ഉളവെയ്പ്: ഗ്രാമക്കാഴ്ചകൾ കൊതിക്കുന്നവരുടെ ഇഷ്ടദേശം
text_fieldsഅരൂർ: തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ ഉളവെയ്പ് ഗ്രാമക്കാഴ്ചകൾ കൊതിക്കുന്നവരുടെ ഇഷ്ടദേശമാണ്. വിശാലമായ കായലും തോടുകളും വയലേലകളും പക്ഷികളും ഗ്രാമീണ ജീവിതക്കാഴ്ചകളും മത്സ്യബന്ധനക്കാഴ്ചകളും വഞ്ചിയാത്രയും സൂര്യാസ്തമയങ്ങളുമെല്ലാം കാഴ്ചകളുടെ ധാരാളിത്തമാണ് ഉളവെയ്പിനെ സമ്പന്നമാക്കുന്നത്. മഴയുള്ളപ്പോഴും തെളിഞ്ഞ ദിനങ്ങളിലും ഒരുപോലെ പ്രകൃതിയെ അനുഭവിക്കാൻ ഉളവെയ്പ് യാത്രകൾക്ക് കഴിയുമെന്ന് യാത്രികർ പറയുന്നു.
ആമേന്‍ എന്ന സിനിമയില്‍ കാണുന്ന കുമരങ്കരി എന്ന സ്ഥലം കുട്ടനാടൻ ഗ്രാമമായാണ് സിനിമയിൽ ചിത്രീകരിക്കുന്നത്.എന്നാൽ, ഉളവെയ്പ് ഗ്രാമത്തിൽവെച്ചാണ് ഈ ചിത്രം കാമറയിൽ പകർത്തിയത്. ആമേന്‍ സിനിമയിലെ ഗീവര്‍ഗീസ് പള്ളിയും കള്ളുഷാപ്പുമൊക്കെ ലക്ഷങ്ങൾ മുടക്കി ഇവിടെ നിർമിക്കുകയായിരുന്നു. കുമരങ്കരി എന്ന സാങ്കല്‍പിക ഗ്രാമം ആമേനില്‍ ചിത്രീകരിക്കുമ്പോള്‍ ആലപ്പുഴ ജില്ലയില്‍ കുമരങ്കരി എന്ന പേരില്‍ യഥാർഥ ഗ്രാമമുള്ളതായി സംവിധായകന്‍ ലിജോ ജോസ് അറിഞ്ഞിരുന്നില്ല.
സിനിമയിലെ ഗീവര്‍ഗീസ് പള്ളിക്ക് യോജിച്ച സ്ഥലത്തിനായുള്ള അന്വേഷണമാണ് ഒടുവില്‍ അണിയറ പ്രവര്‍ത്തകരെ ഉളവെയ്പിൽ കൊണ്ടെത്തിച്ചത്. 50 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഗീവര്‍ഗീസ് പുണ്യാളന്റെ പള്ളിയുടെ സെറ്റ് ഉണ്ടാക്കിയത്. അങ്ങനെ കുമരങ്കരിയെന്ന ഉളവെയ്പില്‍ ഗീവര്‍ഗീസ് പുണ്യാളന്റെ മനോഹരമായ പള്ളി പിറന്നു. സിനിമക്കുവേണ്ടി തയാറാക്കിയ സെറ്റ് പൊളിച്ചുമാറ്റാൻ വൈകിയപ്പോൾ നിരവധി സന്ദര്‍ശകരാണ് ഗീവര്‍ഗീസ് പള്ളി കാണാനും സിനിമയിലെ കുമരങ്കരി കാണാനും ഉളവെയ്പിലെത്തിയത്.
ആമേന് മുമ്പും ശേഷവും നിരവധി മലയാളം സിനിമയുടെ ഇഷ്ട ലൊക്കേഷനായി ഈ സ്ഥലം മാറിയിട്ടുണ്ട്.ഉളവെയ്പിന്റെ വിനോദസഞ്ചാര സാധ്യതകൾ ടൂറിസം വകുപ്പടക്കം സർക്കാർ ഏജൻസികൾ ഇനിയും മനസ്സിലാക്കിയിട്ടില്ല. എന്നാൽ, സ്വകാര്യ സംരംഭകർ കായൽ സഞ്ചാരസാധ്യതകൾ മനസ്സിലാക്കി ഹൗസ് ബോട്ടുകളുമായി ഇവിടെ എത്തുന്നുണ്ട്. ആലപ്പുഴയിലെ കായൽ യാത്രകളേക്കാൾ ശാന്തവും സ്വച്ഛവുമായ ഗ്രാമ്യക്കാഴ്ചകൾ ഇഷ്ടപ്പെടുന്നവരാണ് അതിലേറെയും.
ത്രിതല പഞ്ചായത്തുകൾ ഗ്രാമീണ ജനങ്ങളെക്കൂടി ഉൾപ്പെടുത്തി ഉത്തരവാദ ടൂറിസം പദ്ധതികൾ വികസിപ്പിച്ചാൽ കായൽ വിനോദസഞ്ചാര സാധ്യതകളെ ഉപയോഗപ്പെടുത്തി കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും. കായലോരത്തെ സ്വകാര്യ സ്ഥലങ്ങൾകൂടി സർക്കാർ ഏജൻസികൾ വാങ്ങിയാൽ വിശ്രമകേന്ദ്രം ഒരുക്കി കൂടുതൽ സഞ്ചാരികളെ ഉളവെയ്പിലേക്ക് ആകർഷിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.