ശൈത്യകാലം വരുന്നു; പ്രതീക്ഷയോടെ വിനോദസഞ്ചാര മേഖല
text_fieldsമസ്കത്ത്: അഞ്ചു മാസത്തിലധികമായി അനുഭവപ്പെടുന്ന ചൂടുകാലത്തിനു ശേഷം ഒമാൻ തണുപ്പിലേക്ക് നീങ്ങുന്നു.
വിനോദസഞ്ചാര മേഖലയും പുത്തൻ ഉണർവ് പ്രതീക്ഷിച്ചുകഴിയുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ എടുത്തുമാറ്റിയതിനാൽ കൂടുതൽ വിനോദസഞ്ചാരികളും കപ്പലുകളും ഒമാനിലെത്തുമെന്ന പ്രതീക്ഷയിൽ ഒരുക്കങ്ങളുമായി കാത്തിരിക്കുകയാണ് വ്യാപാരികൾ.
വിനോദ സീസൺ ആരംഭിച്ചതോടെ നഗരങ്ങളിലും തിരക്ക് തുടങ്ങിക്കഴിഞ്ഞു. കാലാവസ്ഥ തണുക്കുന്നതോടെ ദേശാടനപ്പക്ഷികളും വന്നുതുടങ്ങും. വിമാനമാർഗവും വിനോദസഞ്ചാരികൾ എത്തും.
നവംബറിൽ ഖത്തറിൽ ലോക കപ്പിൽ പങ്കെടുക്കുന്നവർക്ക് ഒമാനിൽ വിസയിളവ് പ്രഖ്യാപിച്ചതും വിനോദസഞ്ചാര മേഖലക്ക് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. ഇതോടെ ഹോട്ടൽ മേഖലയിലും തിരക്ക് വർധിക്കും. ഈ സീസണിലെ ആദ്യ ക്രൂസ് കപ്പൽ ഒക്ടോബൻ 28ന് മത്ര തുറമുഖത്തെത്തും. മേൻചിഫ് ആണ് ആദ്യമായി മത്രയിലെത്തുന്ന ക്രൂസ് കപ്പൽ. 2600 വിനോദ സഞ്ചാരികളാണ് ഈ കപ്പലിലുണ്ടാവുക. നവംബറിൽ മാത്രം 18 വിനോദസഞ്ചാര കപ്പലുകളാണ് ഒമാൻ തീരത്തെത്തുന്നത്. ഈ സീസണിലെ അവസാന കപ്പൽ അടുത്ത വർഷം ജൂൺ 24നാണ് എത്തുക. കോറൽ പ്രിൻസാണ് അവസാന കപ്പൽ.കൂടുതൽ കപ്പലുകളും ടൂറിസ്റ്റുകളും എത്തുന്നതോടെ നവംബറിൽ സഞ്ചാരികളുടെ തിരക്കേറും. ഒമാൻ ദേശീയ ദിന പരിപാടികളും വിനോദ സഞ്ചാരികൾ വർധിക്കാൻ കാരണമാവും. നവംബർ ഒമാനിൽ ആഘോഷ മാസമായിരിക്കും.
ഒമാൻ ദേശീയ ദിനാഘോഷത്തോടൊപ്പം ഖത്തർ ലോകകപ്പ് കാണാനെത്തുന്നവരുടെ ഒമാൻ സന്ദർശനവും ക്രൂയിസ് കപ്പലുകളിലെത്തുന്ന ആയിരക്കണക്കിന് വിനോദ സഞ്ചാരികളും ഒമാനിൽ ആഘോഷപ്പൊലിമ വർധിപ്പിക്കാൻ സഹായിക്കും. രാജ്യത്ത്
കാലാവസ്ഥ തണുത്തുവരുകയാണ്.
പകൽ ചൂടുണ്ടെങ്കിലും രാത്രിയിൽ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടാൻ തുടങ്ങിയിട്ടുണ്ട്. മസ്കത്തിൽ അടുത്ത വ്യാഴാഴ്ചവരെ 26 ഡിഗ്രിക്കും 33 ഡിഗ്രിക്കും ഇടയിലുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുക. വരും ദിവസങ്ങളിൽ താപനില ഇനിയും കുറയാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.