യാത്രികരെ, ഇടുക്കി കാത്തിരിക്കുന്നു
text_fieldsപ്രകൃതി ഒരുക്കിവെച്ച കാഴ്ചകളാണ് ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇടുക്കിയുടെ അടയാളം. വെള്ളച്ചാട്ടങ്ങളും ജലാശയങ്ങളും വന്യജീവി സേങ്കതങ്ങളും മലനിരകളും കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ആയിരങ്ങളെ ആകർഷിക്കുന്നു. എന്നാൽ, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും അധികൃതരുടെ അശ്രദ്ധയും മൂലം അറിയപ്പെടാത്ത കാഴ്ചകൾ അതിലുമേറെയാണ്. ജില്ലയിലെ അത്തരം ചില സ്ഥലങ്ങൾ പരിചയപ്പെടാം....
എത്ര സുന്ദരി, ഏകയം
പീരുമേട്: സഞ്ചാരികളെ കാത്ത് പെരുവന്താനം ഗ്രാമപഞ്ചായത്തിലെ ഏകയം വെള്ളച്ചാട്ടം. വിജനമായ സ്ഥലത്തെ ജലസമൃദ്ധിയുടെ സൗന്ദര്യം നുകരാൻ എത്തുന്നത് നാമമാത്ര സഞ്ചാരികൾ. ദേശീയപാത 183ൽ പെരുവന്താനം ജങ്ഷന് സമീപം നാല് കിലോമീറ്ററർ ആഴങ്ങാട് റോഡിൽ സഞ്ചരിച്ച് ഇവിടെനിന്ന് 400 മീറ്റർ നടന്നാൽ വെള്ളച്ചാട്ടത്തിൽ എത്താം. 150 അടിയോളം ഉയരത്തിൽനിന്ന് പുഴയിൽ പതിക്കുന്ന വെള്ളച്ചാട്ടവും കുളവുമാണ് ആകർഷണം. മഴക്കാലത്ത് സജീവവും വേനലിൽ വറ്റാത്തതുമായ നീരൊഴുക്കാണ് ഇവിടുത്തേത്. പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങി സമീപ പ്രദേശങ്ങളിൽ എത്തുന്ന സഞ്ചാരികൾക്ക് പോലും ഏകയത്തെക്കുറിച്ച് അറിയില്ല. അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കിയാൽ പെരുവന്താനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഏകയം മാറും.
എന്ത് രസമാണീ പുഴയോരം
മുട്ടം: അടിസ്ഥാന സൗകര്യം ഒരുക്കിയാൽ ശങ്കരപ്പള്ളിയെ നല്ലൊരു വിനോദകേന്ദ്രമാക്കി മാറ്റാം. മുട്ടം-മൂലമറ്റം റൂട്ടിൽ മുട്ടം വില്ലേജ് ഓഫിസിന് സമീപത്തെ പുഴയോരമാണ് യാത്രികരുടെ ഇഷ്ട വിശ്രമകേന്ദ്രമായി മാറിയിരിക്കുന്നത്. മൂലമറ്റം നിലയത്തിൽനിന്ന് വൈദ്യുതി ഉൽപാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളം കയറിക്കിടക്കുന്ന മലങ്കര ജലാശയത്തിെൻറ ഭാഗമാണിത്. ആഴം കുറഞ്ഞതും വിശാലവുമായ ഇവിടെ മനോഹരവും ശാന്തവുമായ പ്രകൃതിയുമാണ്. രണ്ട് കല്ലുകൾക്ക് മുകളിൽ ഒടിഞ്ഞ വൈദ്യുതി കാല് കയറ്റിവെച്ചതാണ് ഇവിടുത്തെ ഏക ഇരിപ്പിടം. കൂടുതൽ ഇരിപ്പിടങ്ങൾ ഒരുക്കുകയും സമീപ സ്ഥലങ്ങൾ സൗന്ദര്യവത്കരിക്കുകയും ചെയ്താൽ സഞ്ചാരികൾ ഇവിടം തേടിയെത്തും.
