വേനലവധി ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്ക്
text_fieldsതൊടുപുഴ: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണർന്നു തുടങ്ങി. മധ്യവേനല്‍ അവധി ആരംഭിച്ചെങ്കിലും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് കുറവായിരുന്നു. റമദാനും തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ സഞ്ചാരികളുടെ എണ്ണം കൂടിവരുന്നതായി അധികൃതർ പറഞ്ഞു.
ജില്ലയിലേക്ക് ഏറ്റവും അധികം വിനോദസഞ്ചാരികള്‍ എത്തുന്ന മാസങ്ങളാണ് ഏപ്രിലും മേയും. വിദ്യാലയങ്ങള്‍ അടച്ച് മധ്യവേനല്‍ അവധി ആരംഭിച്ചതോടെ ഹൈറേഞ്ചിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് മുന്‍കാലങ്ങളില്‍ ആശാവഹമായിരുന്നു. എന്നാല്‍, ഈ വേനലവധി തുടങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും സഞ്ചാരികളുടെ തിരക്ക് മൂന്നാര്‍ മേഖലയിൽ സജീവമായിട്ടില്ല.
ഇരവികുളം ദേശീയോദ്യാനം ഒരാഴ്ച മുമ്പ് തുറന്നിരുന്നു. വരുംദിവസങ്ങളിൽ സഞ്ചാരികളുടെ തിരക്കേറുമെന്നാണ് കരുതുന്നത്. ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ സഞ്ചാരികള്‍ക്ക് സന്ദര്‍ശനാനുമതി നല്കിയതും പ്രതീക്ഷയാണ്. പ്രതികൂലമായ കാലാവസ്ഥയും വന്യജീവി ശല്യവും ടൂറിസത്തെ പ്രതികൂലമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടുന്നുണ്ട്. മുന്‍കാലങ്ങളിലെപ്പോലെ സഞ്ചാരികള്‍ കൂട്ടമായി എത്തുന്നത് കുറഞ്ഞത് ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
രാവിലെ എത്തി വൈകീട്ട് തിരിച്ചുപോകാന്‍ ശ്രമിക്കുന്നവരാണ് കൂടുതല്‍ സഞ്ചാരികളും. കുടുംബമായി എത്തുന്നവരാണ് അന്നുതന്നെ തിരികെപ്പോകുന്നതില്‍ കൂടുതല്‍. ടൂറിസം മേഖലകളില്‍ വന്യജീവി ശല്യം കൂടുതലാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സഞ്ചാരികള്‍ ഭയപ്പാടോടെയാണ് ജില്ലയില്‍ എത്തുന്നത്.
ടൂറിസം മേഖലകളില്‍ പകല്‍പോലും വന്യജീവികള്‍ എത്തുന്നത് നിയന്ത്രിക്കാന്‍ വനംവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് ഹോട്ടല്‍, റിസോര്‍ട്ട്, ഹോം സ്റ്റേ സംരംഭകരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നാൽ മൂന്നാർ, തേക്കടി, വാഗമൺ മേഖലയിലൊക്കെ സന്ധ്യയാകുന്നതോടെ ചെറിയ തണുപ്പ് അനുഭവപ്പെടുന്നത് സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.
ഇടുക്കി ഡാം: സന്ദർശകർ കൂടി; ദിവസം 800 പേർക്കാണ് പ്രവേശനം
ചെറുതോണി: കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ഇടുക്കി- ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാൻ വിനോദസഞ്ചാരികളുടെ തിരക്ക്. ഈ മാസം 12 നാണ് ഡാം തുറന്നുകൊടുത്തത്.
12 മുതൽ വിഷുവരെ 1887 പേർ അണക്കെട്ട് സന്ദർശിച്ചു. 1609 മുതിർന്നവരും 278 കുട്ടികളും ആണ്. ഇതിനു ശേഷമുള്ള കണക്കുകൾ വരുന്നതേയുള്ളൂ. ചെറുതോണി അണക്കെട്ടിനു മുകളിൽ താൽക്കാലിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഓൺലൈൻ ബുക്കിങ് മാത്രമേ അനുവദിച്ചിട്ടുള്ളൂ. നേരിട്ടു വരുന്നവർക്ക് ഇവിടെ വന്ന ശേഷം ഇടുക്കി അണക്കെട്ടിന്റെ പ്രവേശന കവാടത്തിൽ ഇതിന് സൗകര്യമുണ്ട്.
ദിവസം 800 പേർക്കാണ് പ്രവേശനാനുമതി. മുതിർന്നവർക്ക് 150 രൂപയും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 100 രൂപയുമാണ് പ്രവേശന ഫീസ്. ഡാമുകൾക്ക് മുകളിലൂടെ കാൽനട അനുവദിക്കില്ല. ഒരു സമയം 12 പേർക്ക് യാത്ര ചെയ്യാവുന്ന ബഗി കാർ ഇതിനായി ഒരുക്കിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടിന് ചേർന്ന് പ്രവർത്തിക്കുന്ന ഹൈഡൽ ടൂറിസം കൗണ്ടറിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡിലുള്ള ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് വേണം സന്ദർശകർ ടിക്കറ്റുകൾ ഉറപ്പുവരുത്താൻ.
