എയർ ഇന്ത്യ എന്ന പേര് നൽകിയത് ആര്? 75 വർഷം മുമ്പത്തെ രഹസ്യം വെളിപ്പെടുത്തി ടാറ്റ
text_fieldsകഴിഞ്ഞമാസമാണ് എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഔദ്യോഗികമായി ഏറ്റെടുക്കുന്നത്. പത്ത് ദിവസത്തിന് ശേഷം കമ്പനി പങ്കുവെച്ച ട്വീറ്റിൽ എയർ ഇന്ത്യയുടെ പേരിന് പിന്നിലെ ചരിത്രം പറയുകയാണ്. 'എയർ ഇന്ത്യ' എന്ന പേര് എങ്ങനെ ലഭിച്ചുവെന്ന് ടാറ്റ വ്യക്തമാക്കുന്നു.
1946ൽ ടാറ്റ സൺസ് ജീവനക്കാർക്കിടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് എയർ ഇന്ത്യയുടെ പേര് ലഭിച്ചത്. നാല് പേരുകളാണ് ആദ്യം കണ്ടെത്തിയത്. ഇന്ത്യൻ എയർലൈൻസ്, പാൻ-ഇന്ത്യൻ എയർലൈൻസ്, ട്രാൻസ്-ഇന്ത്യൻ എയർലൈൻസ്, എയർ ഇന്ത്യ എന്നിവയായിരുന്നു ആ പേരുകൾ.
'1946ൽ ടാറ്റ എയർലൈൻസ് ടാറ്റ സൺസിന്‍റെ ഡിവിഷനിൽനിന്ന് ഒരു കമ്പനിയായി വികസിപ്പിച്ചപ്പോൾ അതിന് പുതിയ പേര് നൽകേണ്ടി വന്നു. നാല് പേരുകളാണ് മുന്നിലുണ്ടായിരുന്നത്. ഇന്ത്യൻ എയർലൈൻസ്, പാൻ-ഇന്ത്യൻ എയർലൈൻസ്, ട്രാൻസ്-ഇന്ത്യൻ എയർലൈൻസ്, എയർ ഇന്ത്യ' -ട്വീറ്റിൽ പറയുന്നു.
പേര് തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത് കമ്പനി ജീവനക്കാരാണ്. ഇത് രേഖപ്പെടുത്തിയ 1946ലെ ടാറ്റയുടെ പ്രതിമാസ ബുള്ളറ്റിനും ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
'ടാറ്റാ ഓർഗനൈസേഷന്‍റെ മേധാവികൾ ജനാധിപത്യപരമായി പേര് തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. ഇതിനായി ജീവനക്കാർക്ക് വോട്ടിംഗ് പേപ്പറുകൾ വിതരണം ചെയ്തു. ഓരോരുത്തരോടും അവരുടെ ഒന്നും രണ്ടും മുൻഗണനകൾ രേഖപ്പെടുത്താൻ അഭ്യർത്ഥിച്ചു. ആദ്യ കണക്കെടുപ്പിൽ എയർ ഇന്ത്യക്ക് 64, ഇന്ത്യൻ എയർ ലൈൻസിന് 51, ട്രാൻസ്-ഇന്ത്യൻ എയർ ലൈൻസിന് 28, പാൻ-ഇന്ത്യൻ എയർലൈൻസിന് 19 എന്നിങ്ങനെയാണ് ലഭിച്ചത്.
വോട്ട് കുറവുള്ള പേരുകൾ ഒഴിവാക്കി രണ്ടാമതും വോട്ടിനിട്ടു. എയർ ഇന്ത്യക്ക് 72ഉം ഇന്ത്യൻ എയർ ലൈൻസിന് 58ഉം വോട്ട് ലഭിച്ചു. അങ്ങനെ പുതിയ കമ്പനിയുടെ പേര് എയർ ഇന്ത്യ എന്നായി' -ബുള്ളറ്റിനിൽ പറയുന്നു. ടാറ്റയുടെ കൈവശമുണ്ടായിരുന്നു എയർ ഇന്ത്യ പിന്നീട് കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയായിരുന്നു.
2022 ജനുവരി 27നാണ് എയർ ഇന്ത്യയെയും അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ എക്സ്പ്രസിനെയും പൂർണമായും സംയുക്ത സംരംഭമായ എ.ഐ.എസ്.എ.ടി.എസിന്‍റെ 50 ശതമാനം ഓഹരിയും ടാറ്റ ഏറ്റെടുക്കുന്നത്. 18,000 കോടി രൂപക്കാണ് ടാറ്റയെ കേന്ദ്ര സർക്കാർ വിറ്റത്. 2,700 കോടി രൂപയാണ് പണമായി നൽകിയത്. ബാക്കി 15,300 കോടി രൂപ എയർ ഇന്ത്യയുടെ ബാധ്യത തീർക്കാനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.