ചിറക് മുളച്ച് ചെറുപുഴയുടെ വിനോദസഞ്ചാര സ്വപ്നങ്ങൾ
text_fieldsചെറുപുഴ: കാര്യങ്കോട് പുഴയുടെ തീരങ്ങളെ ബന്ധിച്ച് ചെറുപുഴ പഞ്ചായത്തില്‍ വിനോദസഞ്ചാര സൗകര്യം ഒരുക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥ സംഘം ചെറുപുഴയില്‍ സന്ദര്‍ശനം നടത്തി.
ടി.ഐ. മധുസൂദനന്‍ എം.എല്‍.എയുടെ നിർദേശപ്രകാരമാണ് ടൂറിസം കണ്ണൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി. മനോജിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച ചെറുപുഴ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടര്‍, സ്ഥിരം സമിതി ചെയര്‍മാന്‍ കെ.കെ. ജോയി എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ സ്വീകരിച്ചു.
കാര്യങ്കോട് പുഴയില്‍ വൈറ്റ് വാട്ടര്‍ റാഫ്റ്റിങ് നടത്തുന്ന കോഴിച്ചാല്‍ മുതല്‍ പുളിങ്ങോം വരെയുള്ള ഭാഗങ്ങളിലും ചെറുപുഴ പുതിയപാലത്തിന് സമീപം സാഹസിക പാര്‍ക്കിനായി പരിഗണിച്ച പ്രദേശവും കമ്പിപ്പാലവും ചെക്ക് ഡാം പരിസരത്ത് പുതുതായി നിര്‍മിച്ച കുട്ടികളുടെ പാര്‍ക്കും സംഘം സന്ദര്‍ശിച്ചു.
ചെറുപുഴ ടൗണിനോട് ചേര്‍ന്ന ചെക്ക് ഡാമും കമ്പിപ്പാലവും പുഴ പുറമ്പോക്കും ഉള്‍പ്പെടുത്തി സാഹസിക പാര്‍ക്കും പഞ്ചായത്തിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയുള്ള ടൂര്‍ പാക്കേജും ഉള്‍പ്പെടുത്തിയുള്ള വിപുല പദ്ധതികളെക്കുറിച്ച് 2013 മുതല്‍ വിവിധതലത്തില്‍ ആലോചനകള്‍ നടന്നിരുന്നു. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഭാരവാഹികള്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അനുയോജ്യമെന്നു വിലയിരുത്തുകയും ചെയ്തു.
എന്നാല്‍, മാറിമാറിവന്ന പഞ്ചായത്ത് ഭരണസമിതികള്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകാതിരുന്നതിനാല്‍ പദ്ധതികളെല്ലാം കടലാസിലൊതുങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.