Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightശൈത്യം വരവായി;...

ശൈത്യം വരവായി; വിരുന്നൊരുക്കി അബൂദബി

text_fields
bookmark_border
ശൈത്യം വരവായി; വിരുന്നൊരുക്കി അബൂദബി
cancel

അബൂദബി നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും മറക്കാനാവാത്ത ശീതകാല അനുഭവം സമ്മാനിക്കാൻ ഒരുങ്ങി അബൂദബി. സംഗീതനിശകളും സാംസ്‌കാരിക പരിപാടികളും കലാ-കായിക വിനോദങ്ങളും അടക്കം നിരവധി ഒരുക്കങ്ങളാണ് അബൂദബി സാംസ്‌കാരിക, ടൂറിസം വകുപ്പ് ഇതിനായി പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നത്.180 ദിവസം നില്‍ക്കുന്ന ശീതകാലത്ത് നടത്തുന്ന പരിപാടികളെക്കുറിച്ച് ടി.വി ടോക്ക് ഷോ മാതൃകയിലായിരുന്നു അധികൃതര്‍ പ്രഖ്യാപിച്ചത്.

സ്റ്റിങ്, ആന്‍ഡ്രിയ ബൊസല്ലി, എ.ആര്‍ റഹ്‌മാന്‍ എന്നിവര്‍ നയിക്കുന്ന ലൈവ് കോണ്‍സര്‍ട്ടുകള്‍, എൻ.ബി.എ. അബൂദബി ഗെയിംസ്, അബൂദബി ഷോഡൗണ്‍ വീക്ക്, ഒലിവീരയും മഖചേവും തമ്മിലുള്ള യു.എഫ്‌.സി 280 പോരാട്ടം, ഡിസ്‌നിയുടെ ദ ലയണ്‍ കിങ്, ഐ.ഐ.എഫ്.എ അവാര്‍ഡ്‌സ് അബൂദബി 2023, ദ വയര്‍ലെസ് ഫെസ്റ്റിവല്‍ തുടങ്ങിയവ അബൂദബിയെ സജീവമാക്കുന്നു.

രാജ്യം തണുപ്പിലേക്ക് നീങ്ങിത്തുടങ്ങിയതിന്‍റെ ആവേശക്കാഴ്ചകളാണെങ്ങും. രാത്രികളിൽ പാർക്കുകളിൽ കുടുംബങ്ങളുടെയും കുട്ടികളുടെയും നിറ സാന്നിധ്യമാണ്. മരുഭൂമിയിലെ വിവിധയിടങ്ങളില്‍ ടെന്‍റുകള്‍ കെട്ടിയും മറ്റും വാരാന്ത്യ അവധി ആഘോഷമാക്കുകയും ചെയ്യുന്നു. വരും നാളുകളില്‍ അതിശൈത്യത്തിലേക്ക് രാജ്യം കടക്കുന്നതോടെ രാത്രികളെ പകലുകളാക്കും അബൂദബി. അതിന് ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ് അധികൃതർ. അതേസമയം, മതിയായ മുന്‍കരുതലുകള്‍ ഇല്ലാതെയാണ് മരുഭൂമിയിലേക്കും വിദൂരങ്ങളിലേക്കുമുള്ള യാത്രകളും ഔട്ട്‌ഡോര്‍ ആക്ടിവിറ്റികളുമെങ്കില്‍ അപകടങ്ങളുണ്ടാവാനുള്ള സാധ്യതയേറെയാണ്. ഇത്തരം അപായങ്ങള്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി പൊലീസ് സംവിധാനങ്ങള്‍ ക്യാമ്പയിനുകളുമായി സജീവമാണ്.

അബൂദബി വേദിയാവുന്ന ആഗോള കായിക മല്‍സരങ്ങളും പ്രശസ്തര്‍ അണിനിരക്കുന്ന സംഗീതനിശകളും ലോകത്തുടനീളമുള്ള ആരാധകരെയും കുടുംബങ്ങളെയും എമിറേറ്റിലേക്ക് ആകര്‍ഷിക്കുമെന്ന് അബൂദബി സാംസ്‌കാരിക, ടൂറിസം വകുപ്പ് ഡയറക്ടര്‍ ജനറല്‍ സാലിഹ് മുഹമ്മദ് അല്‍ ഗസിരി പറഞ്ഞു. യാസ് ഐലന്‍ഡിലും എമിറേറ്റിലെ മറ്റ് കേന്ദ്രങ്ങളിലുമായാണ് ലോകോത്തര നിലവാരമുള്ള പരിപാടികള്‍ അരങ്ങേറുന്നതെന്ന് പറഞ്ഞ മിറാല്‍ സി.ഇ.ഒ മുഹമ്മദ് അബ്ദല്ല അല്‍ സഅബി, ഏതുപ്രായക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ആസ്വദിക്കാന്‍ കഴിയുന്നതാവും ഇവയെന്നും കൂട്ടിച്ചേര്‍ത്തു.

വിനോദങ്ങൾ അപകടരഹിതമാക്കാൻ കർശന നിർദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്‍ഡോറുകളില്‍ പോലും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുന്നണമെന്ന കര്‍ശന നിര്‍ദേശമാണുള്ളത്. മാതാപിതാക്കളുടെ അശ്രദ്ധയെ തുടര്‍ന്ന് കുട്ടികള്‍ വിവിധ കാരണങ്ങളാൽ അപടത്തിൽപ്പെടുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. കാലാവസ്ഥാ മാറ്റം പരിഗണിച്ച് മാത്രം സുരക്ഷിതമായി ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കണം. വിനോദത്തിനു വേണ്ടി മോട്ടോര്‍ സൈക്കിളുകളും ക്വാഡ് ബൈക്കുകളും ആളുകള്‍ ഉപയോഗിക്കുന്നതു വര്‍ധിച്ചുവരുന്നുണ്ട്.

മറ്റുള്ളവര്‍ക്കു കൂടി അപകടം വരുത്തിവയ്ക്കുന്ന രീതിയില്‍ ഇത്തരം വാഹനങ്ങള്‍ ഓടിക്കരുതെന്നും പൊലീസ് വ്യക്തമാക്കുന്നു. നിര്‍ദിഷ്ട പാതയിലൂടെ മാത്രമേ സൈക്കിള്‍ സവാരി നടത്താവൂ. റോഡുകളില്‍ സൈക്കിളോടിക്കുമ്പോള്‍ വിപരീത ദിശയില്‍ സഞ്ചരിക്കരുതെന്നും പാര്‍ക്കുകളില്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ സൈക്കിളോടിക്കരുതെന്നും നിര്‍ദേശമുണ്ട്. കെട്ടിടങ്ങള്‍ക്കുള്ളില്‍ ചൂടു പകരുന്നതിന് കരിയും വിറകും ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന പുകയും മറ്റും രാത്രികാലങ്ങളില്‍ ശ്വാസംമുട്ടലിന് കാരണമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiWinter
News Summary - Winter has come; Abu Dhabi prepared a feast
Next Story