കൊടികുത്തിമലയുടെ മൊഞ്ചുകൂടും
text_fieldsപെരിന്തൽമണ്ണ: കൊടികുത്തിമലയിൽ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരത്തിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മുഖേന ലഭ്യമായ 60 ലക്ഷമടക്കം ഉൾപെടുത്തി ഒരു കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കും. സംരക്ഷിത വനമേഖലക്ക് പ്രത്യേക കവാടം, വനത്തിനകത്ത് ടെന്റുകൾ, സഞ്ചാരികൾക്കായി ആംഫി തിയറ്റർ എന്നിവ ഒരുക്കും. കൂടാതെ സഞ്ചാരികളുമായി ഇലക്ട്രിക് മോട്ടോർ വാഹനങ്ങൾക്ക് പോകാൻ കഴിയുന്ന റോഡുകളും ഉൾപ്പെടുന്നതാണ് വനം വകുപ്പ് തയാറാക്കിയ ഒരു കോടി രൂപയുടെ പദ്ധതി.
ഇവ യാഥാർഥ്യമാവാൻ 40 ലക്ഷം രൂപ കൂടി വേണം. റോഡ് നിർമാണങ്ങൾക്കടക്കം എം.എൽ.എ ഫണ്ട് വിനിയോഗിക്കാനും ബുധനാഴ്ച കൊടികുത്തിമലയിൽ നജീബ് കാന്തപുരം എം.എൽ.എയും വനം ഉദ്യോഗസ്ഥരും പങ്കെടുത്ത സന്ദർശനത്തിൽ ധാരണയായി. 25 ലക്ഷം എം.എൽ.എ ഫണ്ട് നീക്കിവെക്കും. വനസംരക്ഷണ സമിതി വഴിയും ഫണ്ട് ലഭ്യമാക്കും.
നിലവിൽ മലപ്പുറം, പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നിത്യേന സന്ദർശകരെത്തുന്നുണ്ട്. ഇക്കോ ടൂറിസം പട്ടികയിലാണ് കൊടികുത്തിമല. സന്ദർശകർക്ക് എത്തിച്ചേരാനും കാഴ്ചകൾ കാണാനും ഇവിടെ വേണ്ടത്ര സൗകര്യങ്ങളില്ല. വനം കവാടം വരെ എത്താൻ പോലും സൗകര്യപ്രദമായ വഴിയില്ല. പലപ്പോഴും ഇവിടേക്കുള്ള യാത്ര അപകടം നിറഞ്ഞതാണ്. കൊടികുത്തി മലക്ക് മുകളിൽ ഗേറ്റ് സ്ഥാപിച്ച് സന്ദർശകർക്ക് സൗകര്യങ്ങൾ ഒരുക്കലാണ് വനംവകുപ്പ് തയാറാക്കിയ പദ്ധതി.
ഇക്കാര്യങ്ങളുടെ സാധ്യത പരിശോധിക്കാൻ കൂടിയാണ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ പ്രവീണിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദർശിച്ചത്.നജീബ് കാന്തപുരം എം.എൽ.എ, പെരിന്തൽമണ്ണ ബ്ലോക്ക് പ്രസിഡന്റ് എ.കെ. മുസ്തഫ, താഴെക്കോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എ.കെ. നാസർ, വനസംരക്ഷണ സമിതി പ്രതിനിധി ഹുസൈൻ കാളിപ്പാടൻ തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്. നിലവിൽ സന്ദർശകർക്കായി റസ്റ്റ് ഹൗസ്, കോഫി ഹൗസ്, റസ്റ്റാറന്റ് എന്നിവയുടെ നിർമാണം പുരോഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.