Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ കാലത്തെ വിമാനയാത്ര; നിർദേശങ്ങളുമായി മുരളി തുമ്മാരുകുടി
cancel
Homechevron_rightTravelchevron_rightTravel Newschevron_rightകോവിഡ്​ കാലത്തെ...

കോവിഡ്​ കാലത്തെ വിമാനയാത്ര; നിർദേശങ്ങളുമായി മുരളി തുമ്മാരുകുടി

text_fields
bookmark_border

കോവിഡെന്ന മഹാമാരിയുടെ മുന്നിൽ ലോകം പകച്ചുനി​ൽക്കു​​േമ്പാഴും മനുഷ്യർക്ക്​ അത്യാവശ്യ യാത്രകൾ നടത്തിയേ തീരൂ. കർശന നിയന്ത്രണങ്ങളോടെ വിമാന സർവിസുകളടക്കം ആരംഭിച്ചത്​ പലർക്കും ഏറെ ആശ്വാസകരമാണ്​.

കോവിഡ്​ കാലത്ത്​ വിമാന യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പങ്കുവെക്കുകയാണ്​ ഐക്യരാഷ്​ട്ര പരിസ്ഥിതി പ്രോഗ്രാമിൽ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടി. കഴിഞ്ഞദിവസം അദ്ദേഹം കൊച്ചിയിൽനിന്ന്​ വിമാനത്തിൽ സൂറിക്കിലേക്കും അവിടെനിന്ന്​ ട്രെയിനിൽ ജനീവയിലേക്കും യാത്ര ചെയ്​തിരുന്നു. അതി​െൻറ അനുഭവവും അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചിട്ടുണ്ട്​.

ഫേസ്​ബുക്ക്​ പോസ്​റ്റി​െൻറ പൂർണരൂപം:

ഓണമൊക്കെ കഴിഞ്ഞ് സെപ്റ്റംബറിൽ ജനീവക്ക് തിരിച്ചുപോകാമെന്നാണ് പ്ലാൻ ചെയ്തിരുന്നത്. ബെയ്‌റൂട്ടിലെയും മൗറീഷ്യസിലെയും ദുരന്തങ്ങളുടെ സാഹചര്യത്തിൽ പ്ലാൻ മാറ്റേണ്ടി വന്നു. ഇന്നലെ ജനീവയിൽ തിരിച്ചെത്തി. ഇനി പതുക്കെ യാത്രകളുടെ കാലം വീണ്ടും വരികയാണ്.
നാട്ടിൽ നിന്നും തിരിച്ച് ജനീവയിലെത്താൻ അല്പം ബുദ്ധിമുട്ടുണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ ചെറിയ ചില അസൗകര്യങ്ങളൊഴിച്ചാൽ എല്ലാം സ്മൂത്ത് ആയിരുന്നു. കൊച്ചിയിൽ നിന്നും ഡൽഹി, ഡൽഹിയിൽ നിന്നും ആംസ്റ്റർഡാം അവിടെ നിന്നും സൂറിക്, പിന്നെ ട്രെയിനിൽ ജനീവ. സാധാരണ ദുബായ് വഴി 12 മണിക്കൂർ കൊണ്ട് ജനീവയിലെത്തുന്നിടത്ത് ഇത്തവണ 27 മണിക്കൂർ എടുത്തു.


യാത്രയിൽ വലിയ പരിശോധനകളുണ്ടാകുമെന്നും പ്രതീക്ഷിച്ചിരുന്നു, പക്ഷെ ഉണ്ടായില്ല. കോവിഡ് പരിശോധനയുടെ റിസൾട്ട് വേണമെന്നും സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണമെന്നുമൊക്കെ ട്രാവൽ ഏജന്റ് പറഞ്ഞിരുന്നു. അതെല്ലാം ഏറെ സമയമെടുത്ത് തയ്യാറാക്കുകയും ചെയ്തുവെങ്കിലും നാല് വിമാനത്താവളത്തിലും മൂന്നു രാജ്യത്തിലും രണ്ട് വിമാനക്കന്പനികളും അതിന്റെ ഒരന്വേഷണവുമുണ്ടായില്ല.
ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും പറഞ്ഞിരുന്നു, അതും ആരും അന്വേഷിച്ചില്ല. നമുക്ക് പനിയോ മറ്റു കോവിഡ് ലക്ഷണങ്ങളോ ഇല്ല എന്നും കോവിഡ് കണ്ടൈൻമെൻറ് സോണിൽ നിന്നുമല്ല എന്നും ഒരു സെൽഫ് ഡിക്ലറേഷൻ ഡൽഹി വിമാനത്താവളത്തിൽ ചോദിച്ചു. സൂറിക്കിൽ വിമാനം ഇറങ്ങിയപ്പോൾ സീറ്റ് നന്പറും താമസിക്കാൻ പോകുന്ന സ്ഥലത്തെ അഡ്ഡ്രസ്സും വാങ്ങിവെക്കുകയും ചെയ്തു.


