വരൂ, മഴയിലലിഞ്ഞ് കാഴ്ചകൾ നുകരാം
text_fieldsശ്രീകണ്ഠപുരം: മനംനിറഞ്ഞ് മഴക്കാഴ്ചകൾ നുകരാൻ ഇനി മലയോരത്തേക്ക് വരൂ. മഴ നനഞ്ഞ് കോടമഞ്ഞും കൊടും തണുപ്പും കാടും ഒന്നിച്ചാസ്വദിക്കാൻ മലമടക്കുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ ഒഴുക്കാണിപ്പോൾ.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി തുടക്കത്തിൽ മഴ തീരെ കുറവായിരുന്നു. എങ്കിലും പാലക്കയം തട്ട്, പൈതൽമല, ഏഴരക്കുണ്ട്, കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിൽ അവധി ദിനങ്ങളിൽ എത്തുന്ന സഞ്ചാരികൾ ഏറെയാണ്. കഴിഞ്ഞ ദിവസങ്ങളിലടക്കം ഇവിടങ്ങളിൽ നല്ല തിരക്കാണുണ്ടായത്. ജില്ലക്ക് പുറമെനിന്നാണ് കൂടുതൽപേർ എത്തിയത്. ഇതിനുപുറമെ ജാനുപ്പാറ, മുന്നൂർ കൊച്ചി, വൈതൽകുണ്ട് തുടങ്ങിയ വെള്ളച്ചാട്ടങ്ങളിലും സന്ദർശക തിരക്കേറെയാണ്.
കഴിഞ്ഞയാഴ്ച വരെ മഴ ശക്തമായിരുന്നില്ല. നിലവിൽ കനത്ത മഴയാണ്. പൈതലിലും പാലക്കയം തട്ടിലും കാഞ്ഞിരക്കൊല്ലിയിലുമെല്ലാം മഴ പെയ്യുമ്പോൾ നവ്യാനുഭൂതിയാണ് സഞ്ചാരികൾക്ക്.
വെള്ളച്ചാട്ടങ്ങളുടെ ദൃശ്യഭംഗി നുകർന്ന് നീന്തിക്കുളിക്കാനുള്ള സൗകര്യവുമുണ്ട്. തെളിഞ്ഞ വെള്ളമൊഴുകുന്നതിനാൽ അപകടസാധ്യതയും കുറവാണ്. എങ്കിലും കരുതൽ ആവശ്യമാണ്. നാലുവർഷം മുമ്പാണ് ഏഴരക്കുണ്ട് വെള്ളച്ചാട്ട പ്രദേശത്ത് നവീകരണപ്രവൃത്തി നടത്തിയത്. വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിർമിച്ച പ്ലാറ്റ്ഫോമിൽ ഇരുന്ന് ദൃശ്യഭംഗി ആസ്വദിക്കാനും താഴെ സുരക്ഷിതമായി നീന്തിക്കുളിക്കാനുമൊക്കെയുള്ള സൗകര്യം ഇവിടെയുണ്ട്. സ്ത്രീകളും കുട്ടികളും വയോധികരും ചെറുപ്പക്കാരുമെല്ലാം മഴയിലലിഞ്ഞ് സുന്ദരക്കാഴ്ച കാണാൻ ഇവിടങ്ങളിലെത്തുന്നുണ്ട്. അവധി ദിവസങ്ങളിൽ കണ്ണൂരിൽനിന്ന് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവിസുള്ളതും വിനോദ സഞ്ചാരികൾ കൂടുതൽ എത്തുന്നതിനു കാരണമാവുന്നു. പൈതൽമല, ഏഴരക്കുണ്ട്, പാലക്കയം തട്ട് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ബസ് സർവിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.