വിസ ഈസിയായി; ഖത്തറിൽ സന്ദർശകത്തിരക്കുമേറുന്നു
text_fieldsദോഹ: ഹയ്യ പ്ലാറ്റ്ഫോം വഴി സന്ദർശക വിസ നടപടികൾ ലളിതമാക്കിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഖത്തറിലേക്കുള്ള യാത്രയും സജീവമാകുന്നു.
വിസ നടപടികൾക്ക് വേഗമേറിയതിന് പിറകെ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമായതും ഖത്തറിലേക്കുള്ള യാത്രക്ക് സന്ദർശകരെ പ്രേരിപ്പിക്കുന്നുണ്ട്.
2022ലെ ഫിഫ ലോകകപ്പ് ഖത്തറിന് മുന്നോടിയായി രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനപ്രവർത്തനങ്ങൾ പൂർണമായതും ലോക ഫുട്ബാൾ മാമാങ്കത്തിന്റെ മഹത്തായ വിജയവും സന്ദർശകരുടെ ഒഴുക്കിന് ആക്കം കൂട്ടിയതായി ഖത്തർ ടൂറിസം വ്യക്തമാക്കി. ഈ വർഷം ആദ്യ 11 മാസങ്ങളിൽ 35 ലക്ഷം സന്ദർശകരാണ് ഖത്തറിലെത്തിയത്.
ഹയ്യ പ്ലാറ്റ്ഫോമിലൂടെ സന്ദർശനവിസ നടപടികൾ ലഘൂകരിക്കുകയും ലളിതമാക്കുകയും വഴി വിനോദസഞ്ചാരമേഖല നിർണായകവളർച്ചയിലാണ്. 101 രാജ്യങ്ങളിലെ പൗരന്മാർക്ക് ഖത്തർ വിസ രഹിത പ്രവേശനവും അനുവദിക്കുന്നുണ്ട്. മറ്റു രാജ്യങ്ങൾക്ക് ഹയ്യ പ്ലാറ്റ്ഫോം വഴിയാണ് സന്ദർശക വിസ ലഭിക്കുക. കൂടാതെ ലോകകപ്പ് ആരാധകർക്കായി അനുവദിച്ച ഹയ്യ വിസ കാലാവധി 2024 ഫെബ്രുവരി 24 വരെ ആഭ്യന്തര മന്ത്രാലയം നീട്ടിയ തീരുമാനവും സ്വാഗതം ചെയ്യപ്പെട്ടു.
ജനുവരി 12ന് കിക്കോഫ് കുറിക്കുന്ന ഏഷ്യൻ കപ്പിനായി കാണികൾക്ക് എത്താനുള്ള അവസരം കൂടിയാണ് ഹയ്യ വിസാകാലാവധി ദീർഘിപ്പിച്ചത്. ലോകകപ്പിനായി ഖത്തറിലെത്തിയ കാണികൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്തി ഏഷ്യൻ കപ്പിനുമെത്താവുന്നതാണ്.
ഏതാനും മിനിറ്റുകൾ മാത്രം ആവശ്യമായ നടപടികളിലൂടെ ഹയ്യ പ്ലാറ്റ്ഫോം വഴി വിസ സ്വന്തമാക്കാൻ കഴിയുന്നുവെന്നതാണ് ആകർഷകം. മിനിറ്റുകൾകൊണ്ട് വിസ അപേക്ഷ പൂർത്തിയായെന്നും 24 മണിക്കൂറിനകം ഇ-മെയിൽ വഴി വിസ ലഭിച്ചതായും സൗദി അറേബ്യയിൽ താമസക്കാരനായ റിസ്വാൻ ഖത്തറിലെ പ്രാദേശിക ദിനപത്രത്തോട് പറഞ്ഞു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പ്രക്രിയയും സുഗമമായിരുന്നെന്നും ജീവനക്കാരുടെ സൗഹൃദ പെരുമാറ്റം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ ഈസി ട്രാൻസിറ്റ് പ്രക്രിയയിലൂടെ 17 മണിക്കൂർ ഇടവേളയിൽ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിക്കാൻ സാധിച്ചതായി ബ്രിട്ടീഷ് പൗരനായ മുഹമ്മദ് റഹീം പറയുന്നു.
ഖത്തറിൽ ശൈത്യകാല ടൂറിസം സീസണിന് തുടക്കം കുറിച്ചിരിക്കെ ദോഹ തുറമുഖം, കോർണിഷ്, പേൾ ഐലൻഡ്, ലുസൈൽ മറീന പ്രൊമനേഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിരവധി സന്ദർശകരാണെത്തുന്നത്. പഴയ ദോഹ തുറമുഖത്ത് പ്രത്യേകിച്ച് കാലാവസ്ഥ സുഖകരമായതിനാൽ സന്ദർശകരുടെ തിരക്കാണ് അനുഭവപ്പെടുന്നത്.
ശൈത്യകാല കാറ്റ്, ദോഹ സ്കൈലൈനിന്റെ മനോഹര കാഴ്ചകൾ, ഗ്രാൻഡ് ക്രൂസ് ടെർമിനലിൽ തൊട്ടടുത്തായി നങ്കൂരമിടുന്ന ക്രൂസ് കപ്പലുകൾ എന്നിവ തദ്ദേശീയരും വിദേശികളുമായ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്.
മാർച്ച് അവസാനം വരെ തുടരുന്ന ദോഹ എക്സ്പോ 2023ഉം എ.എഫ്.സി ഏഷ്യൻ കപ്പ് ഉൾപ്പെടെയുള്ള പല കായിക സാംസ്കാരിക പരിപാടികളും രാജ്യത്ത് ടൂറിസം മേഖലയുടെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.