വയനാട്ടിൽ സഞ്ചാരികൾക്ക് ഇന്നുമുതൽ നിയന്ത്രണം
text_fieldsകൽപറ്റ: കോവിഡ് വ്യാപനം അനുദിനം ഉയരുന്ന സാഹചര്യത്തിൽ ജില്ലയിലെ ടൂറിസ്റ്റ് സെന്ററുകളിൽ വിനോദ സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തി ജില്ല ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ബുധനാഴ്ച മുതൽ നടപ്പിൽവരും. ജനുവരി 26 മുതല്‍ ഓരോ ടൂറിസം കേന്ദ്രത്തിലും എത്തുന്ന സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാൻ ജില്ല കലക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗമാണ് കഴിഞ്ഞ ദിവസം തീരുമാനമെടുത്തത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സഞ്ചാരികളുടെ ഒഴുക്ക് നിയന്ത്രിക്കണമെന്ന ആവശ്യത്തെ തുടർന്നായിരുന്നു ജില്ല ദുരന്തനിവാരണ അതോറിറ്റി തീരുമാനം. ബുധനാഴ്ച മുതൽ മുതല്‍ ഫെബ്രുവരി 14 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. കോവിഡ് രൂക്ഷമാകുന്നുവെങ്കിൽ നിയന്ത്രണം കൂടുതൽ കടുപ്പിക്കുമെന്നാണ് സൂചന.
ടൂറിസം കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന പൂക്കോട് തടാകം, ബാണാസുര ഡാം, കാരാപ്പുഴ ഡാം എന്നിവയിൽ പ്രതിദിനം 3500 സന്ദർശകരെ അനുവദിക്കാനാണ് തീരുമാനം.
നിലവിൽ 2000 പേരെ പ്രവേശിപ്പിച്ചിരുന്ന എടയ്ക്കല്‍ ഗുഹയിൽ ഇനിമുതൽ അതിന്റെ പകുതി പേർക്കാണ് ഒരു ദിവസം പ്രവേശനം നൽകുക. സൂചിപ്പാറ വെള്ളച്ചാട്ടം, കർളാട് തടാകം എന്നിവിടങ്ങളിൽ 500 പേർക്ക് വീതം പ്രവേശനം നൽകും. കുറുവ ദ്വീപിലേക്ക് വനംവകുപ്പിന്റെയും ഡി.ടി.പി.സിയുടെയും പ്രവേശന വഴികളിലൂടെ 400 പേർക്ക് വീതമാണ് അനുമതി. നേരത്തേ 975 പേരെ വീതമാണ് ഇവിടെ അനുവദിച്ചിരുന്നത്. മുത്തങ്ങ, തോൽപെട്ടി വന്യജീവി സങ്കേതങ്ങളിൽ 150 പേർക്ക് വീതമാണ് പ്രവേശനം.
പഴശ്ശി പാര്‍ക്ക് മാനന്തവാടി, പഴശ്ശി സ്മാരകം പുൽപള്ളി, കാന്തന്‍പാറ, ചെമ്പ്ര പീക്ക് എന്നിവിടങ്ങളിൽ പ്രവേശനം 200 പേർക്ക് വീതമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. മീന്മുട്ടി വെള്ളച്ചാട്ടം കാണാൻ 300 പേർക്കാണ് അനുമതി. അമ്പലവയല്‍ മ്യൂസിയത്തിലും ചീങ്ങേരി മലയിലും പ്രിയദര്ശിനിയിലും നൂറുപേർക്ക് വീതമാണ് പ്രവേശനം നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.