മാസ്കും ഗ്ലൗവും കൂടാതെ ശരീരം മുഴുവൻ മൂടുന്ന ഡിസ്പോസബിൾ കവറോൾ സംഘടിപ്പിച്ചാണ് യാത്ര തുടങ്ങിയത് എങ്കിലും ഇക്കാര്യത്തിലും എയർലൈനുകൾക്ക് പ്രത്യേക നിർബന്ധമൊന്നും കണ്ടില്ല. മാസ്കും അതിന് മുൻപിൽ ഒരു ഷീൽഡുമാണ് എയർ ഇന്ത്യ ആവശ്യപ്പെട്ടത്. ഷീൽഡ് അവർ കൊച്ചി എയർപോർട്ടിൽ എല്ലാവർക്കും നൽകുകയും ചെയ്തു. വിമാനത്തിന്റെ മിഡിൽ സീറ്റിൽ ഇരിക്കുന്നവർക്ക് ഫുൾ സ്ലീവുള്ള ഏപ്രൺ പോലൊന്ന് നൽകി (ഡിസ്പോസബിൾ), മ്യൂണിക്കിന് പോകാൻ ലുഫ്താൻസായിൽ എല്ലാ യാത്രക്കാർക്കും കവറോളും ഷീൽഡും മാസ്കും നൽകിയത് കണ്ടു. കെ എൽ എമ്മിൽ മാസ്കും ഷീൽഡും മാത്രമേ ഉള്ളൂ, മാസ്ക് നാലു മണിക്കൂറിനുള്ളിൽ മാറ്റണമെന്ന നിർദ്ദേശവുമുണ്ട്.


സെക്യൂരിറ്റി ചെക്ക് അപ്പ് അല്പം കൂടി റിലാക്സ്ഡ് ആണെന്ന് തോന്നി. ഒരു സ്ഥലത്തും ഷൂസ് ഒന്നും മാറ്റാൻ പറഞ്ഞില്ല. ഒരു ലിറ്റർ വെള്ളക്കുപ്പികൾ എടുത്തു മാറ്റുന്നില്ല. സാധാരണ മെറ്റൽ ഡിറ്റക്ടർ ഒരു പൈപ്പിന്റെ അറ്റത്തു വച്ച് കെട്ടി അല്പം ദൂരെ നിന്നാണ് ചെക്ക് ചെയ്യുന്നത്. വേഗത്തിൽ തന്നെ കാര്യം കഴിയും. ചിലയിടങ്ങളിൽ ടെന്പറേച്ചർ ചെക്ക് ഉണ്ട്, എല്ലാ വിമാനത്താവളത്തിലും അതും കണ്ടില്ല.


ഡൽഹിയിലേക്കുള്ള വിമാനത്തിൽ വെള്ളം മാത്രം ഒരു കുപ്പിയിലാക്കി തരും, വിമാനം ടേക്ക് ഓഫിനും ലാന്റിങ്ങിനും തൊട്ട് മുൻപുള്ള സുരക്ഷ പരിശോധനക്കല്ലാതെ എയർ ഹോസ്റ്റസ് നമ്മുടെ അടുത്തേക്ക് വരുന്നില്ല. കെ എൽ എം ഒരു പൊതി നിറയെ ഭക്ഷണ സാധനങ്ങൾ വെള്ളം ഉൾപ്പെടെ ഓരോ സീറ്റിലും തന്നിട്ട് പോയി. ഇടക്കുള്ള സെർവിങ്, ഡ്യൂട്ടി ഫ്രീ ഒന്നുമില്ല. യൂറോപ്പിലുള്ള ഫ്ലൈറ്റുകളിൽ പഴയത് പോലെ കോഫീ സർവീസ് ഉണ്ട്.
കൊച്ചി വിമാനത്താവളത്തിൽ പൊതുവെ കാര്യങ്ങൾ വളരെ നന്നായിട്ടാണ് പോകുന്നത്, എല്ലാവർക്കും പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ അറിയാമെന്ന് തോന്നി. കൈ കഴുകാനും, സാനിറ്റൈസർ സ്പ്രേയും, ഫേസ് ഷീൽഡും, മാസ്കും എല്ലാം ആവശ്യത്തിന് സമയത്ത് ലഭ്യമാണ്.


