അതിരപ്പിള്ളിയിൽ ടൂറിസം വികസനം ബി.ഒ.ടി വ്യവസ്ഥയിൽ യാഥാർഥ്യമാക്കണം
text_fieldsചാലക്കുടി: അതിരപ്പിള്ളി, പറമ്പിക്കുളം, ചാലക്കുടി മേഖലയിലെ ടൂറിസം വികസന സാധ്യതകൾ ബി.ഒ.ടി വ്യവസ്ഥയിൽ സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാതെ പ്രയോഗികമാക്കണമെന്ന് ആവശ്യം. ദേശീയപാതയിൽനിന്ന് കേവലം 30 കിലോമീറ്റർ മാത്രം പിന്നിട്ടാൽ വിനോദസഞ്ചാരികൾക്ക് സുരക്ഷിത വനമേഖല സന്ദർശിക്കാനാവുമെന്നതാണ് പ്രധാന സൗകര്യം.
കൂടാതെ 100 കിലോമീറ്റർ ചുറ്റളവിലുള്ള പറമ്പിക്കുളം, തൂണക്കടവ്, പെരുവാരി പള്ളം, പെരിങ്ങൽക്കുത്ത്, തുമ്പൂർമുഴി, ഷോളയാർ, അപ്പർ ഷോളയാർ തുടങ്ങിയ പദ്ധതി പ്രദേശത്തേക്ക് എത്താം. നെടുമ്പാശേരി വിമാനത്താവളം, ചാലക്കുടി, അങ്കമാലി റയിൽവേ സ്റ്റേഷൻ, ദേശീയപാത തുടങ്ങിയ യാത്രാസൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കും. ഈ സാധ്യതകൾ പ്രയോജനപ്പെടുത്തി അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയുടെ സാധ്യതകൾ പുനർവിചിന്തനം ചെയ്യണമെന്നാണ് ആവശ്യം.
ഇതിനായി വെള്ളച്ചാട്ടങ്ങളുടെ പരിസരം നവീകരിക്കാൻ ദേശത്തെ പ്രമുഖരെ ഉൾപ്പെടുത്തി ആദ്യം ഒരു ഉന്നതതല സമിതി രൂപവത്കരിക്കേണ്ടതുണ്ട്. നിർദ്ദിഷ്ട തേക്കടി-ചെമ്മണാമ്പതി റോഡുമായി വാഴച്ചാൽ-പറമ്പിക്കുളം റോഡിനെ അറ്റകുറ്റപ്പണി ചെയ്ത് ബന്ധിപ്പിക്കണമെന്നതാണ് മറ്റൊരു ആവശ്യം. സഞ്ചാരികളെ ആകർഷിക്കാൻ വനമേഖലയിൽ ചാലക്കുടി പുഴയ്ക്കു കുറുകേ റോപ് വേ നിർമിക്കണം.
ചാലക്കുടി മുതൽ പെരിങ്ങൽക്കുത്ത് വരെ പുഴയോരത്ത് പുതിയ റോഡ് നിർമിക്കണം. പീക്കോക്ക് പാർക്ക്, ഡിയർ പാർക്ക്, വാക്സ് മ്യൂസിയം, മ്യൂസിക്കൽ ഫൗണ്ടെയ്ൻ, അമ്യൂസ്മെൻറ് പാർക്ക് എന്നിവ ആവശ്യമാണ്. അതുപോലെ വാഴച്ചാൽ മേഖലയിൽ കൂടുതൽ സൗകര്യമൊരുക്കണം. പെരിങ്ങൽകുത്തിൽ ഉദ്യാനമടക്കം സൗകര്യങ്ങളൊരുക്കണം.
അതിരപ്പിള്ളി വിനോദ സഞ്ചാരമേഖലയിലെ പ്രധാന പ്രശ്നം ഗതാഗതക്കുരുക്കാണ്. ഇത് പരിഹരിക്കാൻ കാഞ്ഞിരപ്പിള്ളിയിൽ വിശാലമായ പാർക്കിങ് സൗകര്യമൊരുക്കണം. റൂട്ടിൽ വിനോദസഞ്ചാര വകുപ്പിന്റെ ഷട്ടിൽ സർവിസ് മാത്രം അനുവദിക്കണം.
ഇതു സംബന്ധിച്ച നിർദേശങ്ങളടങ്ങുന്ന ചാലക്കുടി-അതിരപ്പള്ളി-പറമ്പിക്കുളം ടൂറിസം വികസന കരട് പദ്ധതിയുടെ രൂപരേഖ അഡ്വ.സജി റാഫേൽ, സി.പി. പോൾ ചുങ്കത്ത്, പി.ഐ. ജോസ് പാണാടൻ, ഡേവിസ് പള്ളിപ്പാട്ട് എന്നിവർ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.