കൊച്ചി 'വൈബി'ൽ സഞ്ചാരികൾ
text_fieldsകൊച്ചി: അവധിദിനങ്ങളെത്തിയതോടെ സഞ്ചാരികൾ കൊച്ചിയിലേക്ക് ഒഴുകുന്നു. ക്രിസ്മസ് ദിനത്തിൽ നഗരത്തിലും ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലും ആയിരക്കണക്കിന് യാത്രക്കാരാണെത്തിയത്. ആഭ്യന്തര, അന്താരാഷ്ട്ര സഞ്ചാരികൾ ഇതിൽ ഉൾപ്പെടും. കൊച്ചിൻ കാർണിവലിന്റെ വരവ് അറിയിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കമായതോടെ ഫോർട്ടുകൊച്ചിയിലേക്ക് സഞ്ചാരികളുടെ വരവ് കൂടി. മറൈൻഡ്രൈവും ക്വീൻസ് വാക്ക് വേയും സുഭാഷ് പാർക്കും നഗരത്തിലെ മാളുകളും വൈകുന്നേരങ്ങളിൽ തിരക്കിലമരുന്നു.
രാത്രിയിൽ നഗരത്തിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ ആസ്വദിക്കാനും നൂറുകണക്കിന് ആളുകളാണെത്തുന്നത്. മറൈൻഡ്രൈവിൽ നടക്കുന്ന ഫ്ലവർഷോ, കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തുടരുന്ന സരസ് മേള എന്നിവിടങ്ങളിലും തിരക്കേറുകയാണ്.
വാട്ടർമെട്രോയിലും കൊച്ചി മെട്രോയിലും യാത്രക്കാരുടെ നീണ്ട നിരയാണ്. ഐ.എസ്.എൽ മത്സരമുണ്ടായിരുന്ന ഞായറാഴ്ച തിങ്ങിനിറഞ്ഞ സ്ഥിതിയിലായിരുന്നു നഗരവും പൊതുഗതാഗത സംവിധാനങ്ങളും. ഫുട്ബാൾ മത്സരം കാണാൻ മറ്റ് ജില്ലകളിൽ നിന്നടക്കം എത്തിയവർ നഗരക്കാഴ്ചകളും മെട്രോ, വാട്ടർമെട്രോ യാത്രകളും ആസ്വദിച്ചാണ് മടങ്ങിയത്. ഡിസംബർ 31 വരെ സഞ്ചാരികളുടെ വരവ് തുടരുമെന്നാണ് ടൂറിസം മേഖലയിലുള്ളവരുടെ പ്രതീക്ഷ. കൊച്ചിൻ കാർണിവലിന് വൻ ജനത്തിരക്ക് അധികൃതർ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷം നിയന്ത്രണങ്ങൾക്കപ്പുറം ആളുകൾ എത്തിച്ചേർന്നിരുന്നു. കുസാറ്റിലെ അപകടത്തിന്റെ കൂടി പശ്ചാത്തലത്തിൽ തിരക്ക് വർധിച്ച് അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ പൊലീസ് കർശന നിയന്ത്രണങ്ങൾക്കാണ് തയാറെടുക്കുന്നത്.
അവധി ആസ്വദിക്കാനെത്തുന്നത് ആയിരങ്ങൾ
ആയിരക്കണക്കിന് ആളുകൾ ഈ സീസണിൽ കൊച്ചിയിലെത്തുന്നതായാണ് അനൗദ്യോഗിക കണക്ക്. സംസ്ഥാനത്തിനുള്ളിൽ നിന്നും വരുന്നവരിൽ മലപ്പുറം, തൃശൂർ, കോഴിക്കോട് തുടങ്ങിയ ജില്ലക്കാരാണ് മുന്നിൽ. ഫോർട്ടുകൊച്ചിയിൽ നിയന്ത്രണാതീതമായ തിരക്കുണ്ടാകാതിരിക്കാൻ ഇത്തവണ പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണ് അധികൃതർ. അപകടങ്ങളുണ്ടാകാതിരിക്കാൻ, ആഘോഷം ഒരിടം മാത്രം കേന്ദ്രീകരിക്കുന്ന രീതിക്ക് പകരം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ പുതുവത്സര പരിപാടികൾ സംഘടിപ്പിക്കുകയാണ് ഇത്തവണ. വിവിധ സംഘടനകളടക്കം ഇത്തവണ പരിപാടികൾ കൂടുതൽ നടത്തും.
