വിഴിഞ്ഞം ലൈറ്റ് ഹൗസ് വീണ്ടും സന്ദർശകർക്കായി തുറക്കുന്നു
text_fieldsവിഴിഞ്ഞം: കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ അടച്ച വിഴിഞ്ഞം ലൈറ്റ് ഹൗസിൽ ഞായറാഴ്ച മുതൽ സന്ദർശകരെ പ്രവേശിപ്പിക്കാൻ തീരുമാനം. അന്തർദേശീയ ടൂറിസം കേന്ദ്രമായ കോവളം ബീച്ച് കാണാനെത്തുന്നവർക്ക് മുന്നിൽ പ്രധാന ആകർഷണ കേന്ദ്രമാണ് വിഴിഞ്ഞം ലൈറ്റ് ഹൗസ്. 2020 മാർച്ചിലാണ് ലൈറ്റ് ഹൗസിന് താഴ് വീണത്.
പാറക്കൂട്ടത്തിന് മുകളിലായി നില കൊള്ളുന്ന ലൈറ്റ് ഹൗസിൽ കയറിയാൽ ബീച്ചും അറബിക്കടലിെൻറ ഭംഗിയും തീരവും പ്രകൃതി രമണീയതയുമൊക്കെ ആവോളം ആസ്വദിക്കാനാകുമെന്നതാണ് സഞ്ചാരികളെ ഇവിടേക്കാകർഷിക്കുന്നത്. 1972 മേയ് 20നാണ് കോവളം ഹവ്വാ ബീച്ചിനോട് ചേർന്ന് വിഴിഞ്ഞം ലൈറ്റ് ഹൗസ് സ്ഥാപിച്ചത്.
മുമ്പ് 1960ൽ ഇവിടെ ലൈറ്റ് ബീക്കൺ പ്രവർത്തിച്ച് വരികയായിരുന്നു. ലൈറ്റ് ബീക്കൺ വരുന്നതിന് മുന്നെ തന്നെ കടൽ യാത്രികർക്ക് ദിശയറിയിക്കുന്ന വിളക്കുമരം ഇവിടെ ഉണ്ടായിരുന്നതായി ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. മെറ്റൽ അലൈഡ് ലൈറ്റിംഗ് സംവിധാനവും ഒപ്റ്റിക്കൽ ലെൻസും ഉപയോഗിച്ച് ലൈറ്റ് ഫ്ലാഷിംഗ് നടക്കുന്ന ഇവിടെ പതിനഞ്ച് സെക്കൻറ് കൂടുമ്പോഴാണ് ലൈറ്റ് ഹൗസിൽ നിന്നുള്ള വെളിച്ചം ദൃശ്യമാകുന്നത്. മാത്രമല്ല, ജലയാനങ്ങളിലെ റഡാർ സംവിധാനവും ലൈറ്റ് ഹൗസും തമ്മിലുള്ള പരസ്‌പരബന്ധ സംവിധാനവും വിഴിഞ്ഞം ലൈറ്റ്ഹൗസിലുണ്ട്. അന്താരാഷ്ട്ര മറൈൻ ട്രാക്കറായ മറൈൻ ട്രാഫിക് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ലൈറ്റ് ഹൗസ് ചിത്രങ്ങളുടെ പട്ടികയിലും വിഴിഞ്ഞം ലൈറ്റ് ഹൗസ് ഇടംനേടിയിരുന്നു. ഞായറാഴ്ച സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതോടെ കൂടുതൽ വിനോദ സഞ്ചാരികൾ കോവളം സന്ദർശിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.