വടക്കൻ കേരളത്തിലേക്ക് വ്ലോഗർമാർ എത്തും; വിനോദസഞ്ചാരത്തിന് ഉണർവേകാൻ വ്ലോഗേഴ്‌സ് മീറ്റ്
text_fieldsതിരുവനന്തപുരം: വടക്കൻ കേരളത്തിലെ വിനോദസഞ്ചാര മേഖലക്ക് ഉണർവേകാൻ വ്ലോഗർമാരുടെ മീറ്റ് സംഘടിപ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്ത് എത്തുന്ന വിനോദസഞ്ചാരികളിൽ ആറ് ശതമാനം മാത്രമാണ് വടക്കൻ കേരളത്തിൽ എത്തുന്നത്. വയനാട്ടിൽ മാത്രമാണ് ഇതിൽ ചെറിയ വ്യത്യാസമുള്ളത്. ഇത് പരിഹരിക്കാനാണ് വ്ലോഗേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നത്.
ദേശീയ, അന്തർദേശീയ തലത്തിലുള്ള വ്ലോഗർമാരെ വടക്കൻ ജില്ലകളിൽ എത്തിച്ച് ടൂറിസം ഡെസ്റ്റിനേഷനുകളെക്കുറിച്ച് വിഡിയോകൾ ചെയ്യിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് ഈ പ്രദേശങ്ങളിലെ ടൂറിസത്തിനു വലിയ ഉണർവേകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ കിയോസ്കുകൾ സ്ഥാപിക്കും. പുറത്തുനിന്നുള്ള സഞ്ചാരികൾക്ക് കാര്യങ്ങൾ ചോദിച്ചറിയാൻ ഭാഷ അറിയാതെ നട്ടം തിരിയേണ്ടി വരില്ല. ഇൻഫർമേഷൻ കിയോസ്കുകൾ സ്വന്തം ഭാഷയിൽ അവർക്ക് മറുപടി കൊടുക്കും.
ഇത്തരം കിയോസ്കുകൾ വഴി വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് അവരവരുടെ സ്വന്തം ഭാഷയിൽ വിവരങ്ങൾ അറിയാൻ സാധിക്കും. ഏത് ഭാഷയിൽ ചോദ്യങ്ങൾ ചോദിച്ചാലും അതേ ഭാഷയിൽ കിയോസ്കുകൾ മറുപടി പറയും. വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നൂതന സാങ്കേതികവിദ്യയെ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.