കാഴ്ച വിസ്മയമൊരുക്കി വെംബ്ലി വെള്ളച്ചാട്ടങ്ങൾ
text_fieldsമുണ്ടക്കയം: കാഴ്ചക്കാരുടെ മനസ്സിൽ മായാതെ പതഞ്ഞെത്തുകയാണ് വെംബ്ലിയിലെ വെള്ളച്ചാട്ടങ്ങൾ. ഒന്നല്ല, മൂന്ന് വെള്ളച്ചാട്ടമാണ് മലയോരം കാഴ്ചക്കാർക്ക് കാത്തുവെച്ചിരിക്കുന്നത്. ഇടുക്കി കൊക്കയാര്‍ പഞ്ചായത്തിലെ വെംബ്ലി, വടക്കേമല എന്നിവിടങ്ങളിലായുള്ള നൂറേക്കര്‍, പാപ്പാനി, വെള്ളപ്പാറ ജലപ്രവാഹങ്ങളാണ് കാഴ്ചക്കാരുടെ കണ്ണിന് കുളിർമയേകുന്നത്. 2000 അടി ഉയരത്തില്‍നിന്ന് പാറക്കെട്ടുകളെ തഴുകി പതിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ കാണാൻ നിരവധി പേർ എത്തുന്നുണ്ട്.
മുണ്ടക്കയം കൂട്ടിക്കല്‍ കൊക്കയാർ-വെംബ്ലി ഉറുമ്പിക്കര റോഡിന് സമീപത്താണ് വെള്ളച്ചാട്ടങ്ങൾ. വെംബ്ലിയില്‍നിന്ന് ഒരുകി.മീ. സഞ്ചരിച്ചാൽ നൂറേക്കര്‍ വെള്ളച്ചാട്ടത്തിനരികിലെത്താം. സ്വകാര്യവ്യക്തിയുടെ 100 ഏക്കര്‍ ഭൂമിയോട് ചേര്‍ന്നു കിടക്കുന്നതിനാലാണ് വെള്ളച്ചാട്ടത്തിന് ഈ പേര് വന്നത്. പാപ്പാനി തോടിെൻറ ശാഖയിലാണ് വെള്ളച്ചാട്ടം. ഇതിെൻറ ഉപശാഖയായി മറ്റൊരു വെള്ളച്ചാട്ടവും ഇവിടെയുണ്ട്.
നൂറേക്കറിൽനിന്ന് 400 മീറ്റര്‍ സ്വകാര്യ റബര്‍ തോട്ടത്തിലൂടെ യാത്ര ചെയ്താല്‍ വെള്ളപ്പാറ വെള്ളച്ചാട്ടത്തിലെത്താം. രണ്ടായിരത്തിലധികം അടി ഉയരത്തില്‍നിന്ന് തട്ടുപാറയിലൂടെ ഒഴുകി പതിക്കുകയാണ് വെള്ളം. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചപ്പോള്‍ റബര്‍ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ജോലിസ്ഥലത്തിനിട്ട പേരായിരുന്നു വെള്ളപ്പാറ. അന്നും വെള്ളച്ചാട്ടമുണ്ടായിരുന്നെങ്കിലും വെള്ളപ്പാറ വെള്ളച്ചാട്ടമെന്ന അംഗീകാരം തേടിയെത്തിയത് അടുത്ത കാലത്താണ്. കാല്‍നടയായി മാത്രമേ ഇവിടെ എത്താൻ കഴിയൂവെങ്കിലും കാഴ്ചക്കാർക്ക് കുറവില്ല.
ആദ്യകാലത്ത് കാഴ്ചക്കാരില്ലാതിരുന്ന പാപ്പാനി വെള്ളച്ചാട്ടം കാണാനും ഇപ്പോൾ നിരവധി പേരാണ് എത്തുന്നത്. ഇടുക്കി പാക്കേജില്‍പെടുത്തി ഈ പ്രദേശത്തേക്ക് പാലം നിർമിച്ചതോടെയാണ് പാപ്പാനി വെള്ളച്ചാട്ടം പുറംലോകം അറിയുന്നത്. വാഹനങ്ങളിൽ എത്താനും പാര്‍ക്കിങ്ങിനും സൗകര്യമുള്ളതിനാല്‍ സഞ്ചാരികള്‍ കൂടുതലായി എത്തുന്നതും ഇവിടെതന്നെ. തട്ടുപാറകളിലൂടെ ഒഴുകുന്ന വെള്ളച്ചാട്ടത്തിന് ദൃശ്യഭംഗിയും ഏറെയാണ്. നാട്ടുകാർക്ക് പാപ്പാനി തോട് കുറുകെ കടക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് നിര്‍മിച്ച കമ്പിപ്പാലം വെള്ളച്ചാട്ടത്തോട് ചേര്‍ന്നിരിക്കുന്നതിനാല്‍ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. സഞ്ചാരികൾ ഏറെ എത്തുന്നുണ്ടെങ്കിലും വിനോദസഞ്ചാരികളെ സ്വീകരിക്കാനോ അവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാനോ നടപടിയൊന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.