മഴയിൽ തിരക്കൊഴിഞ്ഞ് വിനോദസഞ്ചാര കേന്ദ്രങ്ങൾ
text_fieldsവൈത്തിരി: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വന്നണഞ്ഞ ബലിപെരുന്നാൾ ആഘോഷം മഴയിലലിഞ്ഞതോടെ വിപണിയും വിനോദ സഞ്ചാര കേന്ദ്രങ്ങളും 'വെള്ളത്തിലായി'. കനത്ത മഴയെ തുടർന്ന് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ പലതും അധികൃതർ താൽക്കാലികമായി അടച്ചു. വിനോദ സഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്നു എൻ ഊര് ഗോത്ര പൈതൃക ഗ്രാമം, കുറുവ ദ്വീപ്, സൂചിപ്പാറ വെള്ളച്ചാട്ടം, ചെമ്പ്ര പീക് ട്രെക്കിങ് കേന്ദ്രം എന്നിവയാണ് അടച്ചത്.
തടാകങ്ങളിലും ഡാമുകളിലും ബോട്ടുസവാരിക്കു നിയന്ത്രണം ഏർപ്പെടുത്തിയതോടെ ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികൾ ഇതുമൂലം ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ സന്ദർശനം വെട്ടിച്ചുരുക്കി. ഇതര സംസ്ഥാങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടിയെങ്കിലും പലരും മഴയെത്തുടർന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പോകാനാകാതെ തിരിച്ചുപോയി. പ്രധാനപ്പെട്ട ടൂറിസ്റ്റുകേന്ദ്രങ്ങളിൽ സന്ദർശകർ തുലോം കുറവായിരുന്നു. വിനോദ സഞ്ചാരകേന്ദ്രങ്ങളെ ആശ്രയിച്ചു നടത്തപ്പെടുന്ന മറ്റു കച്ചവടക്കാർക്കും വരുമാനത്തിൽ കാര്യമായ കുറവുണ്ടായി. പെരുന്നാളിനോടനുബന്ധിച്ചു വലിയ കച്ചവടം പ്രതീക്ഷിച്ച വാണിജ്യ വിപണിയിലും മഴ മങ്ങലേല്പിച്ചു.
അതേസമയം, ജില്ലയിലെ റിസോർട്ടുകളിലും ഹോംസ്റ്റേകളിലും ടൂറിസ്റ്റ് ഹോമുകളിലും മിക്കതും 'ഹൗസ് ഫുൾ' ആയിരുന്നു. സംഘമായി എത്തിയ സഞ്ചാരികളിൽ പലർക്കും താമസ സൗകര്യം ലഭിച്ചില്ല. മഴയ്ക്ക് ശമനമുണ്ടാകുകയാണെങ്കിൽ വരും ദിവസങ്ങളിൽ ജില്ലയിലെത്തുന്ന സഞ്ചാരികളിൽ വർനവുണ്ടായേക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായതോടെ വരുമാനം കുറഞ്ഞിട്ടുണ്ടെന്ന് ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.