തേക്കടിയിലെ മഞ്ഞും തണുപ്പും ആസ്വദിച്ച് സഞ്ചാരികൾ; അമിത നിരക്ക് വെല്ലുവിളി
text_fieldsകുമളി: പതിവിലും നേരത്തേ എത്തിയ കോടമഞ്ഞും തണുപ്പും നേരിയ ചാറ്റൽ മഴയും ആസ്വദിക്കാൻ തേക്കടിയിലേക്ക് സഞ്ചാരികൾ എത്തുമ്പോഴും വിവിധ മേഖലകളിലെ അമിത നിരക്ക് വെല്ലുവിളിയാകുന്നു. വനം വകുപ്പിന്റെ വിവിധ പരിപാടികളുടെ നിരക്കുകൾ അധികമാണെന്ന് പരാതി പറയുന്നവർ തന്നെയാണ് പുറത്ത് നിരക്കുകളിൽ ഏകോപനമില്ലാതെ, സഞ്ചാരികളുടെ തിരക്കേറുമ്പോൾ വൻതുക ഈടാക്കി ചൂഷണം ചെയ്യുന്നത്.
തേക്കടി, കുമളി മേഖലകളിലെ ചില സ്ഥാപനങ്ങളും വ്യക്തികളുമാണ് സഞ്ചാരികളെ കബളിപ്പിക്കുന്നത് പതിവാക്കിയിട്ടുള്ളതെന്ന് ഈ രംഗത്തുള്ളവർ തന്നെ പറയുന്നു. 50 ശതമാനത്തിലധികം ഡ്രൈവർമാർ, ഗൈഡുകൾ എന്നിവർക്ക് കമ്മീഷൻ നൽകിയാണ് ഇവരുടെ ചൂഷണം തുടരുന്നത്. കമ്മീഷൻ നൽകുന്ന തുക ചേർത്ത് പതിവിലും ഇരട്ടിയാണ് സഞ്ചാരികളിൽ നിന്ന് ഈടാക്കുന്നത്. തേക്കടിയിൽ തിരക്കേറുമ്പോൾ വിവിധ സ്ഥാപനങ്ങളിലെ താമസ സൗകര്യങ്ങൾക്കും നിരക്ക് വലിയ രീതിയിൽ വർധിപ്പിക്കുന്നത് സഞ്ചാരികളെ വിഷമിപ്പിക്കുന്നുണ്ട്. സാധാരണയായി ഡിസംബർ പകുതിയോടെ ആരംഭിച്ച് ജനുവരി പകുതി വരെ നീളുന്ന തണുത്ത കാലാവസ്ഥയാണ് ഇപ്രാവശ്യം നവംബർ അവസാനവാരം തേക്കടിയെ തേടി എത്തിയത്. ഈ കാലാവസ്ഥ ആസ്വദിക്കുന്നതിനാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സഞ്ചാരികൾ എത്തുന്നത്.
ഇടവേളക്കുശേഷം തേക്കടി തേടിയെത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്കാണ് ഇപ്പോഴത്തെ കാലാവസ്ഥ ഏറെ ഇഷ്ടപ്പെടുന്നത്. പകലിലെ വെയിൽ ചൂട് പരിധി വിടാത്തതും രാത്രിയെത്തുന്ന തണുപ്പ് അധികരിക്കാത്തതും സഞ്ചാരികൾക്ക് പ്രിയങ്കരമാകുന്നുണ്ട്. രാവിലത്തെ മൂടൽമഞ്ഞും തണുപ്പിനുമൊപ്പം ചില ദിവസങ്ങളിലെ നേരിയ മഴയും സഞ്ചാരികൾ ആസ്വദിക്കുന്നു. ഇടവേളക്ക് ശേഷം തേക്കടിയിലേക്ക് വിദേശികൾ ധാരാളമായി എത്തി തുടങ്ങിയത് വിനോദ സഞ്ചാര മേഖലക്കും ഉണർവ് നൽകുന്നുണ്ട്. എന്നാൽ, തടാകത്തിലെ ജലനിരപ്പ് ഉയർന്ന് തീരങ്ങൾ മുങ്ങിയതോടെ വന്യ ജീവികളെ കാണാനാവാത്തത് ബോട്ട് സവാരി ചെയ്യുന്ന സഞ്ചാരികളെ നിരാശപ്പെടുത്തുന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെയാണ് തേക്കടി തടാക തീരങ്ങൾ മുങ്ങിയത്.
ഇപ്പോഴുള്ള വിനോദ സഞ്ചാരികളുടെ വരവ് പുതുവർഷത്തിലും തുടരുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. അമിത നിരക്കും ചൂഷണവും അവസാനിപ്പിച്ചാൽ തേക്കടിയിൽ വർഷം മുഴുവൻ സഞ്ചാരികൾ എത്തുമെന്നാണ് സന്ദർശിച്ചു മടങ്ങുന്നവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.