ഡൽഹി വിമാനത്താവളത്തിൽ പക്ഷെ സാമൂഹിക അകലം ഒന്നുമില്ല. രാത്രി പന്ത്രണ്ടു മണിക്കുള്ള വിമാനത്തിന് രാവിലെ മുതൽ ആളുകൾ വന്നു വിമാനത്താവളത്തിന് മുന്നിൽ കുത്തിയിരിക്കുകയാണ്, അവിടെ ടോയ്‌ലറ്റ് സൗകര്യം കൂടാതെ ഇരിക്കാൻ ആവശ്യത്തിന് കസേര കൂടി ഇല്ല, വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂർ മുൻപ് മാത്രമേ യാത്രക്കാരെ വിമാനത്താവളത്തിന്റെ അകത്തേക്ക് കയറ്റൂ, അപ്പോഴക്കും വലിയ തിരക്കാകും. വിമാനത്താവളത്തിന് അകത്തേക്ക് കയറുന്ന ഗേറ്റിന് മുന്നിൽ ഒരു മണിക്കൂറിലേറെ ക്യു നിൽക്കുന്ന കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ളവരെ കണ്ടു. കൊറോണക്കാലത്ത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്, ഒഴിവാക്കേണ്ടതാണ്. ലോകത്തെ മറ്റു വിമാനത്താവളങ്ങളിലെ പോലെ ടിക്കറ്റ് ഉള്ളവർക്ക് വിമാനത്താവളത്തിലേക്ക് പ്രവേശനം നൽകിയാൽ ഒഴിവാക്കാവുന്ന പ്രശ്നമേ ഉള്ളൂ.


സ്വിറ്റ്​സലർലണ്ടിൽ ഇപ്പോഴും ഏതാണ്ട് കേരളത്തിലെ അത്ര തന്നെ (ആളോഹരി) പ്രതിദിന കേസുകൾ ഉണ്ട്. പക്ഷെ ഇവിടെ ആളുകൾ മാസ്ക് ധരിക്കുന്നുണ്ട് എന്നത് ഒഴിച്ചാൽ കൊറോണയുടെ ഒരു പ്രതീതിയും ഇല്ല. ട്രെയിനുകളും ബസുകളും നിറഞ്ഞ് ഓടുന്നുണ്ട്, റെസ്റ്റോറന്റുകളിൽ സാമൂഹിക അകലത്തിന് പ്രത്യേക നിബന്ധനകൾ ഇല്ല, കുട്ടികൾ പാർക്കിൽ കളിക്കുന്നുണ്ട്. അടുത്ത മാസം സ്‌കൂൾ പതിവ് പോലെ തുറക്കുമെന്നാണ് വായിച്ചത്. കേരളത്തിലും ഏറ്റവും വേഗത്തിൽ സ്‌കൂളുകൾ തുറക്കണമെന്ന് എനിക്ക് അഭിപ്രായമുണ്ട്. അതുകൊണ്ട് എന്തൊക്കെ മുൻകരുതലുകളാണ് സ്വിറ്റ്‌സർലൻഡിൽ സ്‌കൂളുകളിലെടുക്കാൻ പോകുന്നതെന്ന് അന്വേഷിച്ച് എഴുതാം.


മാസങ്ങൾക്ക് ശേഷം വീട്ടിലെത്തുന്പോൾ ഒരു കുന്നു ബില്ലുകൾ കൊടുത്തു തീർക്കാൻ ഉണ്ടെന്നതൊഴിച്ചാൽ മറ്റെല്ലാം അതുപോലെ തന്നെയുണ്ട്. ഇവിടെ ക്വാറന്റൈൻ നിബന്ധന ഇന്ത്യക്കാർക്ക് ഇല്ലെങ്കിലും ഞാൻ ഒരാഴ്ച സെൽഫ് ഐസൊലേഷനിൽ ആയിരിക്കും. അത് കഴിഞ്ഞാൽ ഒരുപക്ഷെ ബെയ്‌റൂട്ടിലേക്ക് പോകേണ്ടി വരും. അതിനുള്ള തയ്യാറെടുപ്പ് നടത്തണം.


