വാൽപാറ - അതിരപ്പിള്ളി റൂട്ടിലൂടെ വീണ്ടും യാത്ര പോകാം; മലക്കപ്പാറ ചെക്ക് പോസ്റ്റ് തുറന്നു
text_fieldsചാലക്കുടി (തൃശൂർ): മലക്കപ്പാറ ചെക്ക് പോസ്റ്റ് യാത്രക്കാർക്കായി തുറന്ന് അധികൃതർ. കോവിഡ് മഹാമാരിയെ തുടർന്ന് അടച്ചിട്ട ചാലക്കുടി - ആനമല റോഡിലെ മലക്കപ്പാറ ചെക്ക് പോസ്റ്റ് പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടർന്ന് തുറന്നു കൊടുത്തിരുന്നു. എന്നാൽ, വീണ്ടും അടച്ചിടുകയാണുണ്ടായത്. അതേസമയം ഡിസംബർ 11 മുതൽ അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മലക്കപ്പാറ ചെക്പോസ്റ്റ് തുറക്കാത്തതിനാൽ മേഖലയിൽ വിനോദ സഞ്ചാരികളടക്കമുള്ളവർക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു.
ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ബി.ഡി. ദേവസ്സി എം.എൽ.എ ജില്ല വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ജില്ല കലക്ടർ അടിയന്തിരമായി വിഷയത്തിൽ ഇടപെടുകയും ചെക്ക്പോസ്റ്റ് തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തു. ശനിയാഴ്ച തന്നെ ഇതുവഴി സഞ്ചാരികൾ കടന്നുപോയി..
അന്തർ സംസ്ഥാന ടൂറിസം പാതയായ ചാലക്കുടി - ആനമല റോഡിലെ മലക്കപ്പാറ ചെക്ക്പോസ്റ്റ് അടച്ചുള്ള ഗതാഗത നിയന്ത്രണം ആദിവാസികൾക്കും തോട്ടം തൊഴിലാളികളും ഉൾപ്പടെയുള്ള തദ്ദേശീയർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്. പാത തുറന്നത് അതിരപ്പിള്ളി ടൂറിസം മേഖലക്കും ഉണർവാകും.
കൂടാതെ വാൽപാറ ഭാഗത്തേക്ക് പോകുന്നവർക്കും യാത്ര സാധ്യമാകും. തമിഴ്നാട് സർക്കാറിന്‍റെ https://eregister.tnega.org/#/user/pass എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് അതിർത്തിയിൽനിന്ന് യാത്ര തുടരാം. തമിഴ്നാട് അതിർത്തിയിൽ മറ്റു കാര്യമായ നിയന്ത്രണങ്ങളില്ല. അതേസമയം, രാത്രി ആറിന് ശേഷം മലക്കപ്പാറ, വാഴച്ചാൽ ചെക്ക് പോസ്റ്റുകൾ വഴി യാത്ര സാധ്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.