റോഹ്ത്തങ് ടണൽ: മണാലി - ലേഹ് റൂട്ടിൽ വിസ്റ്റാഡം ബസുകൾ വരുന്നു
text_fieldsഷിംല: സെപ്റ്റംബറിൽ തുറക്കുന്ന റോഹ്ത്തങ് ടണൽ (അടൽ ടണൽ) വഴി മണാലി - ലേഹ് റൂട്ടിൽ വിസ്റ്റാഡം ബസുകൾ സർവിസ് നടത്തുമെന്ന് റിപ്പോർട്ട്. പ്രകൃതിയുടെ മനോഹാരിത കൂടുതൽ ആസ്വദിക്കാൻ സാധിക്കുന്ന വലിയ ഗ്ലാസുകളുള്ള വാഹനങ്ങളെയാണ് വിസ്റ്റാഡം എന്ന് വിളിക്കുന്നത്.
തുരങ്കപാത സെപ്റ്റംബർ അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുകൊടുക്കുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ അറിയിച്ചു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ നാമോധയത്തിലാണ് പാത. 2000 ജൂൺ മൂന്നിന് വാജ്പേയിയായിരുന്നു ഈ സുപ്രധാന പദ്ധതി പ്രഖ്യാപിച്ചത്.
വിസ്റ്റാഡം ബസിന് ഗ്ലാസിൽ നിർമിച്ച മേൽക്കൂരയാണുണ്ടാവുക. ഇതിനാൽ തന്നെ ഹിമാലയത്തിെൻറ സൗന്ദര്യം യാത്രക്കാർക്ക് കൂടുതൽ നുകരാൻ കഴിയും. നിലവിൽ മണാലി - ലേഹ് ഹിമാചൽ പ്രദേശ് സർക്കാറിെൻറ സാധാരണ ബസുകൾ സർവിസ് നടത്തുന്നുണ്ട്.
രാജ്യത്തിെൻറ വിവിധ ഹിൽസ്റ്റേഷനുകളിൽ റെയിൽവേ വിസ്റ്റാഡം കോച്ചുകൾ ഓടിക്കുന്നുണ്ട്. ഡാർജിലീങ് ഹിമാലയൻ റെയിൽവേ, കൻഗ്ര വാലി റെയിൽവേ, കൽക്ക-ഷിംല റെയിൽവേ, മതേരൻ ഹിൽ റെയിൽവേ എന്നിവയെല്ലാം ഇത്തരത്തിലുള്ളതാണ്.
10,171 അടി ഉയരത്തിൽ റോഹ്ത്തങ് പാസിന് താഴെയായിട്ട് ഹിമാലയത്തിലെ പിർപൻജാൽ റേഞ്ചിലാണ് തുരങ്കം നിർമിച്ചിട്ടുള്ളത്. 8.8 കിലോമീറ്ററാണ് ഇതിെൻറ ദൂരം. 3200 കോടി രൂപയാണ് ചെലവ്.
2010ൽ ഇതിെൻറ നിർമാണം ആരംഭിച്ചു. 2017 ഒക്ടോബറിൽ തുരങ്കത്തിെൻറ ഉത്ഖനനം പൂർത്തിയായി. അടുത്തമാസം തന്നെ അടിയന്തര ആവശ്യമുള്ള രോഗികളെ കൊണ്ടുപോകാൻ പാതയിലൂടെ സൗകര്യമൊരുക്കി. 2019ൽ ഹിമാചൽ പ്രദേശ് സർക്കാറിെൻറ ബസും പരീക്ഷണ ഒാട്ടംതുടങ്ങി.
റോഹ്ത്തങ് പാസിൽനിന്ന് പടിഞ്ഞാറ് ഭാഗത്തായാണ് തുരങ്കത്തിെൻറ ആരംഭം. ലേഹ് - മണാലി ഹൈവേയിലെ ടെല്ലിങ് ഗ്രാമത്തിലേക്ക് ഇൗ തുരങ്കമെത്തുന്നത്. റോഹ്ത്തങ് പാസ് നവംബർ മുതൽ മേയ് വരെ മഞ്ഞുമൂടുന്നതിനാൽ മണാലി^സർച്ചു^ലേഹ് റോഡ് ഇത്രയുംകാലം അടഞ്ഞുകിടക്കാറാണ് പതിവ്.
തുരങ്കം വരുന്നതോടെ ഏത് കാലാവസ്ഥയിലും സ്പിതി വാലിയിലെ ജനങ്ങൾക്ക് മണാലിയുമായി റോഡ് മാർഗം ബന്ധപ്പെടാനാകും. മാത്രമല്ല മണാലിക്കും കീലോങ്ങിനുമിടയിൽ 45 കിലോമീറ്റർ ദൂരം കുറയുകയും ചെയ്യും. നിലവിൽ കീലോങ്ങിൽനിന്ന് മണാലിയിലെത്താൻ ആറ് മണിക്കൂർവരെ സമയം പിടിക്കാറുണ്ട്. തുരങ്കം വഴി ഒരു മണിക്കൂറിനുള്ളിൽ എത്താൻ സാധിക്കും. സമുദ്രനിരപ്പിൽനിന്ന് 10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും വലിയ തുരങ്കപാതയാണ് റോഹ്ത്തങ്ങിലേത്.
അതേസമയം, സ്പിതി വാലിയിലേക്കും ലഡാക്കിലേക്കുമുള്ള സഞ്ചാരികളെ പഴയ റോഡ് വഴി കടത്തിവിടുേമാ എന്നതാണ് പലരും ഉറ്റുനോക്കുന്നത്. മഞ്ഞുമൂടിയ ഗിരിശൃംഗങ്ങളാലും പച്ചപ്പട്ടുടുത്ത താഴ്വരകളാലും സമ്പന്നമാണ് ഇൗ പാത. മണാലിയിലെ പ്രധാന ആകർഷണ കേന്ദ്രം കൂടിയാണ് റോഹ്ത്തങ് പാസ്. തുരങ്കം വരുേമ്പാൾ ഇതുവഴിയുള്ള പ്രവേശനം നിരോധിക്കുമോ എന്ന ആശങ്ക സഞ്ചാരികൾക്കുണ്ട്.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലേക്കുള്ള മറ്റൊരു പാത ശ്രീനഗർ, കാർഗിൽ വഴിയാണ്. ഇൗ പാതയിലെ സോജില പാസിൽ മഞ്ഞുമൂടുന്നതിനാൽ മാസങ്ങളോം ഗതാഗതം തടസ്സപ്പെടാറുണ്ട്. ഇതിന് പരിഹാരമായി 14 കിലോമീറ്റർ നീളത്തിൽ ഇവിടെയും ടണൽ നിർമിക്കാൻ പദ്ധതിയുണ്ട്. ചൈനയുടെയും പാകിസ്താെൻറയും അതിർത്തി പ്രദേശങ്ങളായതിനാൽ ഇൗ റൂട്ടുകൾ ഇന്ത്യയെ സംബന്ധിച്ച് വളരെ തന്ത്രപ്രധാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.