നിങ്ങളിൽ പലരും ജോലി സ്ഥലത്ത് നിന്നും അല്ലെങ്കിൽ പഠിക്കുന്നിടത്തു നിന്നും നാട്ടിലെത്തി തിരിച്ചു പോകണോ എന്ന ചിന്തയിൽ ആയിരിക്കുമല്ലോ. അവർക്കായി കുറച്ചു നിർദ്ദേശങ്ങൾ നൽകാം.

1. നാട്ടിൽ നിന്നും തിരിച്ച് ജോലി സ്ഥലത്തേക്കോ പഠന സ്ഥലത്തേക്കോ പോകണമോ എന്ന തീരുമാനം പല കാര്യങ്ങളെ അനുസരിച്ച് ഇരിക്കും. നിങ്ങളുടെ ജോലിയുടെ രീതി, നിങ്ങളുടെ ജോലി നാട്ടിൽ നിന്ന് തന്നെ ഫലപ്രദമായി ചെയ്യാവുന്നതാണോ, നിങ്ങളുടെ എംപ്ലോയർ നിങ്ങൾ നാട്ടിൽ ജോലി ചെയ്യുന്നതിൽ സംതൃപ്തനാണോ, കുട്ടികളുടെ പഠനത്തെയും സാമൂഹ്യ ജീവിതത്തെയും നാട്ടിലെ ജീവിതം ബാധിക്കുന്നുണ്ടോ, നിങ്ങൾ തിരിച്ചു പോകാൻ ശ്രമിക്കുന്ന നാട്ടിൽ ഇപ്പോൾ കൊറോണയുടെ സ്ഥിതി എങ്ങനെയാണ്, അവിടുത്തെ ആരോഗ്യ സംവിധാനങ്ങൾ കഴിഞ്ഞ ആറുമാസത്തിനകം കൊറോണയെ കൈകാര്യം ചെയ്യുന്നതിൽ വിജയിച്ചിട്ടുണ്ടോ എന്നിങ്ങനെ അനവധി ചോദ്യങ്ങളിൽ എല്ലാ ചോദ്യത്തിനും ഒരു പോലെ നല്ല ഉത്തരം കിട്ടി എന്ന് വരില്ല, ജീവിതം എന്നത് ഒരു ബാലൻസ് ഓഫ് റിസ്ക് ആണല്ലോ. ഈ തീരുമാനം നിങ്ങൾ തന്നെ എടുത്തേ പറ്റൂ. എന്തായാലും വിമാനയാത്രയെ പേടിക്കേണ്ടതില്ല എന്നാണ് എന്റെ ഉപദേശം.


2. യാത്ര ചെയ്യാനുള്ള തീരുമാനം എടുത്തു കഴിഞ്ഞാൽ പിന്നെ ഏറ്റവും ഷോർട്ടും മിനിമം കണക്ഷനുമുള്ള റൂട്ട് തന്നെ നോക്കുക. എത്ര സമയം വിമാനത്തിൽ ഇരിക്കുന്നു എന്നതും എത്രമാത്രം ആളുകളുമായി അടുത്തിടപഴകേണ്ടി വരുന്നു എന്നതും നമ്മുടെ റിസ്ക്ക് കൂട്ടുകയാണ്. നേരിട്ട് ഗൾഫ് അല്ലെങ്കിൽ സിംഗപ്പൂർ വഴി പോകാൻ സാധിക്കുന്ന റൂട്ട് ആണ് നല്ലത്.


3. ബിസിനസ്സ് ക്ലാസ് ടിക്കറ്റ് എടുക്കാൻ സാഹചര്യമുള്ളവർ അതെടുക്കുന്നത് അല്പം റിസ്ക് കുറയ്ക്കും. ഇക്കോണമി ക്ലാസിൽ ആണ് ടിക്കറ്റ് എങ്കിൽ വിൻഡോ സീറ്റ് ചോദിച്ചു വാങ്ങുന്നതാണ് നല്ലത്, ഏറ്റവും കുറച്ച് ആളുകളുമായി ബന്ധപ്പെടുന്നത് അവരാണ്.


4. വിമാനത്താവളത്തിൽ പരമാവധി കുറച്ചു സമയം ചിലവാക്കുക. എയർ ഇന്ത്യക്ക് ഇപ്പോൾ ഓൺലൈൻ ചെക്ക് - ഇൻ ചെയ്യാം, ക്യു ഒഴിവാക്കാൻ ശ്രമിക്കുക, എയർപോർട്ടിൽ സാമൂഹിക അകലം മാർക്ക് ചെയ്ത സീറ്റുകൾ എല്ലാ സമയവും പാലിക്കുക.


