ഇന്ത്യയെ കണ്ടെത്താൻ യുവദമ്പതികളുടെ ഭാരതപര്യടനം
text_fieldsമൂന്നാർ: മൂന്നുദിവസത്തെ യാത്രക്കായി വീട്ടിൽനിന്ന് പുറപ്പെട്ട യുവദമ്പതികൾ 18സംസ്ഥാനങ്ങൾ ചുറ്റി നാട്ടിൽ മടങ്ങിയെത്തിയപ്പോൾ നാട്ടുകാർക്ക് അമ്പരപ്പും കൗതുകവും. മൂന്നാർ സ്വദേശികളായ മാത്യു ബെന്നിയും (29) ഭാര്യ സോനയുമാണ് (25) ഒരു തയാറെടുപ്പും ഇല്ലാതെ 43 ദിവസത്തെ ഭാരതപര്യടനം നടത്തി തിരിച്ചെത്തിയത്.
മൂന്ന് ദിവസത്തെ യാത്ര ലക്ഷ്യമിട്ട് ജൂലൈ 25നാണ് ഇരുവരും കാറിൽ വീട്ടിൽനിന്ന് പുറപ്പെട്ടത്. എവിടെയെല്ലാം പോകണം, എന്തെല്ലാം കാണണം എന്നൊന്നും കൃത്യമായി തീരുമാനിച്ചിരുന്നില്ല.
എന്നാൽ, യാത്ര ആരംഭിച്ചതോടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ വ്യത്യസ്തമായ ഭാഷ, സംസ്കാരം തുടങ്ങിയവയൊക്കെ അടുത്തറിയാന്‍ ആഗ്രഹം തോന്നി. 43 ദിവസം കൊണ്ട് 18 സംസ്ഥാനങ്ങളിലായി 11,000 കിലോമീറ്റർ ചുറ്റി സഞ്ചരിച്ചാണ് മാത്യൂസ് ബെന്നിയും സോനയും നാട്ടിൽ തിരിച്ചെത്തിയത്.
തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന, ദില്ലി, ഉത്തർപ്രദേശ്, പഞ്ചാബ്, ജമ്മുകശ്മീർ, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, ആന്ധ്ര, തെലങ്കാന തുടങ്ങിയിടങ്ങളെല്ലാം കണ്ടറിഞ്ഞതിെൻറ സന്തോഷത്തിലാണിവർ. 18 സംസ്ഥാനങ്ങള്‍ താണ്ടി ഇന്ത്യാ-പാക് അതിര്‍ത്തി ഗ്രാമമായ തൂർത്തുക്ക് വരെ യാത്ര ചെയ്തു.
സഞ്ചാരം നീണ്ടതോടെ കാഴ്ചകള്‍ ആസ്വദിക്കുന്നതിനൊപ്പം കേട്ടറിഞ്ഞ വൈവിധ്യങ്ങളുടെ ഇന്ത്യയെ അടുത്തറിയുകയെന്നതും ലക്ഷ്യമായി. പാചകവും ഊണും ഉറക്കവുമെല്ലാം സ്വന്തം വാഹനത്തില്‍ തന്നെയായിരുന്നെന്ന് ദമ്പതികള്‍ പറഞ്ഞു.
യാത്രക്കിടെ ദിവസത്തില്‍ ഒരു മണിക്കൂർ വാഹനം നിര്‍ത്തിയിട്ട് പാചകത്തിനായി ചെലവഴിക്കുകയായിരുന്നു പതിവ്. ഇരുവരും മാറിമാറി വാഹനം ഒാടിച്ചു. യാത്രക്കിടെ സ്വാതന്ത്ര്യ ദിനത്തില്‍ കാര്‍ഗില്‍ ദിനാഘോഷ ചടങ്ങിലും പങ്കെടുക്കാനായി. വാഹനം എത്തുന്ന ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ, ലഡാകിലെ ലേ ജില്ലയിലുള്ള ഖർദൂങ് ലാ വ്യൂ പോയൻറിലേക്കും അടുത്തിടെ തുറന്ന ഹിമാചലിലെ അടല്‍ തുരങ്കത്തിലൂടെയുമുള്ള യാത്രകൾ മാറക്കാനാവാത്ത അനുഭവമായിരുന്നെന്ന് ഇരുവരും പറയുന്നു. മൂന്നുവർഷം മുമ്പായിരുന്നു മൂന്നാർ സ്വദേശിയായ മാത്യൂസും കോതമംഗലം കോട്ടപ്പടി സ്വദേശിനിയായ സോനയും തമ്മിലുള്ള വിവാഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.