അറക്കുളത്തെ ടൂറിസം സാധ്യത; പഞ്ചായത്തിൽ ടൂറിസം ഗ്രാമസഭ ഇന്ന്
text_fieldsമൂലമറ്റം: ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി മൂലമറ്റത്തിനും വളരണമെന്ന് ആഗ്രഹവുമായി ടൂറിസം ഗ്രാമസഭ ചേരുന്നു. ശനിയാഴ്ച ഉച്ചക്ക് 12നാണ് പഞ്ചായത്ത് ഹാളിൽ ഗ്രാമസഭ ചേരുക.
അറക്കുളം പഞ്ചായത്ത് പരിധിയിൽ ടൂറിസം പദ്ധതിക്ക് അനന്തസാധ്യതകളാണ് ഉള്ളത്. എന്നാൽ, അവ പ്രയോജനപ്പെടുത്താനാകുന്നില്ല.
ത്രിവേണി സംഗമം, നാടുകാണി പവിലിയൻ, വടക്കേപ്പുഴ പദ്ധതി, ചക്കിക്കാക്കാനം-ഉറുമ്പുള്ള്-കപ്പക്കാനം ട്രക്കിങ്, നല്ലതണ്ണി-ഉപ്പുകുന്ന്-തുമ്പിച്ചി വ്യൂ പോയന്റുകൾ തുടങ്ങിയ അനവധി സാധ്യതകളാണ് അറക്കുളം പഞ്ചായത്തിൽ ഉള്ളത്. വിനോദസഞ്ചാര വികസനത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് ഡെസ്റ്റിനേഷൻ ചലഞ്ച്.
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപന പരിധികളിലും ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെ പങ്കാളിത്തത്തോടെ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി പഞ്ചായത്തുകളോട് തങ്ങളുടെ പരിധിയിൽ നടപ്പാക്കാൻ കഴിയുന്ന ടൂറിസം പദ്ധതിയുടെ ലിസ്റ്റും പ്രോജക്ട് റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, അറക്കുളം പഞ്ചായത്ത് അങ്ങനെ ഒരു റിപ്പോർട്ട് നൽകാൻപോലും തയാറായില്ലെന്ന് നാട്ടുകാർ പറയുന്നു. പരമാവധി 50 ലക്ഷം എന്ന വ്യവസ്ഥയിൽ പദ്ധതി ചെലവിന്റെ 60 ശതമാനം വിനോദസഞ്ചാര വകുപ്പ് അനുവദിക്കും. 40 ശതമാനം തദ്ദേശ സ്ഥാപനം കണ്ടത്തണം. ഇതിന് പഞ്ചായത്തുകൾക്ക് എം.എൽ.എ, എം.പി ഫണ്ടുകളെയോ മറ്റ് ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെയോ ആശ്രയിക്കാം.
ഒരുകോടി വരെയുള്ള പദ്ധതി നിർദേശങ്ങൾക്ക് വിനോദസഞ്ചാര വകുപ്പ് നേരിട്ട് അനുമതി നൽകും. അതിന് മുകളിൽ വരുന്ന പദ്ധതിക്ക് സർക്കാർ അനുമതി ആവശ്യമാണ്. ഗ്രാമസഭയിൽ ഇതെല്ലാം ചർച്ച ചെയ്ത് ടൂറിസം മാപ്പിൽ അറക്കുളത്തെയും ചേർക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.