നഗരത്തെ ദീപാലംകൃതമാക്കുന്ന വിനോദസഞ്ചാര വകുപ്പിന്റെ ന്യൂഇയർ ലൈറ്റിങ് മറൈൻഡ്രൈവിൽ 30ന് വൈകിട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ആറ് ദിവസത്തോളം ഇത് നീണ്ടുനിൽക്കും. ഇതുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിറാൻഡ ‘മാധ്യമ’ത്തോട് പറഞ്ഞു. ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ വിവിധ കോളജ് വിദ്യാർഥികളെ അണിനിരത്തി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. 30ന് തിരുവനന്തപുരം സ്വാതി തിരുനാൾ കോളജിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവിൽ ബാൻഡ് പ്രകടനം നടക്കും. ചെറായിയിൽ ആർ.എൽ.വി കോളജ് വിദ്യാർഥികളും ബാൻഡ് അവതരിപ്പിക്കും.
ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രത്തിലും തിരക്ക്
നഗര കാഴ്ചകൾക്ക് പുറമെ കിഴക്കൻ മേഖലയുടെ സൗന്ദര്യവും ചെറായി, കുഴുപ്പള്ളി, ഫോർട്ടുകൊച്ചിയടക്കം ബീച്ചുകളുടെ മനോഹാരിതയും ആസ്വദിക്കാൻ യാത്രക്കാരെത്തുന്നുണ്ട്. കൊച്ചി മെട്രോ, വാട്ടർമെട്രോ യാത്രകളും വിവിധ ഷോപ്പിങ് മാളുകളും പ്രധാന ആകർഷണങ്ങളാണ്. മറൈൻഡ്രൈവിലെ ബോട്ടിങും ക്രൂസ് ഷിപ്പ് യാത്രയുമൊക്കെ നൂറുകണക്കിന് ആളുകൾ ആസ്വദിക്കുന്നു. മലയാറ്റൂർ നക്ഷത്ര തടാകത്തിലേക്കും നിരവധി പേരെത്തുന്നുണ്ട്. കൂടാതെ കുടുംബവുമൊത്ത് ഭൂതത്താൻകെട്ടിലെ കാഴ്ചകളും ബോട്ടിങുമൊക്കെ ആസ്വദിക്കാനെത്തുന്നവരുടെയും പിറവത്തിനടത്തുള്ള അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തുന്നവരുടെയും എണ്ണം കൂടിയിരിക്കുകയാണ്.
രൂക്ഷമായി ഗതാഗതക്കുരുക്ക്
വൈകുന്നേരങ്ങളിൽ നഗരത്തിൽ ഗതാഗതക്കുരുക്ക് വർധിക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ബ്ലോക്ക് ഒഴിവാക്കാൻ ട്രാഫിക് പൊലീസ് കാര്യക്ഷമമായി ഇടപെട്ടുവരികയാണ്. ക്രിസ്മസ് ദിനത്തിൽ വൈകുന്നേരം കൊച്ചിയിൽ വാഹനങ്ങളുടെ നീണ്ട നിരയാണുണ്ടായിരുന്നത്. ജങ്കാർ, ബോട്ട് സർവിസുകളെ ആശ്രയിക്കുന്നവരുടെ എണ്ണവും വർധിച്ചു. ഇതോടെ സർവിസുകളുടെ എണ്ണം പലദിവസങ്ങളിലും രാത്രിയിലും വർധിപ്പിക്കേണ്ടി വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.