കൊച്ചിയിലെ ജലമെട്രോ: ആദ്യ ബോട്ട് നീരണിഞ്ഞു
text_fieldsകൊച്ചി: നിർമാണം പൂർത്തീകരിച്ച് ജലമെട്രോയുടെ ആദ്യ ബോട്ട് നീരണിഞ്ഞു. യാർഡിൽ പണി പൂർത്തിയായ ബോട്ട് ക്രെയിൻ ഉപയോഗിച്ച് വെള്ളത്തിലേക്ക് മാറ്റിയെങ്കിലും സർവിസിനെത്താൻ ഇനിയും സമയമെടുക്കും.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് വേണ്ടി കൊച്ചി കപ്പൽശാലയാണ് ബോട്ട് നിർമിക്കുന്നത്. ട്രയലുകൾ നടത്തി പരിശോധനകൾ പൂർത്തീകരിച്ച ശേഷമായിരിക്കും കെ.എം.ആർ.എല്ലിന് കൈമാറുക. 100 പേർക്ക് ഇരിക്കാവുന്ന ആധുനിക സംവിധാനങ്ങളോടുകൂടിയ ബോട്ടാണ് നിർമിച്ചിരിക്കുന്നത്.
ഇത്തരത്തിെല 23 ബോട്ടുകളാണ് കൊച്ചി മെട്രോ റെയിലിനുവേണ്ടി ഷിപ്യാർഡ് നിർമിക്കുന്നത്. ഇതിൽ ആദ്യത്തേതാണ് നീരണിഞ്ഞത്. രണ്ട് ബോട്ടുകളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. വൈറ്റില-കാക്കനാട് റൂട്ടിൽ മാർച്ചിൽ സർവിസിനെത്തുമെന്നായിരുന്നു ആദ്യം അധികൃതർ അറിയിച്ചിരുന്നത്.
ഈ ടെർമിനലുകളുടെ ഉദ്ഘാടനവും കഴിഞ്ഞിരിക്കുകയാണ്. എന്നാൽ, ഉദ്ദേശിച്ച സമയത്ത് സർവിസിനെത്തിക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് കഴിഞ്ഞില്ല. കോവിഡാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. വൈറ്റില- കാക്കനാട് റൂട്ടിലാണ് ആദ്യഘട്ട സർവിസ് ആരംഭിക്കുന്നത്.
ആദ്യ ബോട്ട് കൈമാറിക്കഴിഞ്ഞാൽ ഓരോ അഞ്ച് ആഴ്ചയിലും ഓരോ ബോട്ട് വീതം നടപടി പൂർത്തീകരിച്ച് കൊച്ചിൻ ഷിപ്യാർഡ് കെ.എം.ആർ.എലിന് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ടെർമിനൽ, ബോട്ട് എന്നിവയുടെ നിർമാണം, സ്ഥലമെടുപ്പ് തുടങ്ങിയവക്ക് ഇതിനകം 145.22 കോടി ചെലവഴിച്ച പദ്ധതിയുടെ ആകെ ചെലവ് 747 കോടിയാണ്. ജർമൻ ധനകാര്യ സ്ഥാപനമായ കെ.എഫ്.ഡബ്ല്യുവിൽനിന്ന് 579.71 കോടി ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.