രാഹുൽ, ഒരതിശയ മനുഷ്യൻതന്നെ...
text_fieldsകോഴിക്കോട്: ‘കടുത്ത വെല്ലുവിളി ഉയർത്തുന്ന ലഡാക്കിന്റെ മലമടക്കുകളിലൂടെ ആറു ദിവസം കൊണ്ട് 1300 കിലോമീറ്റർ ബൈക്കിൽ സഞ്ചരിക്കുക അത്ര എളുപ്പമല്ല. പക്ഷേ, 150 ദിവസം കൊണ്ട് 4080 കിലോ മീറ്റർ കാൽനടയായി നടന്ന മനുഷ്യന് അത് അനായാസമായിരുന്നു..’ രാഹുൽ ഗാന്ധിക്കൊപ്പം ലഡാക്ക് മലനിരകളിൽ സാഹസിക ബൈക്ക് യാത്ര നടത്തിയ അഞ്ചംഗ സംഘത്തിലെ കോഴിക്കോട്ടുകാരനായ മുർഷിദ് ബഷീർ എന്ന മുർഷിദ് ബാൻഡിഡോസ് ആ ദിനങ്ങളെക്കുറിച്ച് ഓർക്കുന്നു.
അദ്ദേഹം ഒരത്ഭുതമാണ്. എന്തുകൊണ്ടാണ് ഇന്ത്യ മുഴുവൻ അദ്ദേഹത്തിന് അനായാസം താണ്ടാൻ കഴിഞ്ഞതെന്ന് ആ യാത്രയിൽ ഞങ്ങൾക്ക് ബോധ്യമായി. -രാഹുലിനെക്കുറിച്ച് പറയാനേറെ.
രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ജനസമ്പർക്കപരിപാടി കൂടി ലക്ഷ്യമിട്ടായിരുന്നു രാഹുൽ ഇന്ത്യയിലെ വിദഗ്ധരായ അഞ്ച് യുവ റൈഡർമാർക്കൊപ്പം സാഹസിക ബൈക്ക് യാത്ര നടത്തിയത്. രാഹുലിന്റെ സംഘമാണ് ഇന്ത്യയിലെ മികച്ച അഞ്ച് സാഹസിക ബൈക്ക് യാത്രികരെ കണ്ടെത്തിയത്. അവരിൽ ഒരാളായിരുന്നു സാഹസിക ബൈക്ക് സ്റ്റണ്ട് മോട്ടോറിസ്റ്റായ മുർഷിദ്.
കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിഡിയോയിലൂടെയാണ് കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ മുർഷിദും സംഘത്തിലുണ്ടായിരുന്ന വിവരം പുറത്തറിഞ്ഞത്. പുണെ സ്വദേശി നീലേഷ്, ചണ്ഡിഗഢ് സ്വദേശി രാകേഷ് ബിഷ്ട്, ലഡാക്കുകാരനായ സിംഘേ, മണാലി സ്വദേശി ടെൻസിങ് എന്നിവരായിരുന്നു മുർഷിദിനു പുറമെ സംഘത്തിലുണ്ടായിരുന്നത്.
‘ദിവസം മുഴുവൻ യാത്രചെയ്ത് വൈകീട്ട് ഞങ്ങളൊക്കെ ക്ഷീണിച്ച് കിടക്കാൻ പോകുമ്പോൾ രാഹുൽ ജനങ്ങൾക്കിടയിലേക്ക് പോകും. അവരുടെ വിശേഷങ്ങൾ ഒരു വിദ്യാർഥിയെപോലെ കേട്ടിരിക്കും.
രാത്രി ഏറെ വൈകി കിടന്നാലും അതിരാവിലെ കൂടുതൽ കരുത്തോടെ രാഹുൽ റെഡിയാവും.’- രാഹുലിന്റെ വൈബിനെക്കുറിച്ച് മുർഷിദ് പറയുന്നു. ലഡാക്കിലുള്ള ചൈനയുടെ കൈയേറ്റം നേരിൽ കണ്ട് മനസ്സിലാക്കാൻ കൂടിയായിരുന്നു രാഹുൽ ഈ മേഖലയിൽ ബൈക്ക് യാത്ര നടത്തിയത്. കെ.ടി.എം അഡ്വഞ്ചർ 390 ബൈക്കായിരുന്നു സംഘത്തിൽ എല്ലാവരും ഉപയോഗിച്ചത്.
ചെറിയ പ്രായത്തിൽതന്നെ ബൈക്ക് സ്റ്റണ്ടും റേസിങ്ങും നടത്തിയ മുർഷിദ് രാജ്യത്തെ മികച്ച ബൈക്ക് സ്റ്റണ്ടർമാരിൽ ഒരാളാണ്. ലോകപ്രശസ്ത ബൈക്ക് സ്റ്റണ്ട് പ്രഫഷനലായ ക്രിസ് ഫൈഫറിനൊപ്പം ബംഗളൂരുവിൽ സ്റ്റണ്ട് അവതരിപ്പിച്ചതോടെ കൂടുതൽ ശ്രദ്ധേയനുമായി.
ബാൻഡിറ്റ് ബൈക്കേഴ്സ് എന്നപേരിൽ സുഹൃത്തുക്കൾക്കൊപ്പം സ്റ്റണ്ട് ടീമും ഉണ്ടാക്കി ഇന്ത്യയിലെ വിവിധസ്ഥലങ്ങളിൽ പ്രദർശനങ്ങളും രാജ്യാന്തരതലത്തിൽ മികച്ച റേസ് ഇവന്റുകളും സംഘടിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് കാരപ്പറമ്പ് കരിക്കാംകുളം സ്വദേശി ബഷീർ ഹുസൈന്റെയും മുംതാസിന്റെയും മകനാണ് 35 കാരനായ മുർഷിദ്. ജുനൈജയാണ് ഭാര്യ. നാലു വയസ്സുകാരി വന്ന ഓർസയാണ് മകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.