
സാധാരണ വിമാനങ്ങളേക്കാൾ ഇരട്ടിവേഗം; വീണ്ടും യാത്രക്കാരെ വഹിക്കാനൊരുങ്ങി സൂപ്പർസോണിക് ജെറ്റുകൾ
text_fields15 സൂപ്പർസോണിക് ജെറ്റുകൾ വാങ്ങാനുള്ള പദ്ധതി അമേരിക്കയിലെ യുനൈറ്റഡ് എയർലൈൻസ് പ്രഖ്യാപിച്ചതോടെ വിമാന യാത്രയുടെ ഭാവി ഇനി കൂടുതൽ വേഗത്തോടൊപ്പമാകും. 2029ഓടെ സൂപ്പർ സോണിക് വിമാനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2003ൽ കോൺകോർഡ് ജെറ്റ് നിർത്തലാക്കിയശേഷം ഇത്തരത്തിലുള്ള ആദ്യത്തെ വാണിജ്യ സൂപ്പർസോണിക് ഫ്ലൈറ്റുകളാണ് യുനൈറ്റഡ് എയർലൈൻസ് സ്വന്തമാക്കുന്നത്.
ഡെൻവർ ആസ്ഥാനമായുള്ള വിമാന നിർമാതാക്കളായ ബൂം സൂപ്പർസോണിക്കിൽ നിന്ന് 15 ജെറ്റുകൾ യുനൈറ്റഡ് എയർലൈൻസ് വാങ്ങും. ഈ വിമാനങ്ങളുടെ പരീക്ഷണഓട്ടം 2026ഓടെ നടത്തും. 2029ൽ ഇവ യാത്രക്കാരെ വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്തിന് ഓവർച്വർ എന്നാണ് പേരിട്ടിരിക്കുന്നത്.
നേരത്തെ കോൺകോർഡ് സൂപ്പർസോണിക് വിമാനങ്ങൾ യാത്രക്കാരുമായി സർവിസ് നടത്തിയിരുന്നെങ്കിലും ശബ്ദനിയന്ത്രണങ്ങളടക്കം വന്നതോടെ 2003ൽ കമ്പനി നിർത്തലാക്കുകയായിരുന്നു. എന്നാൽ, പുതിയ സാങ്കേതിക വിദ്യയുമായിട്ടാണ് ഓവർച്വർ വിമാനങ്ങൾ വരുന്നത്. നിലവിലെ വിമാനങ്ങളുടെ ഇരട്ടിവേഗമാണ് ഇതിനുണ്ടാവുക.
3.5 മണിക്കൂറിനുള്ളിൽ ന്യയോർക്ക്, ന്യൂജേഴ്‌സി എന്നിവിടങ്ങളിൽ നിന്ന് ലണ്ടനിലേക്ക് പറന്നെത്താൻ കഴിയും. ന്യൂയോർക്കിൽനിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് നാല് മണിക്കൂറും സാൻ ഫ്രാൻസിസ്കോയിൽനിന്ന് ടോക്യയോയിലേക്ക് ആറ് മണിക്കൂറുമാണ് വേണ്ടിവരിക. ഇതോടെ യാത്രാസമയം ഗണ്യമായി കുറക്കാൻ സാധിക്കും. ഇത് കൂടാതെ സീറോ കാർബൺ എമിഷനായതിനാൽ അന്തരീക്ഷം മലിനീകരണത്തിൻെറ പ്രശ്നവുമില്ല.
വാണിജ്യടിസ്ഥാനത്തിലുള്ള സൂപ്പർസോണിക് വിമാന യാത്രകൾ 1970കളിൽ കോൺകോർഡാണ് അവതരിപ്പിച്ചത്. എന്നാൽ, പാരിസ്ഥിതിക നിയന്ത്രണങ്ങൾ പാലിക്കാനുള്ള ഉയർന്ന ചെലവ് കാരണം 2003ൽ ഇവ നിർത്തലാക്കി.
കൂടാതെ 150ന് താഴെ സീറ്റുള്ള വിമാനത്തിൽ ഉയർന്നനിരക്കാണ് ഈടാക്കിയിരുന്നത്. ഇത് സാധാരണക്കാർക്ക് അപ്രാപ്യമായിരുന്നു. എയർ ഫ്രാൻസും ബ്രിട്ടീഷ് എയർവേയ്‌സും മാത്രമാണ് ഈ വിമാനങ്ങൾ ഉപയോഗിച്ചത്.
2014ൽ സ്ഥാപിതമായ ഡെൻവർ ആസ്ഥാനമായുള്ള ബൂം സൂപ്പർസോണിക്, അമേരിക്കൻ എയർഫോഴ്സിന് ഓവർച്വറിൻെറ സൈനിക പതിപ്പ് വിതരണം ചെയ്യുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.