മഴമാറി മനംനിറച്ച് ഇടുക്കി: ഒരാഴ്ചക്കിടെ ഡി.ടി.പി.സിയുടെ പ്രധാന കേന്ദ്രങ്ങളിൽ എത്തിയത് അരലക്ഷത്തിലേറെ പേർ
text_fieldsതൊടുപുഴ: മഴ മാറിയതോടെ ഇടുക്കിയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന. ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്ന് നൂറുകണക്കിന് സഞ്ചാരികളാണ് ഇടുക്കിയിലേക്ക് എത്തിയത്. കോവിഡിന്ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങൾ സജീവമായി വന്നപ്പോഴാണ് കാലവർഷം ശക്തമായത്. തുടർന്ന് ഉരുൾപൊട്ടലും മണ്ണിടിച്ചിലും പലയിടത്തും ദുരിതംവിതച്ചു. മൂന്നാർ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പല റോഡുകളും തകർന്നു. പല വിനോദസഞ്ചാര മേഖലകളും ഒറ്റപ്പെട്ടു. ഇതോടെ ജില്ലയിൽ വിനോദസഞ്ചാരത്തിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ, മഴ മാറിയതോടെ ഓണാവധിയോട് അനുബന്ധിച്ചും തുടർദിവസങ്ങളിലുമായി ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് ആളുകൾ എത്തുകയായിരുന്നു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത് വാഗമണ്ണിലാണ്. 19,949പേർ വാഗമൺ മൊട്ടക്കുന്നുകളും 6634 പേർ വാഗമൺ അഡ്വഞ്ചർ പാർക്കും സന്ദർിച്ചു. കഴിഞ്ഞ നാലാം തീയതി മുതൽ 11 വരെ ജില്ലയിൽ ഡി.ടി.പി.സിയുടെ ഒമ്പത് കേന്ദ്രങ്ങളിലായി 54,863 പേർ സന്ദർശനം നടത്തി. മാട്ടുപ്പെട്ടി-1887, രാമക്കൽമേട് -7550, അരുവിക്കുഴി- 1969- ശ്രീനാരായണപുരം വാട്ടർഫാൾസ്- 4387, പാഞ്ചാലിമേട്- 8223, ഇടുക്കി ഹിൽവ്യൂ പാർക്ക് -2787, മൂന്നാർ ബോട്ടാണിക്കൽ ഗാർഡൻ-1477 എന്നിങ്ങനെയാണ് ഡി.ടി.പി.സിയുടെ മറ്റ് സെന്ററുകളിൽ എത്തിയവരുടെ എണ്ണം. സഞ്ചാരികൾ എത്താൻ തുടങ്ങിയതോടെ ടൂറിസം രംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യാപാരികൾക്കും ആശ്വാസമായിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളിലെ വഴിയോരക്കച്ചവടങ്ങളെല്ലാം പുനരാരംഭിച്ചു. അവധി ദിനങ്ങളിൽ പ്രധാന ഹോട്ടലുകളിലും ഹോം സ്റ്റേകളിലും കനത്ത ബുക്കിങ്ങാണ്.
താരതമ്യേന തിരക്ക് കുറവായ രാമക്കൽമേട്ടിലും ചിന്നക്കനാലിലുമെല്ലാം താമസ സ്ഥലത്തിനായി അന്വേഷങ്ങളെത്തുന്നുണ്ട്. പൂജ അവധി ദിനങ്ങൾകൂടി എത്തുന്നതോടെ വൻ തിരക്കാണ് മൂന്നാറിൽ പ്രതീക്ഷിക്കുന്നത്. തമിഴ്നാട്ടിൽനിന്നുള്ള സന്ദർശകരും മൂന്നാറിലേക്ക് എത്തുന്നുണ്ട്. വഴിയോര കച്ചവടക്കാരും മൂന്നാറിൽ സജീവമായിട്ടുണ്ട്. മാട്ടുപ്പെട്ടിയും ഇരവികുളവുമെല്ലാം സന്ദർശകത്തിരക്കിന്റെ കാര്യത്തിൽ പഴയനിലയിലേക്ക് മടങ്ങിക്കഴിഞ്ഞു. വാരാന്ത്യങ്ങളിൽ വാഹനക്കുരുക്കും പതിവായിട്ടുണ്ട്. ഹോട്ടൽ മുറികൾക്ക് ബുക്കിങ് വർധിച്ചതോടെ ടൂറിസ്റ്റ് സീസണിലെ നിരക്കുകളാണ് ഈടാക്കുന്നത്. മുൻകൂർ ബുക്ക് ചെയ്യാതെ എത്തിയാൽ മൂന്നാറിൽ മുറികൾ ലഭിക്കാൻ സാധ്യതയും കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.