അടൽ ടണലിൽ ഡാൻസ് കളിച്ച സഞ്ചാരികൾക്ക് പണികിട്ടി; മൂന്ന് കാറുകളും പിടിച്ചെടുത്തു
text_fieldsമണാലി: അടൽ ടണലിൽ ഗതാഗതക്കുരുക്കിന് കാരണമാകും വിധം ഉച്ചത്തിൽ പാട്ടുവെച്ച് നൃത്തം ചെയ്ത വിനോദ സഞ്ചാരികൾ അറസ്റ്റിൽ. ഇവരുടെ മൂന്ന് കാറുകളും കുളു പൊലീസ് പിടിച്ചെടുത്തു. 19നും 25നും ഇടയിൽ പ്രായമുള്ള ഏഴുപേരെയും ഡ്രൈവറെയും ഡൽഹിയിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ടണലിന് നടുവിൽ വിനോദ സഞ്ചാരികൾ നൃത്തം ചെയ്യുന്ന വിഡിയോ പുറത്തുവന്നതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽപേർ അറസ്റ്റിലാവുമെന്നും പൊലീസ് പറഞ്ഞു.
'ട്രാഫിക് നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് വിനോദസഞ്ചാരികൾ നടത്തിത്. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. തുരങ്കത്തിലെ ഇത്തരം പ്രവർത്തനങ്ങൾ യാത്രക്കാർക്ക് ഭീഷണിയാണ്' -കുളു പൊലീസ് സൂപ്രണ്ട് ഗൗരവ് സിംഗ് പറഞ്ഞു. ഡൽഹി നരേല നിവാസികളായ സിമ്രാൻ സിംഗ് (25), റിതിക് ഗോയൽ (20), ഹർപ്രീത് സിംഗ് (21), രവീൻ മംഗൽ (19), ശിവം സിംഗാൽ (19), റിഷവ് ഗുപ്ത (19), സന്ദീപ് (37) എന്നിവരാണ് അറസ്റ്റിലായത്.
ഒക്ടോബർ മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുരങ്കം ഉദ്ഘാടനം ചെയ്തത്. അതിനുശേഷം വിനോദസഞ്ചാരികൾ തുരങ്കത്തിൽ മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി പരാതിയുണ്ട്. ധാരാളം അപകടങ്ങളും ഇവിടെ നടന്നു.
തുരങ്കത്തിൽ വാഹനം നിർത്തുക, അമിത വേഗത, തെറ്റായ രീതിയിൽ വാഹനം മറികടക്കുക എന്നിവ നേരത്തെ തന്നെ നിരോധിച്ചിട്ടുണ്ട്. എമർജൻസി എക്സിറ്റ് വഴിയുള്ള സഞ്ചാരവും പാടില്ല. തെക്ക് ഭാഗത്തെ പ്രവേശനം കവാടത്തിന് 200 മീറ്റർ മുമ്പ് മുതൽ തുരങ്കം അവസാനിക്കുന്നത് വരെ ഫോേട്ടായും വിഡിയോയും എടുക്കാൻ പാടില്ലെന്നും കുളു ജില്ല മജിസ്ട്രേറ്റ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
മണാലി - ലേ ഹൈവേയിലാണ് തുരങ്കപാത. മണാലിയിലെത്തുന്ന സഞ്ചാരികൾ ഇപ്പോൾ തുരങ്കം കൂടി സന്ദർശിച്ചാണ് മടങ്ങുന്നത്. 1000 അടി ഉയരത്തിൽ 9.2 കിലോമീറ്റർ നീളമുള്ള തുരങ്കം ലോകത്തെ തന്നെ ഏറ്റവും വലിയ ഹൈവേ തുരങ്കമാണ്. 3,086 കോടിയാണ് പദ്ധതിയുടെ നിർമാണച്ചെലവ്.
മണാലി-ലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം കുറക്കാനാവും. മാത്രമല്ല, മഞ്ഞുമൂടുന്നതിനാൽ ആറ് മാസത്തോളം റോഹ്ത്താങ് പാസ് വഴി ഗതാഗതം സാധ്യമാകാറില്ലായിരുന്നു. വളരെ തന്ത്രപ്രധാനമായ ഭാഗമായതിനാൽ പട്ടാളത്തിന് ഉൾപ്പെടെ ഏറെ പ്രയോജനകരമാണ് തുരങ്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.