ഈ പ്രദേശം വനംവകുപ്പിെൻറ അധീനതയിലാണ്. സംസ്ഥാന സർക്കാറിെൻറ 'ഒരു പഞ്ചായത്തിൽ ഒരു ടൂറിസം കേന്ദ്രം' പദ്ധതിയിലേക്ക് ഈ സ്ഥലത്തിെൻറയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. 'ടേക്ക് എ ബ്രേക്ക്' പദ്ധതിയിൽപ്പെടുത്തി വഴിയിട വിശ്രമകേന്ദ്രം കൂടി ഇവിടെ സ്ഥാപിച്ചാൽ ഏറെ ഗുണകരമാകും.
സാഹസികരെ ത്രസിപ്പിച്ച് കരടിപ്പാറ
കട്ടപ്പന: സാഹസിക സഞ്ചാരികളുടെ സ്വപ്ന ഭൂമിയായ കരടിപ്പാറ സഞ്ചാരികളെ മാടിവിളിക്കുന്നു. ഇടുക്കി വന്യജീവി സങ്കേതത്തിൽ കട്ടപ്പനക്ക് സമീപം അഞ്ചുരുളിയിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് കരടിപ്പാറ. പേഴുംകണ്ടത്തുനിന്ന് വനത്തിലെ ഒറ്റയടിപ്പാതയിലൂടെ രണ്ട് കിലോമീറ്റർ നടന്നാൽ കരടിപ്പാറ ട്രെക്കിങ് കേന്ദ്രത്തിലെത്താം.
കരടിപ്പാറയിലെ കൂറ്റൻ ഗുഹയും അടുപ്പിച്ച മൂന്ന് വെള്ളച്ചാട്ടങ്ങളും വനത്തിലെ അത്യപൂർവ മരങ്ങളുടെ വേരുകളും വള്ളികളും വളർന്ന് പ്രകൃതി ഒരുക്കിയ കാണാക്കാഴ്ചകളും സഞ്ചാരികളെ മറ്റൊരു ലോകത്തെത്തിക്കും.ചുറ്റും പാറക്കെട്ടുകൾ നിറഞ്ഞ ഈ സ്ഥലത്തുനിന്ന് കരിമ്പാറകൾ ജലാശയത്തിലേക്ക് ഉൗർന്നിറങ്ങുന്ന കാഴ്ച മനോഹരമാണ്. കരടിപ്പാറയിലെ പാറക്കെട്ടുകൾക്ക് മുകളിൽ ഇടുക്കി ഡാമിലെ ജലാശയത്തിെൻറ വിദൂര ഭംഗി ആസ്വദിച്ചു മതിമറന്ന് ഇരിക്കാം. പാറക്കെട്ടിനു മുകളിൽകൂടി ഇറങ്ങിച്ചെല്ലുന്നത് ഒരു വിടവിലേക്കാണ്. പാറക്കെട്ടുകളുടെ മധ്യഭാഗത്ത് എത്തിയാൽ വിസ്മയങ്ങളുടെ കലവറയാണ്. വൃക്ഷങ്ങളുടെ വേരുകൾ താങ്ങിനിർത്തി പാറകൾ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന കാഴ്ച വേറിട്ടതാണ്. കരടി ഗുഹയുടെ മറുവശത്ത് ഒന്നാം അരുവി, രണ്ടാം അരുവി, മൂന്നാം അരുവി എന്നിങ്ങനെ മൂന്ന് നീർച്ചാലുകളിലായി മൂന്ന് ജലപാതങ്ങൾ. തടാകത്തിെൻറ വശംചേർന്ന് വീണ്ടും നടന്നാൽ എത്തിപ്പെടുന്നത് അഞ്ചുരുളി മുനമ്പിലാണ്. മൂന്നു വശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട് തടാകത്തിലേക്ക് ഇറങ്ങിക്കിടക്കുന്ന ഇവിടം ഒരു കൊച്ചു പാർക്കിനെയാണ് അനുസ്മരിക്കുന്നത്. അഞ്ചുരളി ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്നവർക്ക് കരടിപ്പാറയിലെത്താൻ വനസംരക്ഷണ സമിതി സൗകര്യം ഒരുക്കും.