5. മാസ്ക് എല്ലാ സമയത്തും ഉപയോഗിക്കുക. ഗ്ലൗവ് ഉണ്ടാകുന്നതും നല്ലതാണ്. കൂടുതൽ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ (കവറോൾ തൊട്ട് തൊപ്പി വരെ) എന്തും ആകാം. മിക്കവാറും ആളുകൾ മാസ്കും ഷീൽഡും മാത്രമേ ധരിക്കുന്നുള്ളൂ. ഫുൾ സ്ലീവ് വസ്ത്രങ്ങൾ നല്ല ആശയമാണെന്ന് തോന്നി.


6. ഓരോ നാലു മണിക്കൂറിലും മാസ്ക് മാറ്റി പുതിയത് വെക്കണമെന്നാണ് കെ എൽ എം നിർദ്ദേശിച്ചത്, ഞാൻ അതാണ് കൊച്ചി മുതൽ പ്രയോഗിച്ചതും. ആവശ്യത്തിന് മാസ്ക് കയ്യിൽ കരുതുക.


7. എ​െൻറ സുഹൃത്ത് ഡോക്ർ മനു (Manu Viswam) ഒരു ചെറിയ കുപ്പി സാനിറ്റൈസർ സ്പ്രേ തന്നിരുന്നു. ഈ യാത്രയിൽ ഏറ്റവും ഉപകാരപ്പെട്ടത് അതാണ്. ടോയ്‌ലറ്റിൽ ഉൾപ്പടെ ഇരിക്കുന്ന സീറ്റുകൾ അൽപ്പമെങ്കിലും സാനിറ്റൈസ് ചെയ്യാൻ ഏറെ ഉപകാരപ്പെടും.


8. ഓരോ രാജ്യത്തും പുതിയ പുതിയ ഫോമുകൾ പൂരിപ്പിക്കാനുള്ളതുകൊണ്ട് ഒരു പേന എപ്പോഴും കൈയിൽ കരുതണം.


9. ഇന്ത്യയിൽ യാത്രചെയ്യു​േമ്പാൾ ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യുന്നതും വിദേശത്തേക്ക് പോകുന്നതിന് മുമ്പ്​ കോവിഡ് ടെസ്റ്റ് ചെയ്യുന്നതും ശരിയായ കാര്യമാണ്. ആരും ചോദിച്ചില്ലെങ്കിലും ചുരുങ്ങിയത് രോഗമില്ല എന്ന് നമുക്ക് ഉറപ്പു വരുത്താമല്ലോ.


10. യാത്രയിൽ ഒരിടത്തും ചിരിക്കുന്ന മുഖങ്ങൾ കാണാനില്ല എന്നത് യാത്രയെ അൽപ്പം ഗ്ലൂമി ആക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പോസിറ്റീവ് ആയ എന്തെങ്കിലും വായിക്കാനെടുക്കുന്നത് നാന്നായിരിക്കും. മുരളി തുമ്മാരുകുടിയുടെ പുസ്തകങ്ങൾ ഞാൻ ധൈര്യമായി നിർദ്ദേശിക്കുന്നു.


ഓരോ വിമാനയാത്രയിലും അല്പം കൊറോണ റിസ്ക് ഉണ്ട്, അതിനെ മറ്റുള്ള റിസ്കുകളും ആയി താരതമ്യം ചെയ്യുക. ആവശ്യമെങ്കിൽ വിമാനയാത്രകൾ ചെയ്യാൻ തന്നെയാണ് എ​െൻറ പരിപാടി. താൽക്കാലത്തെ പ്ലാൻ അനുസരിച്ച് ഒക്ടോബറിൽ നാട്ടിൽ വീണ്ടും കാണും. വെബ്ബിനാറും ഇൻറർവ്യൂവും എവിടെ നിന്നും ചെയ്യാം എന്നുള്ളത് കൊണ്ട് നാട്ടിലെ കാര്യങ്ങളിൽ പഴയതിലും കൂടുതൽ ആക്റ്റീവ് ആയിരിക്കുകയും ചെയ്യും. 2021ഉം അസംബ്ലി തിരഞ്ഞെടുപ്പും വരികയല്ലേ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportflightscovidtravel
News Summary - travel in the time of covid at flights
Next Story