ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നു; കേരളത്തിൽനിന്നുള്ളവർക്കും പ്രവേശനം
text_fieldsഗൂഡല്ലൂർ: ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് തിങ്കളാഴ്ച മുതൽ സഞ്ചാരികൾക്ക് പ്രവേശനം നൽകുമെന്ന് അധികൃതർ അറിയിച്ചു. ബൊട്ടാണിക്കൽ ഗാർഡൻ, ബോട്ട് ഹൗസ്, ദൊഡ്ഡബെട്ട, കുന്നൂരിലെ സിംസ് പാർക്ക് തുടങ്ങി എല്ലാ കേന്ദ്രങ്ങളിലേക്കും പ്രവേശനമുണ്ടാകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം.
കോവിഡിനെ തുടർന്ന് 2020 മാർച്ചിലാണ് ആദ്യമായി ഈ കേന്ദ്രങ്ങൾ അടച്ചിട്ടത്. മാസങ്ങൾക്കുശേഷം വീണ്ടും തുറന്നെങ്കിലും കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് വീണ്ടും അടച്ചിട്ടു.
ഇതിനിടെ സംസ്ഥാനത്തിന് അകത്തുനിന്നുള്ള സഞ്ചാരികൾക്ക് ഊട്ടിയിലേക്ക് വരാൻ അനുവാദം നൽകിയിരുന്നു. കേരളം, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികൾക്ക് വിലക്ക് തുടർന്നു.
സഞ്ചാരികൾക്കുള്ള വിലക്കും ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കാത്തത്തും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളും റിസോർട്ടുകളും ഹോട്ടലുകളും സാമ്പത്തിക പ്രതിസന്ധിലാവുകയും ചെയ്തതോടെയാണ് വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചത്.
കേരളം ഒഴികെ ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള ട്രാൻസ്പോർട്ട് ബസുകളുടെ സർവിസ് തുടങ്ങുമെന്നും അറിയിപ്പുണ്ട്. അതേസമയം, കേരളത്തിൽനിന്ന് വരുന്നവർക്ക് ഇ-പാസും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.