മാറുമോ ഫോർട്ട്കൊച്ചി കടപ്പുറത്തിന്റെ കഷ്ടകാലം
text_fieldsകൊച്ചിയിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഫോർട്ട്കൊച്ചി കടൽത്തീരം. ഒരുകാലത്ത് സഞ്ചാരികളുടെ പറുദീസയായാണ് കടപ്പുറം അറിയപ്പെട്ടിരുന്നത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി രണ്ടുതവണ ഇവിടം സന്ദർശിക്കുകയും സാഹസികതയുടെ സംഗ്രഹതീരം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. തുടർന്നാണ് മഹാത്മാഗാന്ധി ബീച്ച് എന്ന് നാമകരണം ചെയ്യപ്പെട്ടത്.
1980കൾ വരെ വിശാലമായ കരഭൂമിയായിരുന്ന ഇവിടം ക്രമേണ കടൽകയറി പേരിനുമാത്രം തീരമായി മാറി. ഈ കൊച്ച് കടപ്പുറത്തുപോലും ശുചീകരണ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്താൻ കോർപറേഷന് കഴിയുന്നില്ല. തീരം മാലിന്യം നിറഞ്ഞ് പലപ്പോഴും ദുർഗന്ധപൂരിതമാണ്. ഇഴജന്തുക്കളുടെയും നായ്ക്കളുടെയും ശല്യം ഒരു ഭാഗത്ത്. വിദേശസഞ്ചാരികൾക്കുനേരേ വരെ നായ്ക്കൾ കുരച്ചെത്തുന്നത് പതിവുകാഴ്ച. ദിനംപ്രതി ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും മനം മടുപ്പിക്കുന്ന കടപ്പുറത്തിന്റെ അവസ്ഥ കണ്ട് നിരാശരായാണ് ഇവരുടെ മടക്കം. സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം രേഖപ്പെടുത്തുന്നതും അപകീർത്തികരമാകുന്നു. അതേസമയം, പ്രതീക്ഷക്ക് വക നൽകുന്നത് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് 1.68 കോടി രൂപ ചെലവഴിച്ച് കടപ്പുറത്ത് നടത്തുന്ന നവീകരണ, സൗന്ദര്യവത്കരണ പദ്ധതിയാണ്. പദ്ധതി കഴിഞ്ഞദിവസം മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
എന്നാൽ, കടപ്പുറത്തെ ശുചീകരണ പ്രവൃത്തിക്ക് സ്ഥിരം സംവിധാനമോ പദ്ധതിയോകൂടി ഒരുക്കേണ്ടതുണ്ട്. കടൽത്തീരം സംരക്ഷിക്കാൻ മദ്രാസ് ഐ.ഐ.ടി സമർപ്പിച്ച പദ്ധതി വർഷങ്ങളായി പൊടിപിടിച്ചുകിടക്കുകയാണ്. ഇത് നടപ്പാക്കിയാൽ തീരം ഒരു പരിധിവരെ തിരിച്ചുപിടിക്കാം. അപ്രകാരമാണെങ്കിൽ കാർണിവൽ ആഘോഷങ്ങളുടെ ഭാഗമായ പപ്പാഞ്ഞിയെ കത്തിക്കലും മറ്റും കടൽതീരത്തേക്ക് മാറ്റാം. സഞ്ചാരികളെയത്രയും ഉൾക്കൊള്ളാനും കഴിയും. കടപ്പുറം കടലെടുത്തതോടെയാണ് പപ്പാഞ്ഞിയെ കത്തിക്കൽ തീരത്തുനിന്ന് പരേഡ് മൈതാനിയിലേക്ക് മാറ്റിയത്.
ആഡംബര കപ്പലുകൾ കുറയുന്നു
രാജ്യത്ത് ഏറ്റവും കൂടുതൽ ആഡംബര കപ്പലുകൾ എത്തുന്ന തുറമുഖം കൊച്ചിയാണ്. ലോകത്ത് കണ്ടിരിക്കേണ്ട 10 നഗരങ്ങളിൽ ഒന്ന് കൊച്ചിയാണെന്ന ‘ലോൺലി പ്ലാനറ്റി’ന്റെ റിപ്പോർട്ട് പുറത്തുവന്ന വർഷം 52 ആഡംബര കപ്പലുകളാണ് കൊച്ചിയിലെത്തിയത്. കോവിഡിനെത്തുടർന്ന് വിനോദ സഞ്ചാര മേഖലയിലുണ്ടായ വരൾച്ച കൊച്ചിയിലേക്കുള്ള കപ്പൽ വരവിനെയും ബാധിച്ചു.
