മനം കവർന്ന് കവര്‍; കുമ്പളങ്ങി നിറഞ്ഞ് ജനം
text_fieldsപള്ളുരുത്തി: കുമ്പളങ്ങിയിലെ ജലാശയങ്ങളിലെ നീല വിസ്മയമായ കവര്‍ കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സഞ്ചാരികളുടെ തിരക്ക്. രണ്ടാഴ്ചയായി കുമ്പളങ്ങിയിലെ കായലിലും മത്സ്യക്കെട്ട് അടക്കമുള്ള ജലാശയങ്ങളിലും നീല വർണം വിതറി കവര്‍ നിറഞ്ഞു നിൽക്കുകയാണ്. ഇരുട്ട് വീഴുന്നതോടെ വെള്ളത്തിലെ നീല വിസ്മയം ആസ്വദിക്കാൻ ആയിരങ്ങളാണ് എത്തുന്നത്.
വെള്ളത്തിൽ ഇളക്കം തട്ടുന്നതോടെ നീല പ്രകാശത്തോടു കൂടിയാണ് കവര്‍ തെളിയുന്നത്. ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസമാണ് നാട്ടിൻ പുറങ്ങളിൽ ‘കവര്‍’ എന്ന് അറിയപ്പെടുന്നത്. ബാക്ടീരിയ, ആല്‍ഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ബയോലൂമിനസെന്‍സ്. പ്രകാശത്തോടൊപ്പം ചൂട് പുറത്തുവിടാത്തതിനാൽ ഇതിനെ ‘തണുത്ത വെളിച്ചം’ എന്നും വിശേഷിപ്പിക്കാറുണ്ട്. വെള്ളത്തിൽ ഉപ്പിന്റെ അളവ് കൂടുന്തോറും ഇതിന്റെ പ്രകാശവും വർധിക്കും.
ശക്തിയേറിയ മഴ പെയ്താൽ കവര്‍ വെള്ളത്തിൽ നിന്ന് നശിക്കും.രാത്രി ആകുന്നതോടെ വെള്ളത്തിലിറങ്ങിയും കല്ലുകൾ എടുത്തെറിഞ്ഞും ഓളമുണ്ടാക്കി ദൃശ്യ മനോഹാരിത ആസ്വദിക്കുകയാണ് സഞ്ചാരികൾ. ഹോം സ്റ്റേകൾ ഉടമകൾ അടക്കം ശല്യം സംബന്ധിച്ച പരാതികളും പൊലീസിന് നൽകിയിട്ടുണ്ട്. എന്നാൽ, സഞ്ചാരികളെ നിയന്ത്രിക്കാനാവാത്ത അവസ്ഥയിലാണ് പൊലീസ്. കെട്ടുകളിൽ കൂട്ടമായി സഞ്ചാരികൾ ഇറങ്ങുന്നത് മത്സ്യങ്ങളുടെ നശീകരണത്തിനും ഇടയാക്കുന്നതായി പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.