വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു; ജില്ലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
text_fieldsവൈത്തിരി: കനത്ത മഴയെ തുടർന്ന് അടഞ്ഞുകിടന്ന ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ശനിയാഴ്ച തുറന്നതോടെ ജില്ലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. തുടർച്ചയായി അവധി ദിനങ്ങൾ കൂടി വന്നതോടെ ഇതര സംസ്ഥാനങ്ങളിൽനിന്നും തെക്കൻ ജില്ലകളിൽനിന്നും ഇന്നലെ രാവിലെ മുതൽ സഞ്ചാരികൾ ജില്ലയിലേക്ക് പ്രവഹിക്കുകയായിരുന്നു. ജില്ലയിലെ ഒട്ടുമിക്ക റിസോർട്ടുകളും ഹോംസ്റ്റേകളും ഹൗസ് ഫുൾ ആയിരുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ചെയർപേഴ്സൻ കൂടിയായ കലക്ടർ ഉത്തരവിടുകയായിരുന്നു.
വയനാട് ടൂറിസം അസോസിയേഷൻ അടക്കമുള്ള സംഘടനകൾ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നതിന് കലക്ടർക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് കുറുവ ദ്വീപും ബാണാസുര ഡാമും ഒഴികെ മറ്റെല്ലാ കേന്ദ്രങ്ങളും ശനിയാഴ്ച തുറന്നു. ബാണാസുര ഡാം ഞായറാഴ്ച തുറക്കും. വെള്ളം കുറയുന്നതിനനുസരിച്ച് കുറുവ ദ്വീപും തുറക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിട്ടതറിയാതെ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെത്തിയ ഇതര സംസ്ഥനങ്ങളിലെ വിനോദ സഞ്ചാരികൾക്ക് കാഴ്ചയൊന്നും കാണാനാകാതെ നിരാശരായി മടങ്ങിപ്പോകേണ്ടിവന്നു. പലരും മറ്റു ജില്ലകളിലേക്ക് യാത്ര മാറ്റി. ടൂറിസം മേഖലയെ നേരിട്ടും അല്ലാതെയും ആശ്രയിച്ചു ജീവിക്കുന്നവരും കേന്ദ്രങ്ങൾ പൂട്ടിയതോടെ വറുതിയിലായിരുന്നു. ഇന്നലെ പൂക്കോട് തടാകമടക്കമുള്ള പ്രധാന ടൂറിസ്റ്റുകേന്ദ്രങ്ങളിൽ തിരക്കനുഭവപ്പെട്ടു.
എന്നൂര് ഗോത്ര പൈതൃക ഗ്രാമത്തിലും കാരാപ്പുഴയിലും വെള്ളച്ചാട്ടങ്ങളിലും നല്ല തിരക്കനുഭവപ്പെട്ടു. പൂക്കോട് തടാകത്തിൽ മാത്രം 3500ലധികം സഞ്ചാരികളെത്തുകയും രണ്ടര ലക്ഷത്തിലധികം രൂപ വരവു ലഭിക്കുകയും ചെയ്തു. എന്നൂരിൽ 1100ലധികം സഞ്ചാരികളെത്തി. കാരാപ്പുഴയിലും കർളട് തടാകത്തിലും ചീങ്ങേരി മലയിലും സഞ്ചാരികളുടെ
എണ്ണം കുറവല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.