എന്നാൽ, ടൂറിസം മേഖല ശക്തിപ്രാപിച്ചുവരുമ്പോഴും മുൻ കണക്കുകളിലേക്ക് ഓടിയെത്താൻ കഴിഞ്ഞിട്ടില്ല. ഈ സീസണിൽ ഇതുവരെ 30 ആഡംബര കപ്പലുകളാണ് കൊച്ചിയിൽ എത്തുന്നതിന് ബുക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം ആഭ്യന്തര ക്രൂയിസ് കപ്പലടക്കം 45 കപ്പലുകൾ എത്തിയിരുന്നു.
ശൗചാലയങ്ങളും ഇല്ല
കൊച്ചിയിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും വലിയ പ്രശ്നം ആവശ്യത്തിന് ശുചിമുറികൾ ഇല്ലാത്തതാണ്. വിദേശികൾ അടക്കം പ്രധാനമായും പരാതിപ്പെടുന്നതും ഇക്കാര്യം തന്നെ. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ഹോട്ടലുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. കടപ്പുറത്തുണ്ടായിരുന്ന നഗരസഭയുടെ ശൗചാലയം വർഷങ്ങളായി തകർന്നുകിടക്കുകയാണ്. കുട്ടികളുടെ പാർക്കിലെ ഇ-ടോയ്ലറ്റ് ആരംഭിച്ചനാൾ മുതൽതന്നെ തകരാറിലായി. ഇപ്പോൾ പാർക്കിന്റെ നവീകരണം നടന്നുവരുകയാണ്. കഴിഞ്ഞ പുതുവർഷപ്പിറവി ആഘോഷിക്കാൻ ഡിസംബർ 31ന് അഞ്ചുലക്ഷം പേർ ഫോർട്ട്കൊച്ചിയിലെത്തിയതായാണ് കണക്ക്.
യാത്രാ സൗകര്യമില്ലാതെ ഇവർ രാത്രി കുടുങ്ങിയപ്പോൾ രാവിലെ പ്രാഥമികാവശ്യങ്ങൾ നടത്താനാവാതെ വലഞ്ഞിരുന്നു. മറ്റൊരു പൈതൃക ടൂറിസം കേന്ദ്രമായ മട്ടാഞ്ചേരിയിലും ശൗചാലയങ്ങളുടെ കുറവ് സഞ്ചാരികളെ വലക്കുകയാണ്.
മട്ടാഞ്ചേരി ജെട്ടിയിൽനിന്ന് ബോട്ട് സർവിസ് നിലച്ചിട്ട് അഞ്ചുവർഷം
രാജ്യത്തെ ആദ്യ പാസഞ്ചർ ജെട്ടികളിൽ ഒന്നാണ് മട്ടാഞ്ചേരി ജെട്ടി. നവീകരണത്തിന് ജെട്ടി അടച്ചിട്ട് അഞ്ചുവർഷമായി. വിദേശികൾ അടക്കം ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിച്ചിരുന്ന ജെട്ടിയാണിത്. പ്രളയവേളയിൽ കായലിലൂടെ ഒഴുകിയെത്തിയ തടിക്കഷണങ്ങൾ ജെട്ടിക്കുസമീപം ചളിയിൽ പൂണ്ട് കിടപ്പുണ്ടത്രെ. ഇത് മാറ്റാതെ ബോട്ടടുപ്പിക്കാൻ കഴിയില്ലെന്നാണ് ജീവനക്കാർ പറയുന്നത്. ബോട്ട് അടുപ്പിക്കണമെങ്കിൽ തടികൾ മാറ്റണം. ഇതിന് ഡ്രഡ്ജിങ് നടത്തണം. അതിന് നടപടി ആകുന്നുമില്ല. മെട്രോ റെയിൽ ഇല്ലാത്തതും ജലമെട്രോ പദ്ധതി നടപ്പാക്കാത്തതും സഞ്ചാരികളുടെ യാത്രാസൗകര്യത്തെയാണ് ബാധിക്കുന്നത്. (തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.