പെട്ടിമുടിയില്‍ വിനോദ സഞ്ചാരികള്‍ കാട്ടുതീയില്‍ അകപ്പെട്ടു; വനപാലകരെത്തി രക്ഷിച്ചു
text_fieldsഅടിമാലി (ഇടുക്കി): കാട്ടുതീക്ക് മുന്നില്‍ അകപ്പെട്ട സഞ്ചാരികളെ വനപാലകരെത്തി രക്ഷിച്ചു. അടിമാലി റേഞ്ചില്‍ പെട്ടിമുടിയിലാണ് 40ഓളം വരുന്ന വിനോദ സഞ്ചാരികള്‍ കാട്ടുതീക്ക് മുന്നില്‍ അകപ്പെട്ടത്.
പെട്ടിമുടിക്ക് താഴെ മലഞ്ചെരുവിലാണ് കാട്ടുതീ പടിര്‍ന്ന് പിടിച്ചത്. ഞായറാഴ്ച രാവിലെ എട്ടിനാണ് സംഭവം. പുലര്‍ച്ചെ സൂര്യോദയം കാണാനാണ് സഞ്ചാരികള്‍ മൂന്ന് മണിക്കൂറിലേറെ സഹസിക യാത്ര ചെയ്ത് പെട്ടിമുടിയിലെത്തിയത്.
തണുപ്പും വശ്യമനോഹര കാഴ്ചകളുമുള്ള പെട്ടിമുടിയില്‍ പുല്‍മേടുകളാണ് കൂടുതല്‍. കടുത്തവേനലില്‍ പുല്‍മേടുകള്‍ ഉണങ്ങി നില്‍ക്കുകയാണ്. ഇതിലേക്കാണ് ഞായറാഴ്ച രാവിലെ തീ പടര്‍ന്ന് പിടിച്ചത്. ഇതോടെ പരിഭ്രാന്തരായ സഞ്ചാരികള്‍ വനംവകുപ്പിന്റെ സഹായം തേടുകയായിരുന്നു.
റേഞ്ച് ഓഫിസര്‍ കെ.വി. രതീഷ്‌കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അബൂബക്കര്‍ സിദ്ധീഖ് എന്നിവരുടെ നേത്യത്വത്തില്‍ മച്ചിപ്ലാവ് സ്റ്റേഷനില്‍നിന്നും കൂമ്പന്‍പാറ ഓഫിസില്‍നിന്നും വനംവകുപ്പ് ജീവനക്കാരും ഫയര്‍ വാച്ചർമാര്‍ ഉൾപ്പെടെയുള്ളവരും ഇവിടെയെത്തി കാട്ടുതീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
ഇതിനുശേഷം സ്ത്രീകള്‍ അടക്കമുളള വിനോദസഞ്ചാരികളെ സുരക്ഷിതമായി തിരിച്ചിറക്കി. അടിമാലി കൂമ്പന്‍പാറയില്‍നിന്നും അപകടം പിടിച്ച ദുര്‍ഘടമായ കയറ്റം കയറിവേണം പെട്ടിമുടിയിലെത്താന്‍. ചെറിയ അശ്രദ്ധ തന്നെ ദുരന്തങ്ങള്‍ക്ക് കാരണമാകുന്ന സ്ഥലവുമാണ്.
പെട്ടിമുടിയുടെ മുകളിലെത്തിയാല്‍ നോക്കെത്താ ദൂരത്തോളം പടർന്നുകിടക്കുന്ന ദൃശ്യങ്ങളും മറ്റും ഏവരുടെയും മനംകവരുന്ന കാഴ്ചയാണ്. ഇതിനാൽ വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക് തന്നെ ഇവിടേക്കുണ്ട്. യാതൊരു നിയന്ത്രണവുമില്ലാതെ ഇവിടെ എത്തുന്നവര്‍ പരിസ്ഥിതിക്ക് നാശം വരുത്തുന്നുണ്ട്. പരിസ്ഥിതിയുടെ പ്രാധാന്യവും അപകട സൂചന മുന്നറിയിപ്പ് നല്‍കാനും വനംവകുപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.
എന്നാല്‍, ഇവയൊന്നും ഇപ്പോഴില്ല. പഞ്ചായത്തുമായി ചേര്‍ന്ന് പുതിയ പദ്ധതികള്‍ നടപ്പാക്കി പെട്ടിമുടിയെ സുന്ദരമാക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുമെന്ന് റേഞ്ച് ഓഫിസര്‍ അറിയിച്ചു.
ഞായറാഴ്ച കാട്ടുതീയില്‍ പെട്ടവര്‍ തലനാരിഴക്കാണ് രക്ഷപെട്ടത്. ജീവനക്കാര്‍ എത്താന്‍ താമസിച്ചിരുന്നെങ്കില്‍ കുരങ്ങിണി അപകടത്തിന് സമാനമായ ദുരന്തം ഇവിടെയും ആവര്‍ത്തിക്കപ്പെട്ടേനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.