ചന്ദനം മണക്കുന്ന മറയൂർ
text_fieldsമറയൂർ: മൂന്നാറിൽ എത്തുന്നവർ തീർച്ചയായും മറയൂരിന്റെ സൗന്ദര്യത്തിലേക്കും യാത്ര തിരിക്കും. നാലുവശവും മലകളാൽ ചുറ്റപ്പെട്ട മറയൂർ. മഴ അധികം പെയ്യാത്ത എന്നാൽ, തണുപ്പുള്ള മലയോരം. കരിമ്പിൻപാടങ്ങളും കരിനീലമലകളും തട്ടുതട്ടായ കൃഷിയിടവും ചന്ദനക്കാടുകളുമാണ് മറയൂരിന്റെ ആകർഷണം.
സഞ്ചാരികളുടെ കണ്ണിന് കുളിർമയേകി പൂവിട്ടുനിൽക്കുന്ന സ്പാത്തോഡിയ മരങ്ങൾ മതി മനം നിറക്കാൻ. പാതയുടെ ഇരുവശവും ചുവന്ന കുട ചൂടി നിൽക്കുകയാണ് സ്പാത്തോഡിയ എന്ന ഫൗണ്ടൻ മരം. തേയിലത്തോട്ടങ്ങളുടെ നടുവിൽ പച്ചപ്പിന്റെ പശ്ചാത്തലത്തിൽ കടുംചുവപ്പ് നിറത്തിൽ പൂവിട്ടിരിക്കുന്ന ഇവ വിസ്മയക്കാഴ്ചയാണ്.
മൂന്നാറിൽനിന്ന് 40 കിലോമീറ്റർ ദൂരത്ത് തമിഴ്നാട് അതിർത്തിയോട് അടുത്തുമുള്ള മറയൂർ വിനോദസഞ്ചാരികളുടെയും ട്രക്കിങ്ങുകളുടെയും പ്രിയപ്പെട്ട ഇടവുമാണ്. ആനമുടി മലനിരകളിൽനിന്ന് കരകവിഞ്ഞൊഴുകുന്ന പമ്പാനദിയുടെ മനോഹാരിത മറയൂരിന്റെ മനോഹാരിതയാണ്. പ്രകൃതിദത്തമായ ചന്ദനക്കാടുള്ള കേരളത്തിലെ ഏക പ്രദേശമാണ് മറയൂർ. 1500 ഏക്കറിൽ പരന്നുകിടക്കുന്ന കരിമ്പ് തോട്ടങ്ങളാണ് മറയൂരിന്റെ മറ്റൊരു വശ്യത. മഴനിഴൽ പ്രദേശമായതിനാൽ കാലാവസ്ഥ കരിമ്പിന് അനുയോജ്യമാണ്. 97 ശതമാനം പഞ്ചസാരയുടെ അംശമുള്ളതാണ് മറയൂർ ശർക്കര. ചരിത്രത്താലും പുരാണങ്ങളാലും സമ്പന്നവുമാണ് മറയൂർ. 2000 വർഷം പഴക്കമുള്ള മെഗാലിത്തിക് ശവകുടീരങ്ങളും ഡോൾമെനുകളും ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. പ്രകൃതിദത്ത ചായങ്ങൾ ഉപയോഗിച്ചും മഹാഭാരതത്തിലെയും രാമായണത്തിലെയും ഇതിഹാസങ്ങൾ ചിത്രീകരിക്കുന്ന പുരാതന പാറയുടെയും ഗുഹാചിത്രങ്ങളുടെയും സാന്നിധ്യം സന്ദർശകരെ ആകർഷിക്കുന്നു.
ചന്ദനക്കാടുകള്‍
മറയൂരിൽ ഏകദേശം 65,000 ചന്ദനമരങ്ങളുണ്ട്. വനം വകുപ്പിൽനിന്ന് അനുമതി നേടിയ ശേഷം കാട്ടിൽ ചുറ്റിക്കറങ്ങാനും ചന്ദന സംസ്കരണം കാണാനുമെല്ലാം അവസരമുണ്ട്. കൂടാതെ, ശുദ്ധമായ ചന്ദനത്തൈലവും കരകൗശല വസ്തുക്കളുമെല്ലാം വാങ്ങാം. വനം വകുപ്പിന്റെ സംരക്ഷണത്തിലാണ് മരങ്ങൾ. ചന്ദനക്കാടുകൾ സന്ദർശിക്കണമെങ്കിൽ വനംവകുപ്പിന്റെ അനുമതി വേണം. ചന്ദന ഫാക്ടറിയും ഇവിടെയുണ്ട്.