ഓൺലൈൻ ബുക്കിങ് സമ്പ്രദായം മാത്രമാണ് നിലവിലുള്ളത്. ഡാം സന്ദർശിക്കാൻ അതിരാവിലെ മുതൽ സന്ദർശകരുടെ തിരക്കാണ്. സന്ദർശകരുടെ എണ്ണം നിയന്ത്രിച്ചിട്ടുള്ളതിനാൽ ഡാം കാണാനാകാതെ നിരാശരായി മടങ്ങുന്നവർ നിരവധിയാണ്. സുരക്ഷാകാരണങ്ങളാൽ ആറ് മാസമായി സന്ദർശനം അനുവദിച്ചിരുന്നില്ല.
അണക്കെട്ടിൽ സന്ദർശനം അനുവദിച്ചതോടെ ജില്ല ആസ്ഥാന മേഖലയിലെ വ്യാപാര രംഗത്ത് ഉണർവ് ഉണ്ടായിട്ടുണ്ട്. മേയ് 31 വരെ സഞ്ചാരികൾക്ക് ഡാം സന്ദർശിക്കാം
എത്തിയത് മൂന്നുലക്ഷം പേർ; കൂടുതൽ വാഗമണ്ണിൽ
ഏപ്രില്‍ ഒന്നുമുതല്‍ 28 വരെ 3,14,341 പേരാണ് ഡി.ടി.പി.സിയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയത്. ഇതില്‍നിന്ന് പ്രവേശന നിരക്ക് ഇനത്തിൽ 78,58,525 രൂപയുടെ വരുമാനമാണ് ഉണ്ടായത്. ഈദുല്‍ഫിത്വ്ര്‍, വിഷു ദിവസങ്ങളില്‍ മാത്രം 32,212 പേരെത്തിയപ്പോള്‍ ശനി, ഞായര്‍ ദിവസങ്ങളിലും തിരക്കേറി. ശനിയാഴ്ചകളില്‍ 64,355 പേരും ഞായറാഴ്ചകളില്‍ 76,024 പേരുമാണ് ഇടുക്കി സന്ദര്‍ശിച്ച് മടങ്ങിയത്.
വാഗമണ്ണിലേക്കായിരുന്നു കൂടുതൽ സഞ്ചാരികളുടെ ഒഴുക്ക്. 1,88,692 പേരാണ് ഇവിടങ്ങളില്‍ മാത്രമെത്തിയത്. ഇതില്‍ 77,272 പേര് വാഗണ്‍ മൊട്ടക്കുന്നിലേക്കും 1,11,420 പേര് അഡ്വഞ്ചര്‍ പാര്‍ക്കിലുമെത്തി. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനാണ് സഞ്ചാരികൾ കൂടുതലെത്തിയ രണ്ടാമത്തെയിടം. 56,085 പേര്. 19,788 പേരെത്തിയ രാമക്കല്‍മേടാണ് മൂന്നാമത്. അരുവിക്കുഴിയിലാണ് ഏറ്റവും കുറവ് സഞ്ചാരികളെത്തിയത്. 1081 പേർ മാത്രം.
തേക്കടിയിൽ തിരക്കേറി
കുമളി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആരവങ്ങൾ കേരളത്തിൽ അവസാനിച്ചതോടെ തേക്കടിയിൽ വിനോദസഞ്ചാരികളുടെ തിരക്ക്. കേരളത്തിനു പുറമെ തമിഴ്നാട്ടിൽനിന്നുള്ള വിനോദസഞ്ചാരികളും ധാരാളമായി വന്നതോടെയാണ് തേക്കടിയിൽ തിരക്ക് വർധിച്ചത്.
മധ്യവേനൽ അവധിക്കാലം തെരഞ്ഞെടുപ്പിന്റെ തിരക്കിലായതോടെ പല കുടുംബങ്ങൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ തിരക്ക് അവസാനിച്ചതോടെയാണ് വാഗമൺ, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കായത്.
വേനൽച്ചൂടിൽനിന്ന് ആശ്വാസംതേടി ഹൈറേഞ്ചിലെത്തുന്ന സഞ്ചാരികൾക്ക് ഇവിടത്തെ പതിവില്ലാത്ത ചൂട് കാലാവസ്ഥ ചെറിയതോതിൽ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
സഞ്ചാരികൾ തേക്കടിയിലെത്തി ബോട്ട് യാത്രക്ക് ശേഷമാണ് തമിഴ്നാട്ടിലേക്കും മൂന്നാറിലേക്കും പോകുന്നത്. ബോട്ട് സവാരിക്കിടെ തീരങ്ങളിൽ ആന, കാട്ടുപോത്ത്, മ്ലാവ് തുടങ്ങിയവയും അപൂർവമായി കടുവയെയും പുലിയെയും കാണാനാകുന്നത് സഞ്ചാരികളെ സന്തോഷിപ്പിക്കുന്നുണ്ട്.
പക്ഷിനിരീക്ഷകർ, വന്യജീവി ഫോട്ടോഗ്രാഫർമാർ എന്നിവർക്കും ചിത്രങ്ങൾ പകർത്താൻ സാധ്യതയേറിയതിനാൽ ഈ മേഖലയിലുള്ള നിരവധി സംഘങ്ങളും തേക്കടിയും പെരിയാർ വനമേഖലയും തേടിയെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.