തേക്കടി യാത്രക്കിടെ വനം വകുപ്പ് വാഹനത്തിൽ പുക; പരിഭ്രാന്തരായി സഞ്ചാരികൾ
text_fieldsകുമളി: വിനോദസഞ്ചാരികളുമായി തേക്കടി ബോട്ട് ലാൻഡിങ്ങിലേക്ക് പോവുകയായിരുന്ന വനം വകുപ്പ് വാഹനത്തിൽനിന്ന് പുക ഉയർന്നത് സഞ്ചാരികളെ പരിഭ്രാന്തരാക്കി. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തേക്കടി ആനവാചാലിലെ പാർക്കിങ്ങ് ഗ്രൗണ്ടിൽനിന്ന് ബോട്ട് ലാൻഡിങ്ങിലേക്ക് വിനോദസഞ്ചാരികളുമായി മിനി ബസ് പോകുന്നതിനിടെ കാടിനുള്ളിലെ ആനക്കൂട് ഭാഗത്തുവെച്ചാണ് വാഹനത്തിന്‍റെ മുന്നിൽനിന്ന് പുക ഉയർന്നത്.
ഇതോടെ വാഹനം നിർത്തി സഞ്ചാരികളെ മുഴുവൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിവരം അറിയിച്ചതനുസരിച്ച്, മോക്ഡ്രില്ലിന്‍റെ ഭാഗമായി സമീപത്തെ ചോറ്റുപാറയിലുണ്ടായിരുന്ന രണ്ട് ഫയർ എൻജിൻ തേക്കടിയിലേക്ക് പാഞ്ഞെത്തിയെങ്കിലും തീപിടിത്തം ഉണ്ടാകാതിരുന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. വാഹനത്തിലെ ഷോട്ട്സർക്യൂട്ടാണ് പുക ഉയരാനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
വിനോദസഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്ന ഘട്ടത്തിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിലുണ്ടായ പുക, അധികൃതരെയും ആശങ്കയിലാക്കി. തകരാറിലായ വാഹനം മാറ്റിയ ശേഷം മറ്റ് വാഹനങ്ങൾ മുഴുവൻ ഉപയോഗിച്ചാണ് വ്യാഴാഴ്ച സഞ്ചാരികളെ ബോട്ട് ലാൻഡിങ്ങിലെത്തിച്ച് തിരികെ കൊണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.