സഞ്ചാരികളെ കാത്ത് 106 കേന്ദ്രങ്ങൾ
തൊടുപുഴ: ജില്ലയിൽ സഞ്ചാരികൾ കാര്യമായി എത്തിപ്പെടാത്ത 106 കേന്ദ്രങ്ങളെക്കുറിച്ച വിവരങ്ങൾ ടൂറിസം വകുപ്പിന് കൈമാറിയിട്ടുണ്ട്. 'ഒരു പഞ്ചായത്തിൽ ഒരു ടൂറിസം കേന്ദ്രം' പദ്ധതിയിലേക്ക് പരിഗണിക്കുന്നതിനാണ് ജില്ലയിലെ അറിയപ്പെടാത്തതും വിനോദസഞ്ചാര സാധ്യതയുള്ളതുമായ കേന്ദ്രങ്ങളുടെ വിവരങ്ങൾ നൽകിയത്. കുമളി, മണക്കാട്, രാജാക്കാട്, കാന്തല്ലൂർ, കുടയത്തൂർ, വാത്തിക്കുടി, ഉടുമ്പന്നൂർ, മുട്ടം, കൊക്കയാർ, ചക്കുപള്ളം, മരിയാപുരം, കൊന്നത്തടി, പുറപ്പുഴ, ഉപ്പുതറ, രാജകുമാരി, വെള്ളിയാമറ്റം, സേനാപതി, വെള്ളത്തൂവൽ, കുമാരമംഗലം, അയ്യപ്പൻകോവിൽ, കോടിക്കുളം, ഇരട്ടയാർ, കാമാക്ഷി, ഉടുമ്പൻചോല, വെള്ളത്തൂവൽ, പാമ്പാടുംപാറ, പീരുമേട്, കഞ്ഞിക്കുഴി, കരിമണ്ണൂർ, ഇടവെട്ടി, ചിന്നക്കനാൽ, ശാന്തൻപാറ, മറയൂർ, വണ്ണപ്പുറം, ബൈസൺവാലി, കാഞ്ചിയാർ പഞ്ചായത്തുകളിലെ 106 കേന്ദ്രങ്ങളാണ് പട്ടികയിലുള്ളത്.
പരിഗണിക്കണം, പാൽക്കുളം മേടിനെ
ചെറുതോണി: വിനോദസഞ്ചാര വികസനത്തിെൻറ അനന്ത സാധ്യതകളുമായി പാൽക്കുളം മേട് സഞ്ചാരികളെ മാടിവിളിക്കുന്നു. ഹരിതാഭമായ മലനിരകളും അരുവികളും ചെറുവെള്ളച്ചാട്ടങ്ങളും ചെറുതോണിയിൽനിന്ന് 15 കിലോമീറ്റർ അകലെയുള്ള ഇവിടുത്തെ മനോഹരായ കാഴ്ചകളാണ്.
ഏതാനും കുന്നുകൾ ചേർന്നിരിക്കുന്ന നിരപ്പായ പാൽക്കുളം മേട് സമുദ്രനിരപ്പിൽനിന്ന് 3000 അടി ഉയരത്തിലാണ്. വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളുടെ അതിർത്തിയാണിവിടം. കുന്നിന്മുകളിൽനിന്ന് പാലുപോലെ അരുവികൾ ഒഴുകിയെത്തി താഴെ ഒരു തടാകം രൂപപ്പെടുന്നു. പ്രകൃതിദത്തമായ ഈ തടാകത്തിന് ചുറ്റുമുള്ള വനത്തിൽ ആനകളടക്കം വന്യമൃഗങ്ങളുമുണ്ട്. മൃഗങ്ങൾ ഇവിടെ വെള്ളം കുടിക്കാനെത്തും. സമീപത്തെ തുളയണ്ണൻ മലയിൽ ഒരാൾക്ക് കടന്നുപോകാവുന്ന, പ്രകൃതിദത്തമായ ഒരു തുരങ്കമുണ്ട്. ഇതിൽ കയറിയിറങ്ങുക സഞ്ചാരികൾക്ക് ഹരമാണ്.
