താളമേളം കൊട്ടിപ്പാടാം നാടിനാഘോഷം...
text_fieldsമസ്കത്ത്: വേനൽകാല ടൂറിസത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ ഫെസ്റ്റിവൽ പരിപാടികൾ ഗ്രാമങ്ങൾക്ക് ആഘോഷമാകുന്നു. ആസ്വാദനത്തിന്റെ പുതുകാഴ്ചകൾ പകർന്ന് മൂന്ന് വ്യത്യസ്തപരിപാടികളാണ് പ്രധാനമായും ജൂലൈയിൽ ആരംഭിച്ചത്.
ദോഫാർ ഗവർണറേറ്റേിലെ ഖരീഫ് ഫെസ്റ്റിവൽ, ജബൽ അഖ്ദർ വിലായത്തിലെ റുമ്മാന ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ്, തെക്കൻ ശർഖിയ ഗവർണറേറ്റിലെ അഷ്ഖറ പബ്ലിക് പാർക്കിൽ നടക്കുന്ന ‘അഷ്ഖറ’ ഫെസ്റ്റിവൽ എന്നിവയിലേക്കെല്ലാം ആളുകളെ ആകർഷിക്കുന്നുണ്ട്.
ഒന്നാം പതിപ്പിന്റെ തിളക്കമാർന്ന വിജയമാണ് അൽ അഷ്ഖറ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് നടത്താൻ സംഘാടകരെ പ്രേരിപ്പിച്ചത്. ആദ്യപതിപ്പിൽ സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി 2,20,000ൽ അധികം ആളുകളായിരുന്നു എത്തിയിരുന്നത്. ഈ വർഷം എല്ലാ പ്രായത്തിലുള്ള സന്ദർശകർക്കും ആസ്വദിക്കാൻ കഴിയുന്ന പരിപാടികളും പ്രവർത്തനങ്ങളുമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
സന്ദർശകരുടെ അറിവിനെ സമ്പുഷ്ടമാക്കുകയും സുൽത്താനേറ്റിന്റെ പൈതൃകത്തെക്കുറിച്ച് ആഴത്തിലുള്ള അറിവുകൾ നൽകുകയും ചെയ്യുന്ന വിനോദവും വിജ്ഞാനവും കലർന്ന കോർണറുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പട്ടം പറത്തൽ, പാരാഗ്ലൈഡിങ്, കുതിര പ്രദർശനം, നാടകങ്ങൾ, കവിത, കലാ സായാഹ്നങ്ങൾ, കലാ ശിൽപശാലകൾ, ബീച്ച് സോക്കർ, ബീച്ച് വോളിബാൾ, സൈക്കിൾ റേസിങ്, ‘ഡ്രാഗ് റേസ്’ കാർ ചലഞ്ച്, ക്രിക്കറ്റ് ടൂർണമെന്റ് എന്നിവ ഉൾപ്പെടുന്ന പരിപാടികളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്.
വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും പരിസ്ഥിതി സൗഹൃദ കാർഷിക ടൂറിസം പ്രോത്സാഹിപ്പിക്കുകയുമാണ് ജബൽ അഖ്ദർ വിലായത്തിൽ നടക്കുന്ന ‘റുമ്മാന’ പരിപാടിയുടെ ലക്ഷ്യം. കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രി ഡോ.സൗദ് ബിൻ ഹമൂദ് അൽ ഹബ്സിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ വിവിധ സ്ഥാപനങ്ങളിൽനിന്നുള്ള നിരവധി പ്രമുഖരും ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്.
ഒമാൻ വിശാലവും വൈവിധ്യപൂർണവുമായ പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണ്. ഇത് കാർഷിക വിനോദസഞ്ചാരത്തിന്റെ മത്സരക്ഷമത വർധിപ്പിക്കുമെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സി പറഞ്ഞു.
ജബൽ അഖ്ദറിലെ സന്ദർശകർക്ക് കാർഷിക ടൂറിസം അനുഭവം വർധിപ്പിക്കുന്നതിലും പ്രാദേശിക കർഷകർക്ക് അവരുടെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിൽ പിന്തുണ നൽകാനും ഇവന്റിന്റെ രണ്ടാം പതിപ്പ് തുടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വ്യക്തികൾ മുതൽ കുടുംബങ്ങൾ വരെയുള്ള എല്ലാ സന്ദർശകർക്കും അനുയോജ്യമായ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും അനുഭവങ്ങളും ഇവന്റ് പ്രദാനം ചെയ്യുന്നുണ്ട്. വിനോദം, മാതളനാരങ്ങ വിൽപന, ഭക്ഷണ പാനീയങ്ങൾ എന്നിവയും വിപുലമായ പ്രവർത്തനങ്ങൾക്കായി സമർപ്പിത കോണുകളും ഒരുക്കിയിട്ടുണ്ട്. സവിശേഷമായ ടൂറിസം അനുഭവം ആഗ്രഹിക്കുന്ന സന്ദർശകർക്ക് സെപ്റ്റംബർ 28 വരെ ജബൽ അഖ്ദറിലെ സീഹ് കിത്ന ഗ്രാമത്തിലെ ജനേൻ ഫാമിൽ റുമ്മാന പരിപാടി ആസ്വദിക്കാം.
ഈ വർഷത്തെ ഖരീഫ് സീസണിന്റെ ഭാഗമായി നടക്കുന്ന വൈവിധ്യമാർന്ന ടൂറിസം ഫെസ്റ്റിവൽ പരിപാടികൾ ദോഫാർ ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ പുരോഗമിക്കുകയാണ്. സാംസ്കാരിക, വാണിജ്യ, വിനോദ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് വിവിധ സ്ഥലങ്ങളിൽ ആഘോഷിക്കുന്നത്.
സലാലയിലെ സംസ്കാരത്തിനും വിനോദത്തിനും വേണ്ടിയുള്ള പരിപാടികൾ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സിലും നടക്കും. കായികം, വിനോദം എന്നിവയിലുടനീളമുള്ള പുതിയതും വൈവിധ്യമാർന്നതുമായ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ യുവാക്കൾക്ക് അവസരമുണ്ടാകുമെന്ന് ദോഫാർ മുനിസിപ്പാലിറ്റിയിലെ ഇവന്റ്സ് ആൻഡ് അവയർനസ് ഡിപ്പാർട്മെന്റ് ഡയറക്ടർ അമ്മാർ ബിൻ ഉബൈദ് ഗവാസ് പറഞ്ഞു.
ഇത്തിൻ സ്ക്വയറിൽ നിരവധി അന്താരാഷ്ട്ര പ്രകടനങ്ങൾ പ്രദർശിപ്പിക്കുന്ന തിയറ്റർ ഒരുക്കിയിട്ടുണ്ട്, മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായ പുതിയ ഗെയിമുകളുടെ ഒരു ശ്രേണി തന്നെ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ലൈറ്റിങ് ഷോകൾ, ലേസർ ഫൗണ്ടൻ ഷോകൾ, ഡ്രോൺ ഷോകൾ എന്നിവയും ആസ്വദിക്കാം.ഖരീഫ്, റുമ്മാന, അഷ്ഖറ ഫെസ്റ്റിവലുകൾ സന്ദർശകരുടെ മനം കവരുന്നു
ദിവസങ്ങൾക്ക് മുമ്പുവരെ സലാലയടക്കമുള്ള നഗര പ്രദേശങ്ങൾ കനത്ത ചൂടായിരുന്നു അനുഭവപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇതോടെ വരും ദിവസങ്ങളിൽ സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി ധാരാളം വിനോദ സഞ്ചാരികൾ സലാലയിലേക്ക് ഒഴുകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.