നെല്ലിയാമ്പതിയിലേക്ക് നിയന്ത്രണം ലംഘിച്ച് വാഹനങ്ങൾ കടത്തിവിടുന്നതായി പരാതി
text_fieldsനെല്ലിയാമ്പതി: റോഡ് അപകടാവസ്ഥയിലായതിനാൽ വലിയ യാത്രാവാഹനങ്ങൾക്ക് നിയന്ത്രണം നിലനിൽക്കെ ചില വാഹനങ്ങളെ വനംവകുപ്പ് അധികൃതർ കടത്തിവിടുന്നതായി പരാതി. നെല്ലിയാമ്പതിയിലെ വൻകിട റിസോർട്ടുകളിൽ തങ്ങാൻ എത്തുന്നവരെയാണ് റിസോർട്ട് അധികൃതരുടെ ഒത്താശയോടെ വനപാലകർ കടത്തിവിടുന്നത്. ചെറുനെല്ലിക്കടുത്ത് റോഡിന്റെ ഒരു വശം ഇടിഞ്ഞതിനാൽ ഒരു മാസമായി വലിയ ടൂറിസ്റ്റ് വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്. റോഡ് പണി നടക്കുകയാണ്. കൂടുതൽ യാത്രക്കാരുമായി സഞ്ചരിച്ചാൽ അപകടം ഉണ്ടാകാമെന്ന വിദഗ്ധ നിർദേശത്തെ തുടർന്നാണ് സ്ഥലത്ത് ഭാഗിക യാത്രാനിയന്ത്രണം ഏർപ്പെടുത്തിയത്. സീസണായതിനാൽ നിയന്ത്രണമറിയാതെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ പോത്തുണ്ടി ചെക്ക്പോസ്റ്റിൽനിന്ന് തിരിച്ചു പോകുന്ന സ്ഥിതിയുണ്ട്. എന്നാൽ റിസോർട്ട് അധികൃതരുടെ താൽപര്യസംരക്ഷണാർഥം ചില വാഹനങ്ങൾ കടത്തിവിടുന്ന വനം വകുപ്പിന്റെ നടപടിയെ നാട്ടുകാരും സന്ദർശകരും ചോദ്യം ചെയ്യുന്നുണ്ട്. പരാതിപ്പെട്ടിട്ടും കണ്ണടക്കുന്ന വനം വകുപ്പിന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.