ചിന്നാര്‍ വന്യജീവി സങ്കേതം
മറയൂർ ബസ്സ്റ്റാൻഡിൽനിന്ന് 12 കിലോമീറ്റര്‍ അകലെ മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന ചിന്നാര്‍ വന്യജീവി സങ്കേതം സന്ദര്‍ശിക്കേണ്ട ഇടമെന്നതില് സംശയമില്ല. രാജ്യത്ത് നക്ഷത്ര ആമയുടെ ഏക പുനരധിവാസ കേന്ദ്രമായ ഈ വന്യജീവി സങ്കേതത്തിനുള്ളില്‍ ആയിരത്തിലധികം ഇനം പൂച്ചെടികൾ, 34 ഇനം സസ്തനികൾ, 36 ഇനം ഉരഗങ്ങൾ, 22 ഇനം ഉഭയജീവികൾ, 42 ഇനം മത്സ്യങ്ങൾ എന്നിവയുണ്ട്.
ആന, പാന്തർ, പുള്ളിമാൻ, കുരങ്ങൻ, ഗ്രിസ്ല്ഡ് ജയന്റ് അണ്ണാൻ തുടങ്ങിയവയും പ്രത്യേകയിനം ബുള്‍ബുളുകള്‍ എന്നിവ ഇക്കൂട്ടത്തിൽപെടുന്നു. ഔഷധസസ്യങ്ങളുടെ കലവറ എന്ന നിലയിലും പ്രസിദ്ധമാണിവിടം.
വനം വകുപ്പും പ്രാദേശിക ആദിവാസി സമൂഹങ്ങളുടെ പരിസ്ഥിതി വികസന സമിതികളും സംയുക്തമായി സംഘടിപ്പിക്കുന്ന ഇക്കോ ടൂറിസത്തിന് പേരുകേട്ടിടവുമാണ് ചിന്നാർ. കാട്ടിലൂടെ ട്രക്കിങ്ങിന് സൗകര്യമുള്ളതിന് പുറമെ സന്ദർശകർക്ക് എല്ലാ ദിവസവും രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ എലിഫന്റ് സഫാരിയും ഹണ്ടർ ജീപ്പ് സഫാരികളും ഇതിനുള്ളിലുണ്ട്.
മുനിയറകള്‍
കോവികടവ് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ചരിത്രാതീത ശ്മശാന അറകളാണ് മുനിയറകള്‍. കേരളത്തിലെ പ്രശസ്തമായ പൈതൃക കേന്ദ്രങ്ങളില്‍ ഒന്നാണ് ഇവ. കാന്തല്ലൂർ, മറയൂർ, ചിന്നാർ എന്നിവിടങ്ങളിലായി 2500ലധികം മുനിയറകളുണ്ട്. സഞ്ചാരികളെ നിരാശപ്പെടുത്താതെ നിരവധി കാഴ്ചകൾ മറയൂരിലുണ്ട്. മറയൂർ ബസ്സ്റ്റാൻഡിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെയാണിത്.
മറയൂരിൽനിന്ന് ഏകദേശം 32 കിലോമീറ്റർ അകലെ കാന്തല്ലൂർ നല്ലകാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാവുന്ന മറ്റൊരു ഇടമാണ്. അവിടെ ഓറഞ്ചും ആപ്പിളും കായ്ക്കുന്ന തോട്ടങ്ങളുണ്ട്. പാഷൻ ഫ്രൂട്സും കാബേജും വെളുത്തുള്ളിയും വിളയുന്ന പാടങ്ങളും.
തൂവാനം വെള്ളച്ചാട്ടം
മറയൂരിൽനിന്ന് എട്ടു കിലോമീറ്റര്‍ അകലെ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടമാണ് തൂവാനം. പാമ്പാര്‍ നദിയില്‍നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. പ്രശസ്തമായ ട്രക്കിങ് റൂട്ട് കൂടിയാണിത്. വന്യമൃഗങ്ങളെ കണ്ടുകൊണ്ട് കാട്ടിലൂടെ നടക്കാനാകും. പാമ്പാറില്‍ മുങ്ങി നിവരാം. നഗരത്തിരക്കുകളില്‍നിന്ന് ഒളിച്ചോടി എത്തുന്നവര്‍ക്ക് ഏറെ ആശ്വാസവുമായിരിക്കും ഈ യാത്ര.
ലക്കം വെള്ളച്ചാട്ടം
മൂന്നാറിൽനിന്ന് മറയൂരിലേക്കുള്ള വഴിയിലാണ് ലക്കം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മൂന്നാറിൽനിന്ന് 24 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ഇരവികുളം വന്യജീവി വകുപ്പിന്റെ കീഴിലുള്ള ലക്കം വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ രാവിലെ ഒമ്പതു മുതൽ അഞ്ചുവരെയാണ് സമയം. സഞ്ചാരികള്‍ക്ക് ട്രക്കിങ്ങിനും അവസരമുണ്ട്. അടുത്തുള്ള മനോഹരമായ വാഗുവരൈ താഴ്വരയും സന്ദര്‍ശിക്കാം. സഞ്ചാരികള്‍ക്ക് താമസത്തിനും ഇവിടെ സൗകര്യമുണ്ട്. ലക്കം പുഴക്കരികിലെ വനംവകുപ്പിന്റെ ലോഗ് ഹൗസില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.