വിജയൻ യാത്രയായത് ജപ്പാൻ സന്ദർശനം ബാക്കിയാക്കി; യാത്രകൾ സ്പോൺസർ ചെയ്തവരിൽ അമിതാഭ് ബച്ചൻ മുതൽ ആനന്ദ് മഹീന്ദ്ര വരെ
text_fieldsകൊച്ചി: റഷ്യയിൽനിന്ന് മടങ്ങിയെത്തിയ വിജയനും മോഹനയും അടുത്ത യാത്ര ലക്ഷ്യമിട്ടിരുന്നത് ജപ്പാനിലേക്കാണ്. എന്നാൽ, അതിന് മുേമ്പ ഭാര്യയെ തനിച്ചാക്കി ഒടുവിലത്തെ യാത്ര പോവുകയായിരുന്നു എറണാകുളം ഗാന്ധിനഗർ സലിം രാജൻ റോഡിലെ ശ്രീ ബാലാജി കോഫിഹൗസ് ഉടമ കെ.ആർ. വിജയൻ (71).
ഒക്ടോബർ 28ന് എട്ടുദിവസത്തെ റഷ്യ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ വിജയനും ഭാര്യ മോഹനയും രണ്ടുദിവസത്തിന് ശേഷം കോഫി ഹൗസ് തുറന്നിരുന്നു. വെള്ളിയാഴ്ച രാവിലെ കടയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ സ്വകാര്യ ആശുപത്രി ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണകാരണം.
14 വർഷത്തിനിടെ 26 രാജ്യങ്ങളാണ് ഇവർ സഞ്ചരിച്ചത്. 2007ൽ ഈജിപ്തിലേക്കായിരുന്നു ആദ്യ യാത്ര. ചായക്കടയിലെ ചെറിയ വരുമാനത്തിൽനിന്ന് പ്രതിദിനം 300 രൂപ മാറ്റിെവച്ചായിരുന്നു വിജയെൻറയും ഭാര്യയുടെയും ലോകയാത്രകൾ. പലപ്പോഴും വായ്പയെടുത്താണ് ചെലവുകൾ കണ്ടെത്തിയത്.
പിന്നീട് സ്വകാര്യ യാത്രാ ഏജൻസിയുടെ ബ്രാൻഡ് അംബാസഡറായതോടെ അവരുടെ സ്പോൺസർഷിപ്പിലും യാത്രകൾ ചെയ്തു. ഇവരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ലോകയാത്രകൾക്ക് ഇറങ്ങിത്തിരിച്ചവർ അനേകമാണ്.
എറണാകുളം നഗരത്തിൽ സൈക്കിളിൽ ചായ വിറ്റ് നടന്ന അദ്ദേഹം 25 വർഷം മുമ്പാണ് ശ്രീ ബാലാജി കോഫിഹൗസ് തുടങ്ങിയത്. പിതാവിനൊപ്പം ചെറുപ്പത്തിൽ നടത്തിയ യാത്രകളുടെ തുടർച്ചയായി മുതിർന്നപ്പോൾ രാജ്യത്തിെൻറ പല ഭാഗത്തേക്കും സ്വന്തമായി പോയി. 1988ൽ ഹിമാലയം സന്ദർശിച്ചു. പിന്നീട് യു.എസ്, ജർമനി, സ്വിറ്റ്സർലൻഡ്, ബ്രസീൽ, അർജൻറീന തുടങ്ങി ദമ്പതികൾ സന്ദർശിച്ച രാജ്യങ്ങളുടെ പട്ടിക നീളും. 2020ൽ 'ചായ വിറ്റ് വിജയെൻറയും മോഹനയുടെയും ലോക സഞ്ചാരങ്ങൾ' എന്ന പേരിൽ പുസ്തകവും പുറത്തിറക്കി.
ഒക്ടോബർ അവസാനം നടത്തിയ റഷ്യൻ യാത്രയിൽ മോസ്‌കോ, സെൻറ് പീറ്റേഴ്‌സ്ബർഗ്, റഷ്യൻ പാർലമെൻറ് മന്ദിരം, റെഡ് സ്‌ക്വയർ, ക്രെംലിൻ കൊട്ടാരം എന്നിവയെല്ലാം ഇവർ കണ്ടിരുന്നു. അടുത്ത റഷ്യൻ യാത്രയിൽ വ്ലാദിമിർ പുടിനെയും കാണാൻ കഴിയുമെന്നാണ് വിജയൻ പറഞ്ഞിരുന്നത്.
തങ്ങളുടെ യാത്ര വിശേഷങ്ങൾ അച്ചടിച്ചുവന്ന പത്രങ്ങളുടെ കട്ടിങുകളും മറ്റും ഫ്രെയിംചെയ്ത് കടയിൽ പ്രദർശിപ്പിച്ചിരുന്നു. ആസ്ത്രേലിയയും ന്യൂസിലാൻറും സന്ദർശിച്ച കഥകൾ കഴിഞ്ഞ മാസം ഇവരെ കാണാൻ എത്തിയ മന്ത്രി മുഹമ്മദ് റിയാസിനോട് വിജയൻ വിവരിച്ചിരുന്നു. 'ന്യൂസിലാൻറിൽ 350 കിലോമീറ്ററോളം ഉൾനാടുകളിൽ കൂടി സഞ്ചരിച്ചിട്ടുണ്ട്.
വളരെ ശുചിയായി സൂക്ഷിക്കുന്ന റോഡുകളാണ് അവിടെ കണ്ടത്' -അദ്ദേഹം മന്ത്രിയെ അറിയിച്ചു. അത് വസ്തുതയാണെന്ന് സമ്മതിച്ച മന്ത്രി ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മാത്രമല്ല, നാടാകെ ശുചീകരിക്കാൻ പൊതുജനത്തിന് അവബോധം നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു.
ജപ്പാനിലേക്കുള്ള യാത്രക്ക് ശേഷം വിയറ്റ്നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങളും സന്ദശിക്കണമെന്ന മോഹത്തിലായിരുന്നു വിജയൻ. റഷ്യയിലെ യാത്രയിൽ തണുപ്പ് കഠിനമായിരുന്നെന്ന അനുഭവവും അദ്ദേഹം പങ്കുവെച്ചിരുന്നു.
ലോകം ചുറ്റാനും കാഴ്ചകൾ കാണാനും അത്രയേറെ മോഹിച്ച കെ.ആർ. വിജയനെയും ഭാര്യ മോഹനയെയും സ്പോൺസർ ചെയ്തവരുടെ കൂട്ടത്തിൽ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും അനുപം ഖേറും വ്യവസായി ആനന്ദ് മഹീന്ദ്രയും വരെയുണ്ട്. ശശി തരൂർ എം.പിയും ഇവരുടെ ആരാധകരായ അനേകരും ചെറുതും വലുതുമായ തുകകൾ നൽകി.
മക്കൾ: ഉഷ (നഴ്സ്, സുദീന്ദ്ര നഴ്സിങ് ഹോം എറണാകുളം), മഞ്ജു (അധ്യാപിക, ടി.ഡി സ്കൂൾ മട്ടാഞ്ചേരി). മരുമക്കൾ: മുരളി (ശ്രീ ബാലാജി കോഫിഹൗസ്), ജയറാം (ബ്രോഡ്വേയിൽ സ്റ്റേഷനറി സെയിൽസ്മാൻ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.