ആ പഴയ രാജപാത വീണ്ടും തുറക്കുന്നു; ഇനി മൂന്നാറിലേക്ക് പുലിമുരുകന്‍റെ നാട്ടിലൂടെ യാത്ര ചെയ്യാം
text_fieldsകോതമംഗലം (എറണാകുളം): ജില്ലയിലെ വിനോദസഞ്ചാര വികസനത്തിന് കൂടുതൽ ഉണർവേകാൻ ആലുവ -മൂന്നാർ രാജപാത തുറക്കുന്നതിന് വനം വകുപ്പുമായി ചർച്ച ചെയ്ത് തുടർനടപടി വേഗത്തിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. രാജപാത തുറന്നാൽ കോതമംഗലത്തുനിന്നും മൂന്നാർ വരെ 60 കിലോമീറ്റർ മാത്രമാണ് ഉണ്ടാവുക.
തിരുവിതാംകൂർ രാജഭരണകാലത്ത് നിർമിച്ച രാജപാത, ആലുവയിൽനിന്ന് ആരംഭിച്ച് കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, തോൾനട, കുഞ്ചിയാറ്, കരിന്തിരി പെരുമ്പൻകുത്ത്, മാങ്കുളം വഴി മൂന്നാറിൽ എത്തുന്നതായിരുന്നു. മൂന്നാറിലേക്കുള്ള യാത്രയിൽ കൊടും വളവുകളോ കുത്തനെയുള്ള കയറ്റിറക്കങ്ങളോ ഇല്ലാത്ത റോഡ് 1924ലെ വെള്ളപ്പൊക്കത്തിൽ കരിംതിരി മലയിടിഞ്ഞ് ഭാഗികമായി തകർന്നു. അടുത്തകാലം വരെ കുറത്തിക്കുടി, മേട്നാ പാറ, ഞണ്ടുകളം പ്രദേശങ്ങളിലെ ആളുകൾ വാഹന ഗതാഗതത്തിന് ഉപയോഗിച്ചിരുന്ന റോഡ് വനം വകുപ്പ് അധികൃതർ പൂയംകുട്ടിക്ക് സമീപം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് യാത്ര തടസ്സപ്പെടുത്തിയിരിക്കുകയാണ്.
വനം വകുപ്പുമായി ചർച്ച ചെയ്ത് തുടർനടപടി വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. ഇതുസംബന്ധിച്ച് ആന്‍റണി ജോൺ എം.എൽ.എയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവിതാംകൂർ രാജാവിന്‍റെ അനുമതിയോടെ 1857ൽ സർ ജോണ്‍ ദാനിയേൽ മണ്‍റോ എന്ന ഇംഗ്ലീഷുകാരനാണ് ഈ പാത നിർമിച്ചത്. ബ്രിട്ടീഷ് സാങ്കേതികവിദ്യയിലാണ് രാജപാതയിലെ കലുങ്കുകളും പാലങ്ങളും ഒരുക്കിയിരിക്കുന്നത്. നിലവിൽ ഈ റോഡിലൂടെയുള്ള യാത്ര പൂയംകുട്ടിവരെ മാത്രമാണ്.
രാജപാത തുറക്കുന്നതോടെ ടൂറിസം രംഗത്ത് മാത്രമല്ല, കുട്ടമ്പുഴ, മാങ്കുളം പഞ്ചായത്തുകളോടൊപ്പം കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലെ അടക്കം ആദിവാസി സമൂഹം ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ജനങ്ങൾക്ക് വലിയ പ്രയോജനം ലഭിക്കും.
ആലുവയിൽനിന്ന് ആരംഭിച്ച് കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പെരുമ്പൻകുത്ത് വരെ എത്തിച്ചേരുന്ന ആലുവ-മൂന്നാർ റോഡ് (പഴയ രാജപാത) ഇപ്പോൾ പൊതുമരാമത്ത് വകുപ്പിന് കീഴിലാണ്. എന്നാൽ, പെരുമ്പൻകുത്ത് മുതൽ മൂന്നാർ വരെയുള്ള ഇടുക്കി ജില്ലയിലെ ഭാഗം നിലവിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളതല്ല. തട്ടേക്കാട് മുതൽ കുട്ടമ്പുഴ വരെയുള്ള ഭാഗം കിഫ്ബിയിൽ ഉൾപ്പെടുത്തി നവീകരിച്ചുവരുന്നു. ആദ്യഭാഗത്ത് (കോതമംഗലം - ചേലാട്) ബിസി ഓവർ ലേ ചെയ്യാൻ പ്രവൃത്തി നടത്തിയിരുന്നെങ്കിലും കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിനാൽ പണി തുടങ്ങാൻ കഴിഞ്ഞില്ല. പൂയംകുട്ടി മുതൽ പെരുമ്പൻകുത്ത് വരെ വനത്തിലൂടെയുള്ള റോഡ് കയറ്റിറക്കങ്ങളില്ലാതെ മൂന്നാറിലേക്ക് യാത്ര ചെയ്യാനുള്ള ദൂരം കുറഞ്ഞ പാതയായിരുന്നു.
ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ച ഈ പാതയിൽ പെരുമ്പൻകുത്തിനും പൂയംകുട്ടിക്കും ഇടയിൽ മലയിടിഞ്ഞതോടെ പൂയംകുട്ടി മുതലുള്ള റോഡ് വനം വകുപ്പ് അടച്ചിരിക്കുകയാണ്. റോഡ് വികസനവുമായി ബന്ധപ്പെട്ട് ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയാറാക്കാൻ അനുവദിക്കണമന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരത്ത് വിഭാഗം ചീഫ് എൻജിനീയർ വനം വകുപ്പിന്‍റെ കോടനാട്, കോതമംഗലം, മൂന്നാർ ഡിവിഷൻ ഓഫിസുകളിലേക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ വനം വകുപ്പുമായി കൂടി ചർച്ച ചെയ്ത് തുടർ നടപടി വേഗത്തിലാക്കുമെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു.
അതേസമയം, പുതിയ പാതക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മൂന്നാറിലേക്ക് നിലവിൽ നല്ല റോഡ് ഉണ്ടായിരിക്കെ പുതിയ റോഡിന്‍റെ ആവശ്യമില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. പാതയുടെ ഭൂരിഭാഗവും വനം വകുപ്പിന്‍റെ ഉടമസ്ഥതയിലാണ്. ഈ പാത പശ്ചിമഘട്ട മലനിരകളെയും ആവാസ വ്യവസ്ഥകളെയും നശിപ്പിക്കാൻ ഇടയാക്കുമെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.