സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കി മങ്കടയിലെ ഗ്രാമങ്ങൾ: ഇന്ന് ദേശീയ വിനോദ സഞ്ചാര ദിനം
text_fieldsമങ്കട: സമുദ്രനിരപ്പില്‍നിന്ന് 1800 അടി ഉയരത്തില്‍ നില്ക്കുന്ന ചേരിയം മലയിലെ കൊടികുത്തിക്കല്ലിലെ കാഴ്ചകള്‍ മുതല്‍ കിഴക്ക് പൂക്കോടന്‍ മലയും ചെമ്പന്‍ മലയും പടിഞ്ഞാറ് പുളിച്ചിക്കല്ലിലെ വിസ്മയക്കാഴ്ചകള്‍ അടങ്ങുന്ന മലനിരകളുടെ സൗന്ദര്യവും ചരിത്രമുറങ്ങുന്ന പാറക്കെട്ടുകളും ഗുഹകളും വെള്ളച്ചാട്ടങ്ങളും അടങ്ങുന്ന വള്ളുവനാടന്‍ ഗ്രാമങ്ങള്‍ ഇന്നും വിനോദ സഞ്ചാര ഭൂപടത്തിന് പുറത്താണ്. മങ്കട മണ്ഡലത്തിലെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി മുന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പഠനം നടത്തിയിരുന്നു. 2018ല്‍ ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എയുടെ നിർദേശമനുസരിച്ച് മങ്കടയിലെ ടൂറിസം സാധ്യതകള്‍ പഠിക്കുന്നതിനായി ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ അംഗങ്ങള്‍ മങ്കടയില്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് തുടര്‍ പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടായില്ല. ചേരിയം മലയിലെ വനഭൂമി ഉൾപ്പെടുത്തിയുള്ള ടൂറിസം സാധ്യത മുതല്‍ ആദിവാസി ജീവിതത്തിന്റെ ശേഷിപ്പുകളായ പെരക്കല്ല്, കള്ളിക്കല്‍ കല്ല്, അയിരുമടകള്‍, ആവല്‍മട തുടങ്ങിയ ചരിത്ര ശേഷിപ്പുകളും മലബാര്‍ സമര കാലത്തെ രക്തസാക്ഷികളുടെ ഖബറിടങ്ങള്‍, കോവിലകങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തി വിശാലമായൊരു ടൂറിസം മേഖലക്കുള്ള സാധ്യതകള്‍ മങ്കടയില്‍ നിലനില്‍ക്കുന്നുണ്ട്.
മങ്കട, കൂട്ടിലങ്ങാടി, മക്കരപറമ്പ്, പുഴക്കാട്ടിരി, കുറുവ, അങ്ങാടിപ്പുറം, മൂര്‍ക്കനാട്, പുലാമന്തോള്‍ പഞ്ചായത്തുകളിലായി പാലൂര്‍ക്കോട്ട വെള്ളച്ചാട്ടം, മുക്ത്യാര്കുണ്ട് വെള്ളച്ചാട്ടം, മീനാര്‍ കുഴി, മുണ്ടക്കോട്, പൊരുന്നുംപറമ്പ് കുന്നിന് പ്രദേശങ്ങള്‍, നാറാണത്ത് കാറ്റാടി പാടം, കരിഞ്ചാപ്പാടി കാര്‍ഷിക പ്രദേശങ്ങള്‍, കണ്ടംപറമ്പ്, കൂട്ടിലങ്ങാടി ചെലൂര്‍, പഴയപാലം, പുഴയോരം, കടന്നമണ്ണയിലെ മയിലാടിപാറ, നായാടിപ്പാറ, മണ്ണാറമ്പ്, കൂട്ടപ്പാല, നേര്‍ച്ചപ്പാറ, കുരങ്ങന് ചോല, കൊളത്തൂര്‍ പന്നിക്കോട് വെള്ളച്ചാട്ടം, മാലാപ്പറമ്പ് എടത്തറച്ചോല മിനി ഡാം, പക്ഷിസങ്കേതമായ കൂട്ടപ്പാല, വീരാന്‍ ഔലിയയുടെയും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ചരിത്രമുറങ്ങുന്ന വെള്ളിലയിലെ ഓട്ടുപാറ, കട്ക സിറ്റി, പന്തലൂര്‍ മല തുടങ്ങിയ സ്ഥലങ്ങളും പ്രാദേശിക വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ ഒളിപ്പോരാളികള്‍ ഒത്തുകൂടിയിരുന്ന ചരിത്രമുള്ള പാറക്കെട്ടുകളും പ്രദേശങ്ങളും ഇതില്‍ പെടുന്നുണ്ട്.
ബ്രിട്ടിഷുകാര്‍ രണ്ടു പേരെ വെടിവെച്ച് കൊന്നതും ചരിത്രമുറങ്ങുന്ന മയിലാടിപാറയുടെ താഴ്വാരങ്ങളിലായിരുന്നു. ടിപ്പുസുല്‍ത്താന്റെ പടയോട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ് പാലൂര്‍ക്കോട്ട കുന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.