തൊടുപുഴ-ഉടുമ്പന്നൂർ റോഡ് പൂർത്തിയായാൽ തൊടുപുഴയിൽനിന്ന് 30 കിലോമീറ്റർ സഞ്ചരിച്ച് ഇവിടെയെത്താം. ഇപ്പോൾ 74 കിലോമീറ്റർ സഞ്ചരിക്കണം. ഇടുക്കി-നേര്യമംഗലം വഴി വന്നാൽ ചുരുളിയിൽ നിന്നോ തടിയമ്പാട് മഞ്ഞപ്പാറ വഴിയോ പാൽക്കുളം മേട്ടിലെത്താം. വിശ്രമത്തിനും താമസത്തിനും ഗതാഗതത്തിനും സൗകര്യം ഒരുക്കിയാൽ സഞ്ചാരികളെ ആകർഷിക്കാം. എന്നാൽ, അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
മനസ്സുകവർന്ന് ഞണ്ടിറുക്കി
തൊടുപുഴ: മഴക്കാലത്തിെൻറ സമ്മാനമാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം. വേനലിൽ മെലിഞ്ഞുണങ്ങി അപ്രത്യക്ഷമാകുന്ന വെള്ളച്ചാട്ടം മഴ സമൃദ്ധമാകുന്നതോടെ ഏതൊരു സഞ്ചാരിയുടെയും മനസ്സിൽ ഒന്ന് ഇറുക്കിപ്പിടിക്കും. ജില്ലയിലെ മറ്റ് പല ചെറിയ വെള്ളച്ചാങ്ങളെക്കാളും മനോരഹരമാണെങ്കിലും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളില്ലാത്തതിനാൽ അധികം അറിയപ്പെടാതെ പോകുകയാണ്.
വർഷകാലത്ത് മലമുകളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം പാറക്കൂട്ടങ്ങൾക്കിടയിലൂടെ 200 അടി താഴ്ചയിലേക്ക് പതിക്കുന്നതാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം. തൊടുപുഴയിൽനിന്ന് 20 കിലോമീറ്റർ അകലെ പൂമാലയിലെത്തിയാൽ വെള്ളിയാമറ്റം പഞ്ചായത്തിലെ ഞണ്ടിറുക്കി വെള്ളച്ചാട്ടത്തിനടുത്ത് നടന്നെത്താം. പൂമാല ട്രൈബൽ സ്കൂൾ ജങ്ഷനിൽ ബസിറങ്ങി അരക്കിലോമീറ്ററോളം താഴേക്ക് നടന്നാൽ പാറക്കൂട്ടങ്ങളെ തഴുകി ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടം ദൃശ്യമാകും. പാറക്കൂട്ടങ്ങൾക്കരികിലെ പടികളിലൂടെ 400 മീറ്ററോളം മുകളിലേക്ക് കയറുേമ്പാൾ ജലപാതത്തിെൻറ ചുവട്ടിലെത്തും. മറ്റൊരു വഴിയിലൂടെ വെള്ളച്ചാട്ടത്തിെൻറ മധ്യഭാഗത്തെ വ്യൂ പോയൻറിലെത്താനും സൗകര്യമുണ്ട്. പാർക്കിങ് സൗകര്യവും സൗകര്യപ്രദമായ റോഡും ഇല്ലാത്തതിനാൽ ഇവിടെയെത്തുന്ന സഞ്ചാരികൾ വാഹനങ്ങൾ പൂമാലയിൽത്തന്നെ നിർത്തിയിടുകയാണ്. വെള്ളച്ചാട്ടത്തിന് സമീപത്തെ ഇടതൂർന്ന പച്ചപ്പും ശാന്തതയും വ്യത്യസ്തമായ യാത്രകൾ ഇഷ്ടപ്പെടുന്നവരെ ആകർഷിക്കും.
