപ്പിക്കാനും ഇതുവഴി സാധ്യമാകുമെന്നും അധികൃതർ കണക്കുകൂട്ടുന്നു.
അൽഉല റോയൽ കമീഷനും റെഡ് സീ ഗ്ലോബൽ കമ്പനിയും തമ്മിലുള്ള സഹകരണം രാജ്യത്തെ ടൂറിസം മേഖലയിൽ വൻ മുന്നേറ്റത്തിനു വഴിവെക്കുമെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ആർ.സി.യു സി.ഇ.ഒ അംറ് അൽ മദനിയും റെഡ് സീ ഗ്ലോബൽ കമ്പനി സി.ഇ.ഒ ജോൺ പഗാനോയും ചേർന്നാണ് അൽഉലയിൽ കരാർ ഒപ്പിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.