ഈ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കാണോ യാത്ര? സഞ്ചാരികൾക്ക് അനുമതി വാരാന്ത്യങ്ങളിൽ മാത്രം
text_fieldsകോവിഡ് വ്യാപനത്തെ തുടർന്ന് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ച് ഉത്തരാഖണ്ഡ്. ഡെറാഡൂണിലെ ലോക്ഡൗൺ സെപ്റ്റംബർ 21 വരെ നീട്ടി. ഇതിന്‍റെ ഭാഗമായി മസൂറിയിൽ സഞ്ചാരികൾക്ക് വാരാന്ത്യങ്ങളിൽ മാത്രമേ പ്രവേശനം നൽകൂ.
യാത്ര ചെയ്യുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണം. കൂടാതെ, യാത്രക്കാർ ഡെറാഡൂൺ സ്മാർട്ട് സിറ്റി പോർട്ടലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും മസൂറിയിലെ ഹോട്ടൽ ബുക്കിങ്ങിന്‍റെ തെളിവ് നൽകുകയും വേണം.
അതേസമയം, പൂർണമായും പ്രതിരോധ കുത്തിവെപ്പ് എടുത്ത വിനോദസഞ്ചാരികൾ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ആർ. രാജേഷ് കുമാർ പറഞ്ഞു.
സഹസ്രധാര, ഗുച്ചുപാണി, മസൂറി എന്നിവിടങ്ങളിലെ നദികളിലും കുളങ്ങളിലും പ്രവേശിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. സെപ്റ്റംബർ 21 വരെ മസൂറിയിലെ മാൾ റോഡിൽ വൈകുന്നേരം അഞ്ചിന് ശേഷം വാഹനങ്ങളുടെ പാർക്കിങ്ങും നിരോധിച്ചിട്ടുണ്ട്.
മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ സഞ്ചാരികൾ ബാധ്യസ്ഥരാണ്. ഏറ്റവും പുതിയ ഉത്തരവനുസരിച്ച് പൊതുസ്ഥലങ്ങളിൽ തുപ്പുന്നതിനും വിലക്കുണ്ട്. നിയമം ലംഘിക്കുന്നവരിൽനിന്ന് 500 രൂപ മുതൽ 1000 രൂപ വരെ പിഴ ഈടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.