വെള്ളച്ചാട്ടത്തെക്കുറിച്ച് കേട്ടറിഞ്ഞ് നിരവധി സഞ്ചാരികൾ മഴക്കാലത്ത് എത്താറുണ്ടെങ്കിലും സമീപത്ത് താമസസൗകര്യമോ വെളിച്ചത്തിന് മതിയായ സംവിധാനങ്ങളോ വിശ്രമകേന്ദ്രങ്ങളോ ഇല്ലാത്തത് പോരായ്മയാണ്. അടിസ്ഥാന സൗകര്യങ്ങളും സുരക്ഷ സംവിധാനങ്ങളും ഒരുക്കിയാൽ മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഇവിടം മാറും.
ചില്ലറക്കാരിയല്ല ചില്ലിത്തോട്
അടിമാലി: വെള്ളച്ചാട്ടങ്ങളുടെ നാടായ ഇടുക്കിയില്‍ അധികം അറിയപ്പെടാത്തതാണ് അടിമാലി പഞ്ചായത്തിൽ ഇരുമ്പുപാലത്തിന് സമീപത്തെ ചില്ലിത്തോട് വെള്ളച്ചാട്ടം. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ കണ്ട് ഇരുമ്പുപാലം ടൗണില്‍ എത്തണം. ഇവിടെനിന്ന് പടിക്കപ്പ് റോഡിലൂടെ അരക്കിലോമറ്റര് സഞ്ചരിച്ചാല്‍ ചില്ലിത്തോട് വെള്ളച്ചാട്ടത്തിലെത്താം.
200 അടിയിലേറെ ഉയരത്തില്‍നിന്ന് ദേവിയാര്‍ പുഴയിലേക്ക് ഒലിച്ചിറങ്ങിയെത്തുന്ന ഈ വെള്ളച്ചാട്ടം ചീയപ്പാറ വെള്ളച്ചാട്ടത്തോളം ഭംഗിയുള്ളതാണ്. എന്നാല്‍, അടുത്തുനിന്ന് കാണാന്‍ പറ്റില്ല. ദേവിയാര്‍ പുഴക്ക് കുറുകെ പാലം നിർമിക്കുകയും അടിസ്ഥാന സൗകര്യം ഒരുക്കുകയും ചെയ്താല്‍ ജില്ലയിലെ മികച്ച വെള്ളച്ചാട്ടങ്ങളുടെ ഗണത്തിലേക്ക് ചില്ലിത്തോടിനെയും കൊണ്ടുവരാനാകും. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ഉത്തരവാദിത്ത ടൂറിസം പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ മുന്തിയ പരിഗണന നല്‍കിയത് ചില്ലിത്തോട് വെള്ളച്ചാട്ടത്തിനാണ്. സഞ്ചാരികള്‍ക്ക് പെട്ടെന്ന് ചെന്നെത്താന്‍ കഴിയുന്നതും അപകടരഹിതവുമെന്ന മികവാണ് ചില്ലിത്തോടിന് അനുകൂലമായത്. ഇതോടെ ഡി.ടി.പി.സിയുമായി ചേര്‍ന്ന് പദ്ധതിയും തയാറാക്കി. പടിക്കപ്പ് പെരുമഞ്ഞച്ചാല് വനത്തില്‍നിന്ന് ഉത്ഭവിച്ചൊഴുകുന്ന തോടിെൻറ ഭാഗമാണ് ഈ വെള്ളച്ചാട്ടം. വര്‍ഷത്തില്‍ എട്ടുമാസം മാത്രമാണ് ഇവിടെ നീരോഴുക്ക്. അടിസ്ഥാന സൗകര്യങ്ങളൊരുക്കി മുകള്‍ ഭാഗത്ത് തടയണ ഉള്‍പ്പെടെ നിർമിച്ചാല്‍ 12 മാസവും ഈ വെള്ളച്ചാട്ടം നിലനിര്‍ത്താം. ഇതിെൻറ നേരെ എതിര്‍ദിശയിലെ പാതയിലൂടെ ഒന്നരക്കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മുടിപ്പാറച്ചാല്‍ വ്യൂ പോയൻറിലുമെത്താം. പ്രകൃതിരമണീയമായ ഇവിടെ മൊട്ടക്കുന്നുകളും പച്ചപിടിച്ച കാനനവും വിദൂര കാഴ്ചകളും ആരെയും ആകർഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.