കൂടുതൽ ആകർഷകമാകാൻ യാംബു കടൽത്തീര ഉദ്യാനം
text_fieldsയാംബു: സൗദിയിലെ രണ്ടാമത്തെ വലിയ തുറമുഖ, വ്യവസായനഗരമായ യാംബുവിലെ കടൽത്തീര ഉദ്യാനത്തിലേക്ക് സന്ദർശകരെ ആകർഷിക്കാനുള്ള വിവിധ പദ്ധതികൾ പൂർത്തിയാകുന്നു. റോയൽ കമീഷൻ അതോറിറ്റിയാണ് വികസന പദ്ധതികളുടെ ചുക്കാൻ പിടിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ മനുഷ്യനിർമിത ‘വാട്ടർ ഫ്രൻറ് പാർക്കാ’ണ് ഇത്. ഇവിടെ ആദ്യകാലത്ത് സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിയത് ചൈനയിൽനിന്നുള്ള വിദഗ്ധ തൊഴിലാളികളായിരുന്നതിനാൽ പ്രവാസികൾ ‘ചൈനാ പാർക്ക്’ എന്നും വിളിക്കാറുണ്ട്. ചെങ്കടലോരം ചേർന്നുള്ള ഉദ്യാനത്തിെൻറ ചില ഭാഗങ്ങളിൽ കടലിൽ നീന്താൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
വിശ്രമ കൂടാരങ്ങൾ, കളിസ്ഥലങ്ങൾ, കുട്ടികൾക്കായി വൈവിധ്യങ്ങളായ ഉല്ലാസ സംവിധാനങ്ങൾ, വിശാലമായ വാഹന പാർക്കിങ് തുടങ്ങിയ സൗകര്യങ്ങൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
ഭിന്നശേഷിക്കാർക്കും പ്രായമുള്ളവർക്കും പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി സാംറഫ് എന്ന കമ്പനിയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ ഔപചാരികമായ ഉദ്ഘാടനം ഏതാനും ദിവസം മുമ്പ് ജുബൈൽ-യാംബു റോയൽ കമീഷൻ പ്രസിഡൻറ് എൻജി. ഖാലിദ് അൽ സാലിം നിർവഹിച്ചു. ഇത്തരം സന്ദർശകർക്കുള്ള പ്രത്യേക ഇരിപ്പിടവും സഞ്ചാര പാതയും വാഹന പാർക്കിങ് ഇടവുമാണ് ഈ പദ്ധതികളിൽ ഉൾപ്പെടുന്നത്.
കടലോര പ്രദേശത്ത് 50 ചതുരശ്രമീറ്റർ വിസ്തീർണമുള്ള വിശ്രമ കൂടാരവും പ്രത്യേകമായ നടപ്പാതയും പൂർത്തിയാക്കും. യാംബു-ജിദ്ദ ഹൈവേയിൽനിന്ന് തിരിയുന്ന കിങ് ഫൈസൽ റോഡിെൻറ ഓരത്ത് റോയൽ കമീഷൻ നിർമിച്ച അമീർ അബ്ദുല്ല ബിൻ ധുൻയാൻ സ്പോർട്ട് പാർക്കിൽ 65 മീറ്റർ നീളത്തിൽ ആരോഗ്യ നടപ്പാതയും പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു.
അമീർ അബ്ദുല്ല ബിൻ ധുൻയാൻ സ്പോർട്ട് പാർക്ക് സന്ദർശകരുടെയും കായികപ്രേമികളുടെയും ഇഷ്ട സങ്കേതമാണ്. മൂന്നു ലക്ഷം ചതുരശ്ര മീറ്ററിൽ വിശാലമായി ഒരുക്കിയ കായികോദ്യാനത്തിൽ 6000 ത്തോളം ഈത്തപ്പനകളും മറ്റ് തണൽ മരങ്ങളും വെച്ചുപിടിപ്പിച്ച് ഹരിതാഭമാക്കിയിട്ടുണ്ട്. 2500 മീറ്ററിൽ സിന്തറ്റിക്ക് ട്രാക്കോടുകൂടിയ നടപ്പാതയും സൈക്കിൾ സവാരിക്കായി പ്രത്യേക റോഡും ഈ പാർക്കിലെ പ്രധാന ആകർഷണമാണ്.
സായാഹ്ന നടത്തത്തിനായി കുടുംബത്തോടൊപ്പം എത്തുന്നവർക്ക് ഏറെ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കായി ചെറിയ പാർക്കുകളും വിശ്രമിക്കാനുള്ള ഇടങ്ങളും കളിസ്ഥലങ്ങളും നമസ്കാര സ്ഥലവും കുടിവെള്ളവും ശുചീകരണ സൗകര്യങ്ങളും ഈ സ്പോർട്ട് പാർക്കിലുണ്ട്. പ്രകൃതിക്കിണങ്ങുംവിധമാണ് പാർക്ക് രൂപകൽപന ചെയ്തിട്ടുള്ളത്. വലിയ മരങ്ങളും കുറ്റിച്ചെടികളും പൂക്കളുമായി ഉദ്യാനം ഏറെ മനോഹരമാണ്. യാംബുവിലെത്തുന്ന സഞ്ചാരികൾക്ക് പാർക്ക് ഏറെ ഹൃദ്യമായ കാഴ്ചയൊരുക്കുന്നു. അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന വൻകിട പെട്രോളിയം കമ്പനികൾ ഉൾപ്പെടെ മുന്നൂറോളം ഫാക്ടറികളാണ് യാംബു റോയൽ കമീഷൻ വ്യവസായ നഗരിയിലുള്ളത്.
ഇതിലെ തൊഴിലാളികൾക്കാവശ്യമായ താമസ സൗകര്യങ്ങളും വാണിജ്യ സ്ഥാപനങ്ങളും വിവിധ കമ്പനികളുടെ കോർപറേറ്റ് ഓഫിസുകളും ആരോഗ്യ- വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി വ്യത്യസ്ത മേഖലകളെ ബന്ധിപ്പിക്കുന്ന ബൃഹത് സംവിധാനമാണ് റോയൽ കമീഷൻ ഒരുക്കിയിട്ടുള്ളത്. ജനങ്ങളുടെ മാനസിക ഉല്ലാസത്തിനും ആരോഗ്യ സംരക്ഷണത്തിനാവശ്യവുമായ ബഹുമുഖ പദ്ധതികൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. നാട്ടിലെ കായലോരങ്ങളെ ഓർക്കുമാറ് നിരന്നുനിൽക്കുന്ന തെങ്ങുകളും വിവിധ തരം പനകളും അലങ്കാര ചെടികളുമായി തെരുവോരങ്ങൾ നിത്യഹരിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.