രാജ്യത്തെ രണ്ട് ചരിത്ര നഗരങ്ങൾ കൂടി യുനെസ്കോ പൈതൃക പട്ടികയിൽ
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ രണ്ട് ചരിത്ര നഗരങ്ങളെ കൂടി യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. കോട്ട നഗരമായ ഗ്വാളിയാർ, വിവിധ ക്ഷേത്രങ്ങളാൽ പ്രശസ്തമായ ഓർച്ച എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ടത്. അർബൻ ലാൻഡ്സ്കേപ്പ് സിറ്റി പ്രോഗ്രാമിലാണ് ഇവ ഉൾപ്പെട്ടിട്ടുള്ളത്.
വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയിലെ അന്താരാഷ്ട്ര സഹകരണത്തിലൂടെ ലോക സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ യുനെസ്കോ ലക്ഷ്യമിടുന്നത്. പൈതൃക നഗര പട്ടികയിൽ ഉൾപ്പെടുന്നതോടെ ഗ്വാളിയോറിെൻറയും ഓർച്ചയുടേയും മുഖഛായ തന്നെ മാറുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
യുനെസ്കോയും സംസ്ഥാന ടൂറിസം വകുപ്പും ചേർന്ന് രണ്ട് സ്ഥലങ്ങളും കൂടുതൽ മോടികൂട്ടാൻ ആവശ്യമായ മാസ്റ്റർ പ്ലാൻ തയാറാക്കും. അടുത്തവർഷം യുനെസ്കോ സംഘം സംസ്ഥാനം സന്ദർശിക്കും. പൈതൃക സ്വത്തുക്കൾ പരിശോധിച്ച ശേഷം അവയുടെ വികസനത്തിനും സംരക്ഷണത്തിനുമായി പദ്ധതികൾ ഒരുക്കും.
ഒമ്പതാം നൂറ്റാണ്ടിലാണ് ഗ്വാളിയോർ നഗരം സ്ഥാപിക്കപ്പെടുന്നത്. ഗുർജാർ പ്രതിഹാർ രാജ്വാൻഷ്, തോമർ, ബാഗേൽ കച്‌വാഹോ, സിന്ധ്യാസ് തുടങ്ങിയവരാണ് ഇവിടം ഭരിച്ചത്. കോട്ടകൾ, കൊട്ടാരങ്ങൾ എന്നിവയെല്ലാം ഇതിെൻറ ഓർമകളായി ഉയർന്നുനിൽക്കുന്നു.
ക്ഷേത്രങ്ങൾക്കും കൊട്ടാരങ്ങൾക്കും പേരുകേട്ട ഓർച്ച പതിനാറാം നൂറ്റാണ്ടിലെ ബുണ്ടേല രാജ്യത്തിെൻറ തലസ്ഥാനമായിരുന്നു. രാജ് മഹൽ, ജഹാംഗീർ മഹൽ, രാമരാജ ക്ഷേത്രം, റായ് പ്രവീൺ മഹൽ, ലക്ഷ്മിനാരായൺ മന്ദിർ എന്നിവയാണ് നഗരത്തിലെ പ്രശസ്തമായ സ്ഥലങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.