നാട് കാണാൻ ടുക് ടുക് വണ്ടി
text_fieldsകൽപറ്റ: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സാമ്പത്തിക ഉത്തരവാദിത്തത്തിൽ ഉൾപ്പെടുത്തിയ ടുക് ടുക് വയനാട് പദ്ധതിയിലൂടെ വിനോദസഞ്ചാരികൾക്ക് ഓട്ടോയിൽ വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളിൽ കറങ്ങാനാവുന്ന പദ്ധതി നടപ്പാക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി കഴിഞ്ഞ ദിവസം ആരംഭിച്ചു. കലക്ടർ എ. ഗീത ഫ്ലാഗ് ഓഫ് ചെയ്ത ടുക് ടുക് യാത്രയിൽ ആദ്യദിനം തന്നെയെത്തിയത് വിദേശികളായ യാത്രക്കാർ. ബെൽജിയം സ്വദേശികളായ മിലി സുസിൻ, ബാസ്റ്റിൻ ഗ്രോമെച്ച് എന്നിവരായിരുന്നു കന്നി യാത്രക്കാർ. വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം എളുപ്പത്തിൽ സന്ദർശിക്കാനുള്ള അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഇവർ പറഞ്ഞു.
ജില്ലയിലെ നൂറോളം ഓട്ടോ ഡ്രൈവർമാർക്കാണ് ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ഡി.ടി.പി.സി പരിശീലനം നൽകിയത്. വൈത്തിരി, അമ്പലവയൽ, സുൽത്താൻ ബത്തേരി എന്നീ സ്ഥലങ്ങളാണ് പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത്.
സംരംഭം പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ചെലവ് കുറഞ്ഞ ഗതാഗതം ഉറപ്പാക്കാനും സഹായിക്കുമെന്ന് കലക്ടർ എ. ഗീത അഭിപ്രായപ്പെട്ടു.
ജില്ലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും കൂടുതൽ ഡ്രൈവർമാരെ കണ്ടെത്താനുള്ള ശ്രമങ്ങളും ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് പദ്ധതി ഏറെ ഉപകാരപ്പെടുമെന്നുമാണ് ഡി.ടി.പി.സിയുടെ പ്രതീക്ഷ. കൂടുതൽ ഓട്ടോ ഡ്രൈവർമാരെ കണ്ടെത്തി മാർച്ച് പകുതിയോടെ കൂടുതൽ പരിശീലനം നൽകും. സഞ്ചാരികളുടെ ജനപ്രീതിയുടെ അടിസ്ഥാനത്തിൽ ഭാവിയിൽ കൂടുതൽ സ്ഥലങ്ങൾ കണ്ടെത്താനാണ് ഡി.ടി.പി.സി നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.