ടൂറിസം ഗുണനിലവാര പരിശോധന; ലൈസൻസില്ലാത്ത 250 ടൂറിസ്റ്റ് താമസകേന്ദ്രങ്ങൾ അടച്ചുപൂട്ടി
text_fieldsയാംബു: സൗദി അറേബ്യയിൽ ടൂറിസം സൗകര്യങ്ങളുടെ ഗുണനിലവാരം ഉയർത്താൻ കർശന നടപടിയുമായി ടൂറിസം മന്ത്രാലയം. ‘ഞങ്ങളുടെ അതിഥികൾക്ക് മുൻഗണന’ ശീർഷകത്തിലുള്ള കാമ്പയിനിന്റെ ഭാഗമായി രാജ്യത്തെ വിനോദസഞ്ചാരികളുടെ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളിൽ പരിശോധന തുടരുകയാണ്.
ഇതിനകം നടന്ന 9,260ലധികം പരിശോധനകളിൽ അനധികൃതമായും മാർഗനിർദേശങ്ങൾ ലംഘിച്ചും പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ കണ്ടെത്തി. വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനകളിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച 250 ടൂറിസം ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ മന്ത്രാലയം അടച്ചുപൂട്ടി.
ടൂറിസം നിയമത്തിനും പുതുതായി പുറപ്പെടുവിച്ച ചട്ടങ്ങൾക്കും അനുസൃതമായി ഈ മേഖലയിലെ ഓപറേറ്റർമാർക്ക് അവരുടെ സ്റ്റാറ്റസ് ശരിയാക്കാൻ മന്ത്രാലയം മൂന്നു മാസത്തെ ഗ്രേസ് പീരിയഡ് അനുവദിച്ചു. രാജ്യത്തെത്തുന്ന സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കുമുള്ള അനുഭവത്തെ ക്രിയാത്മകമായി പ്രതിഫലിപ്പിക്കുകയും അവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന തരത്തിൽ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുകയാണ് ലക്ഷ്യം.
മന്ത്രാലയം നിർദേശിക്കുന്ന വ്യവസ്ഥകൾ ശരിയാക്കി ആവശ്യമായ ലൈസൻസുകൾ ലഭ്യമാകുന്നതുവരെ അടച്ചുപൂട്ടിയവ തുറക്കാനാവില്ല. ലൈസൻസുള്ള സ്ഥാപനങ്ങൾ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ നിരീക്ഷണം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വിനോദസഞ്ചാര മേഖലയിലേക്ക് തദ്ദേശീയ, വിദേശ നിക്ഷേപം ആകർഷിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം സേവനങ്ങൾ വികസിപ്പിക്കുന്നതിനും അവയുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും കൂടി അധികൃതർ ലക്ഷ്യംവെക്കുന്നു.
സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ ‘വിഷൻ 2030’ ലക്ഷ്യങ്ങളിൽ ഒന്നായ സുസ്ഥിര ടൂറിസം മേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കരണങ്ങളുമായി മന്ത്രാലയം നടപടികൾക്കൊരുങ്ങുന്നത്. 2030ഓടെ രാജ്യത്തേക്ക് 15 കോടി വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി വിവിധ പദ്ധതികൾ നടപ്പാക്കിവരുകയാണ്.
എല്ലാ ടൂറിസം സേവനദാതാക്കളും സേവനങ്ങളുടെ ഗുണനിലവാരത്തിന് നിശ്ചയിക്കപ്പെട്ട മാർഗനിർദേശങ്ങളും നിയമങ്ങളും പാലിക്കേണ്ടതും വിനോദ സഞ്ചാരികളുടെയും സന്ദർശകരുടെയും സംതൃപ്തിയും സുരക്ഷയും ഉറപ്പാക്കേണ്ടതും നിർബന്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി രംഗത്തെ ജോലികളിൽ ഉന്നത, സ്പെഷലിസ്റ്റ് തസ്തികകൾ സ്വദേശികൾക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുകയാണ്. തസ്തികകളിൽ സ്വദേശി യുവതീയുവാക്കളെ നിയമിക്കണമെന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ നിലവിലുള്ള നിർദേശം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.