ഖത്തർ രാജകുടുംബത്തിന് നിർമിച്ച ഉരു ബേപ്പൂരിൽനിന്ന് പുറപ്പെട്ടു
text_fieldsബേപ്പൂർ: ഖത്തർ രാജകുടുംബത്തിനുവേണ്ടി ബേപ്പൂരിൽ പ്രത്യേകമായി നിർമിച്ച പൈതൃക ഉരു ബേപ്പൂർ തുറമുഖത്തുനിന്ന് വെള്ളിയാഴ്ച വൈകീട്ട് പുറപ്പെട്ടു. ഖത്തറിലെ ശൈഖ് അൽഹാമിദ് ബിൻ അൽത്താനിക്കുവേണ്ടി കോഴിക്കോട് സൗത്ത് ബീച്ചിലെ ഹാജി പി.ഐ. അഹമ്മദ് കോയ സൺസ് കമ്പനിയാണ് 'എം.എസ്.വി ബുർഹാൻ ഡോവ' വെസ്സൽ വിഭാഗത്തിൽപെട്ട തനിമയാർന്ന നാടൻ പൈതൃക ഉരു നിർമിച്ചത്. ചാലിയത്തെ പട്ടർമാട് ഉരുനിർമാണശാലയിലാണ് പരമ്പരാഗത രീതിയിലുള്ള ഉരുനിർമാണം പൂർത്തീകരിച്ചത്.
തമിഴ്നാട് കൊളച്ചൽ സ്വദേശി പൈലറ്റ് സ്റ്റാൻലി ജോർജിന്റെ നേതൃത്വത്തിൽ പത്തോളം ജീവനക്കാർ ചേർന്നാണ് മൂന്നുകോടി ആറുലക്ഷം രൂപ വിലവരുന്ന ഉരു ഖത്തറിലേക്ക് കൊണ്ടുപോയത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ പത്തുദിവസംകൊണ്ട് ദോഹ തുറമുഖത്ത് എത്തും. ബേപ്പൂർ തുറമുഖത്ത് നടന്ന ചടങ്ങിൽ പോർട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വിനി പ്രതാപ് ഫ്ലാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ കസ്റ്റംസ് അഡ്വൈസറി കൗൺസിൽ അംഗം മുൻഷീദ് അലി, കസ്റ്റംസ് സൂപ്രണ്ട് പ്രകാശ് ഗുപ്തൻ, ഇമിഗ്രേഷൻ ഓഫിസർ സുരേഷ് കുമാർ, കസ്റ്റംസ് ഹൗസ് ഏജൻറ് മുല്ലവീട്ടിൽ അനസ്, ഹാജി പി.ഐ സൺസ് ഉടമ പി.ഒ. ഹാഷിം, പൈലറ്റ് സ്റ്റാൻലി ജോർജ്, കോ പൈലറ്റ് ദേവദാസ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.