ക്രിസ്മസ്-പുതുവത്സരാഘോഷം; സന്ദർശകരെ വരവേൽക്കാൻ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒരുങ്ങി
text_fieldsപാലക്കാട്: വീണ്ടുമൊരു ക്രിസ്മസ്-പുതുവത്സരക്കാലം ആഘോഷിക്കാനൊരുങ്ങുമ്പോൾ കേരളത്തിന്റെ വൃന്ദാവനവും സന്ദർശകർക്കായി ഒരുങ്ങിയിരിക്കുകയാണ്. ഓണം, വിഷു, പെരുന്നാൾ, മധ്യവേനലവധി കഴിഞ്ഞാൽ കൂടുതൽ സന്ദർശകരെത്തുന്ന മറ്റൊരു സീസൺ കൂടിയാണ് ക്രിസ്മസ് -പുതുവത്സരക്കാലം. വിദ്യാലയങ്ങൾക്ക് 10 ദിവസത്തെ അവധിയുള്ളതിനാൽ ക്രിസ്മസ് ആഘോഷിക്കാൻ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെത്തുന്നവരേറെയാണ്.
ജില്ലയിൽ കൂടുതലായി സന്ദർശകരെത്തുന്നതും വരുമാന വർധനയുണ്ടാകുന്നതുമായ ഉദ്യാനമാണ് മലമ്പുഴ. കിലോമീറ്ററോളം പരന്നു കിടക്കുന്ന ജലാശയവും അതിന്റെ കവാടത്തിലെ ഉദ്യാനവും ഏവരെയും മനം കുളിർപ്പിക്കുന്നതാണ്. ഇതിനു പുറമെ കാഞ്ഞിരപ്പുഴ, നെല്ലിയാമ്പതി, പോത്തുണ്ടി, മംഗലം എന്നിവിടങ്ങളിലും ആഘോഷ സീസണുകളിൽ കൂടുതൽ സന്ദർശകരെത്തുന്നുണ്ട്.
മലമ്പുഴ ഉദ്യാനത്തിനു പുറമെ സമീപത്തുള്ള മറൈൻ അക്വേറിയം, റോപ്പ് വേ, സ്നേക് പാർക്ക്, റോക്ക് ഗാർഡൻ എന്നിവയിലും തൊട്ടടുത്തുള്ള സ്വകാര്യ അമ്യൂസ്മെന്റ് പാർക്കിലും ധാരാളം സന്ദർശകരെത്താറുണ്ട്. അയൽ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും പ്രതിദിനവും സീസണുകളിലും നൂറുക്കണക്കിന് സന്ദർശകരാണ് മലമ്പുഴയിലെത്തുന്നത്.
ആറുപതിറ്റാണ്ടുകൾ പിന്നിടുന്ന കേരളത്തിന്റെ വൃന്ദാവനമെന്നറിയപ്പെടുന്ന മലമ്പുഴ ക്രിസ്മസ്-പുതുവത്സരക്കാലത്തെ വരവേൽത്താൻ ഒരുങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.